പാക്കിസ്ഥാന്‍ തീവ്രവാദം പ്രവര്‍ത്തനം നിര്‍ത്താതെ ഉഭയകക്ഷി ചര്‍ച്ചക്കില്ല: സുഷമ സ്വരാജ്

Posted on: November 28, 2018 3:25 pm | Last updated: November 28, 2018 at 3:25 pm

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാന്‍ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കാതെ ഉഭയകക്ഷി ചര്‍ച്ചക്കില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ അവര്‍ വ്യക്തമാക്കി. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.

മന്ത്രിമാരായ ഹര്‍സിംറാത് കൗര്‍ ബാദലും ഹര്‍ദീപ് സിംഗ് പുരിയും ഇടനാഴിയുമായി ബന്ധപ്പെട്ട് കര്‍താര്‍പൂരില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ സുഷമ ഇങ്ങനെ പ്രതികരിച്ചു-‘കര്‍താര്‍പൂര്‍ ഇടനാഴിയും ഉഭയകക്ഷി ചര്‍ച്ചയും തമ്മില്‍ വ്യത്യാസമുണ്ട്. 20 വര്‍ഷത്തിനു ശേഷം ഇതാദ്യമായി ഇടനാഴി വിഷയത്തില്‍ പാക്കിസ്ഥാന്‍ ക്രിയാത്മകമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ടെങ്കിലും ഇതുകൊണ്ടു മാത്രം ചര്‍ച്ച തുടങ്ങുമെന്ന് കണക്കാക്കേണ്ടതില്ല. അതിനു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്‍ അവസാനിപ്പിക്കുക തന്നെ വേണം.’