Connect with us

Kerala

ഇ മൈഗ്രേറ്റ് പോര്‍ട്ടലിലെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു

Published

|

Last Updated

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലടക്കം പതിനെട്ട് രാജ്യങ്ങളില്‍ തൊഴിലിനു പോകുന്നവര്‍ വിമാനത്താവളത്തില്‍ എത്തുന്നതിനു 24 മണിക്കൂര്‍ മുമ്പ് ഇ മൈഗ്രേറ്റ് പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം വിദേശകാര്യ മന്ത്രാലയം പിന്‍വലിച്ചു. പതിനെട്ട് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരും നാട്ടിലെത്തി തിരിച്ചുപോകുന്നതിന് മുമ്പ് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് ഗള്‍ഫ് ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായി.

ജനുവരി ഒന്നിന് നിര്‍ദേശം പ്രാബല്യത്തില്‍ വരുമെന്നായിരുന്നു ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കു ലഭിച്ച അറിയിപ്പ്.
രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്. വിദേശത്തു നിന്ന് ഒരു ദിവസത്തേക്ക് നാട്ടിലെത്തി മടങ്ങേണ്ടി വരുമ്പോള്‍ രജിസ്‌ട്രേഷന്‍ എങ്ങനെ സാധ്യമാകുമെന്ന ചോദ്യം ഉയര്‍ന്നു. മാത്രമല്ല, ഏതെങ്കിലും കാരണത്താല്‍ രജിസ്‌ട്രേഷന്‍ സാധ്യമാകാത്ത ആളെ വിമാനം കയറ്റില്ലെന്ന ഉത്തരവ് യുക്തിരഹിതമാണെന്നും വിലയിരുത്തപ്പെട്ടു.

വിമാനത്താവളത്തിലെ എമിഗ്രേഷന്‍ സൗകര്യത്തെ ഇ മൈഗ്രേറ്റുമായി ബന്ധിപ്പിച്ച് രജിസ്ട്രേഷന്‍ സാധ്യമാക്കുമെന്നാണ് കരുതുന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ട് 2015ലാണ് ഇ മൈഗ്രേറ്റ് പോര്‍ട്ടല്‍ തുടങ്ങിയത്.