എസ് എസ് എഫ് പ്രഫ് സമ്മിറ്റ് ’19 ലോഗോ പ്രകാശനം ചെയ്തു

Posted on: November 28, 2018 7:19 pm | Last updated: November 28, 2018 at 8:34 pm
SHARE

മഞ്ചേരി: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രഫ് സമ്മിറ്റ് 19 ന്റെ ലോഗോ പ്രകാശനം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ എസ് വൈഎസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നിര്‍വഹിച്ചു. പ്രഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനമായ പ്രഫ് സമ്മിറ്റിന്റെ പന്ത്രണ്ടാമത് എഡിഷനാണ് ഫെബ്രുവരി 8,9 ,10 തിയതികളില്‍ നീലഗിരിയില്‍ നടക്കുന്നത്.
പ്രൊഫഷണല്‍ വിദ്യാഭ്യാസം ധനസമ്പാദനത്തിലുള്ള മാര്‍ഗ്ഗമായി കാണുന്നതിന് പകരം സാമൂഹിക സേവനത്തിന് ലഭിച്ച അവസരമായി ഉപയോഗിക്കണമെന്ന് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു.

വിവിധ മെഡിക്കല്‍, എഞ്ചിനീയറിംഗ്, പ്രൊഫഷണല്‍ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രഫ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ‘സാമൂഹ്യ തിന്മകള്‍ക്കെതിരായ ബോധവത്കരണം നടത്തുവാനും അരാജകത്വം നടക്കുന്ന കാമ്പസ് പരിസരങ്ങളില്‍ നിന്ന് നീതിയും നൈതികതയും ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥിത്വത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ് എസ് എഫ് പ്രൊഫ് സമ്മിറ്റ് നടത്തി വരുന്നത്. മൂല്യബോധമുള്ള പ്രൊഫഷണലുകളുടെ കഠിനാധ്വാനമാണ് രാജ്യത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നത്. എന്നാല്‍ പ്രൊഫഷണല്‍ കോളജുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും നമുക്ക് ലഭ്യമാകുന്ന വാര്‍ത്തകള്‍ ശുഭകരമല്ല.

പ്രൊഫഷണല്‍ കാമ്പസുകളില്‍ പ്രൊഫ് സമ്മിറ്റിന്റെ മുന്നോടിയായി വ്യാപകമായി ധര്‍മ്മ പ്രചരണങ്ങള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ പഠന നൈപുണിയെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടികള്‍, വിവധ മത്സരങ്ങള്‍, ടേബിള്‍ ടോക്ക്, കൊളാഷ് പ്രദര്‍ശനം, കാമ്പസ് യാത്ര, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, സാന്ത്വന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും.

ലോഗോ പ്രകാശന ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മുഹമ്മദ് ശരീഫ് നിസാമി അധ്യക്ഷത വഹിച്ചു. ഡോ. ശമീറലി, സഹീര്‍ ഓമശ്ശേരി, നാസര്‍ പാണ്ടിക്കാട്, യൂസുഫ് പെരിമ്പലം, ശബീറലി മഞ്ചേരി, അബൂബക്കര്‍ വെന്നിയൂര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here