കീഴാറ്റൂരില്‍ പൊളിയുന്നത് ബി ജെ പിയുടെ രാഷ്ട്രീയക്കളി

Posted on: November 28, 2018 4:07 pm | Last updated: November 28, 2018 at 4:07 pm
കീഴാറ്റൂരില്‍ ബി ജെ പി നടത്തിയ കര്‍ഷക രക്ഷാ മാര്‍ച്ച് വേദിയില്‍ ബി ജെ പി നേതാക്കള്‍ക്കൊപ്പം വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും സമര നായിക നമ്പ്രാടത്ത് ജാനകിയും കൈകോര്‍ത്തപ്പോള്‍

കണ്ണൂര്‍: പഴയ അലൈന്‍മെന്റില്‍ തന്നെ തളിപ്പറമ്പ് കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് നിര്‍മിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ അന്തിമ വിജ്ഞാപനം ഇറങ്ങിയതോടെ പ്രതിരോധത്തിലായി ബി ജെ പി. പാര്‍ട്ടി കേരളത്തില്‍ നടത്തുന്ന ഇടപെടലുകളെല്ലാം വെറും രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ളതാണെന്ന തരത്തിലാണ് വിമര്‍ശം ഉയരുന്നത്. പ്രായോഗികമല്ലെന്ന് ദേശീയപാത അതോറിറ്റി പല തവണ പറഞ്ഞിട്ടും വയല്‍ക്കിളികളെ ഡല്‍ഹിയില്‍കൊണ്ടുപോയി എന്തിന് കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തി പൊള്ളയായ വാഗ്ദാനം നല്‍കിയെന്ന ചോദ്യത്തിന് മറുപടി നല്‍കാനാകാതെ പരുങ്ങുകയാണ് സംസ്ഥാന ബി ജെ പി നേതൃത്വം.

ബി ജെ പിയൊടൊപ്പം സമരത്തില്‍ പങ്കെടുത്ത വയല്‍ക്കിളികളും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം അവരെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു. തുടക്കം മുതല്‍ ബി ജെ പിയുടേത് രാഷ്ട്രീയക്കളിയാണെന്ന ആരോപണം ഉന്നയിച്ച സി പി എം വ്യാപക പ്രചാരണത്തിന് തുടക്കമിട്ട് കഴിഞ്ഞു. കീഴാറ്റൂരിലെ ബി ജെ പി നിലപാട് തുറന്ന്കാട്ടി ശബരിമല വിഷയത്തെയും സമീപിക്കാനാണ് സി പി എമ്മിന്റെ പുതിയ നീക്കം. സി പി എമ്മിന്റെ സ്വാധീന മേഖലയിലേക്ക് നുഴഞ്ഞ് കയറാനുള്ള കുറുക്കുവഴിയായാണ് ബി ജെ പി സമരത്തെ കണ്ടതെന്ന് ഇവര്‍ പറയുന്നു. കീഴാറ്റൂര്‍ പ്രദേശത്ത് കൂടെ ബൈപാസ് വരില്ലെന്ന് കുമ്മനം രാജശേഖരനും പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കള്‍ സമരക്കാരെ വിശ്വസിപ്പിച്ചു. കൃഷ്ണദാസ് കര്‍ഷകരക്ഷക്കെന്ന പേരില്‍ കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചതും പ്രധാനമന്ത്രിയെ വരെ ഇടപെടുവിപ്പിച്ച് അലൈന്‍മെന്റ് മാറ്റുമെന്ന് സുരേഷ് ഗോപി എം പി ഉറപ്പ് നല്‍കിയതുമെല്ലാം എന്തിനായിരുന്നെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

സി പി എം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തി വന്ന ഒരു പ്രാദേശിക സമരം സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള ആക്രമണമായി ബി ജെ പി വഴിതിരിച്ച് വിടുകയായിരുന്നു. തുടക്കത്തില്‍ സമരമുഖത്തുണ്ടായിരുന്ന പ്രവര്‍ത്തകരിലും അനുഭാവികളിലും വലിയ വിഭാഗം സി പി എം സമ്മര്‍ദത്തെ തുടര്‍ന്ന് പിന്തിരിഞ്ഞിരുന്നു. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂരും സംഘവും പാര്‍ട്ടി വിലക്ക് ലംഘിച്ച് മുന്നോട്ട് പോയതോടെ ഇവര്‍ക്ക് പിന്തുണയുമായി ബി ജെ പി രംഗത്തെത്തുകയായിരുന്നു.

വിജ്ഞാപനം മരവിപ്പിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബി ജെ പി സമരങ്ങള്‍ നടത്തിയത്. അലൈന്‍മെന്റ് നിശ്ചയിക്കുന്നത് ദേശീയപാത അതോറിറ്റിയും കേന്ദ്ര സര്‍ക്കാറുമാണെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരനും സി പി എം നേതൃത്വവും വ്യക്തമാക്കിയെങ്കിലും ഇതൊന്നും ഗൗനിക്കാതെയായിരുന്നു സമരം തുടങ്ങിയത്. 2017 സെപ്തംബര്‍ 10ന് കീഴാറ്റൂരില്‍ വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. പിന്നീടാണ് ബി ജെ പി സമരം ഹൈജാക്ക് ചെയ്തത്. ഉന്നതതലയോഗത്തില്‍ സമവായ സന്നദ്ധതയറിയിച്ച സുരഷേ് കീഴാറ്റൂര്‍ ബി ജെ പി പിന്തുണ വിശ്വസിച്ച് 24 മണിക്കൂറിനുള്ളില്‍ നിലപാട് മാറ്റി. കീഴാറ്റൂരിലൂടെ പാത വരില്ലെന്ന ബി ജെ പി നേതാക്കളുടെ ഉറപ്പ് വിശ്വസിച്ചായിരുന്നു ഈ മലക്കം മറിച്ചില്‍. കീഴാറ്റൂര്‍ ക്ഷേത്രവും ക്ഷേത്രക്കുളവും മണ്ണിനടിയിലാകുമെന്ന് പ്രചരിക്കപ്പെട്ടു. കേരളം കീഴാറ്റൂരിലേക്ക് എന്നുപറഞ്ഞ് വലിയ പ്രവര്‍ത്തക കേന്ദ്രീകരണം നടത്തി. വഴിമുട്ടിയ വയല്‍ക്കിളികള്‍ക്ക് വഴികാട്ടാന്‍ ബി ജെ പി എന്ന ക്യാമ്പയിന് തുടക്കമിട്ടു. കുമ്മനം രാജശേഖരന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരാതിയും നല്‍കി.

ഇതിനിടെ നിര്‍ദിഷ്ട പാതയുടെ 3ഡി നോട്ടിഫിക്കേഷന്‍ ഇറങ്ങി. ക്ഷേത്രത്തിനും ക്ഷേത്രക്കുളത്തിനും മാത്രമല്ല, ഇത് വഴി ഒഴുകുന്ന തോടിനുപോലും ഒരു കോട്ടവും സംഭവിക്കില്ലെന്നും ആറ് ഏക്കല്‍ ഭൂമി നെല്‍വയല്‍ മാത്രമാണ് നഷ്ടപ്പെടുന്നതെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഇതിനിടെ 60 ഭൂവുടമകളില്‍ ഭൂരിഭാഗം പേരും ഭൂമി ഏറ്റെടുക്കുന്നതിന് രേഖാമൂലം സമ്മതപത്രവും നല്‍കിയിരുന്നു. സമരം തുടര്‍ന്ന വയല്‍ക്കിളികളെ ഒടുവില്‍ സംസ്ഥാന ബി ജെ പി നേതൃത്വം ഡല്‍ഹിയിലെത്തിച്ച് കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തിച്ചു. വയല്‍ക്കിളികളുടെ ആശങ്ക പരിഹരിക്കുമെന്ന പ്രസ്താവനയും ഇറങ്ങി. പിന്നീട് 3 ഡി നോട്ടിഫിക്കേഷന്‍ കേന്ദ്രം മരവിപ്പിച്ചു. ആഴ്ചകള്‍ക്കകം തന്നെ ദേശീയ പാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടെന്ന പ്രചാരണമുണ്ടായി.

വയല്‍ക്കിളികളുടെ സമരപോരാട്ടത്തിന് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം എന്ന രീതിയിലാണ് ഇത് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റി അന്തിമ വിജ്ഞാപനം ഇറക്കിയതോടെ ബി ജെ പിയുടെ ഇടപെടലെല്ലാം രാഷ്ട്രീയ തട്ടിപ്പാണെന്ന ആരോപണത്തിലേക്കാണ് കാര്യങ്ങള്‍ പര്യവസനിച്ചത്.