ലോക സമാധാനത്തിനും സുരക്ഷക്കും യുഎഇയും ഇന്ത്യയും ഒറ്റക്കെട്ട്: യുഎഇ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍

Posted on: November 28, 2018 12:40 pm | Last updated: November 28, 2018 at 12:40 pm

അബൂദബി: സഹിഷ്ണുതയുള്ള സമൂഹമാണ് സാമ്പത്തികമായി മുന്നേറുകയെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ അഭിപ്രായപ്പെട്ടു. അബൂദബിയില്‍ നടന്ന ഇക്കണോമിക് ടൈംസിന്റെ ഇന്ത്യ യുഎഇ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെയും യുഎഇയുടെയും സഹിഷ്ണുതാപരമായ നിലപാടുകളാണ് ഇരു രാജ്യങ്ങളുടെയും സൗഹൃദത്തിന്റെ അടിസ്ഥാനം. സാമ്പത്തിക സഹിഷ്ണുതയെന്ന ആശയത്തെ പരിഗണിക്കേണ്ട സമയമാണിത്. സമാധാനത്തിനും സഹിഷ്ണുതക്കും ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന സുഹൃത് രാഷ്ട്രമെന്ന നിലക്ക് പൊതുതാത്പര്യമുള്ള പല കാര്യങ്ങളിലും ഇന്ത്യയും യുഎഇയും യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തം സംസ്‌കൃതിയോടുള്ള ബഹുമാനവും മറ്റുള്ള സംസ്‌കാരങ്ങളെയും ഭാഷയെയും മതങ്ങളെയും വിശ്വാസങ്ങളെയും അംഗീകരിക്കാനുള്ള മനസും ഇന്ത്യയുടേയും യുഎഇയുടെയും പൊതുസ്വഭാവമാണ്. ലോക സമാധാനത്തിനും സുരക്ഷക്കും സമ്പദ്‌സമൃദ്ധിക്കും സാമൂഹിക ഐക്യത്തിനും ഇരു രാജ്യങ്ങളും ഒറ്റക്കെട്ടാണ്. ലോകത്തിന്റെ ഓരോ കോണില്‍ നിന്നുമുള്ള ജനങ്ങള്‍ക്കും വീടാണ് യുഎഇ. അവര്‍ക്കെല്ലാം സ്വന്തം വിശ്വാസങ്ങളും താത്പര്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ സുരക്ഷിതവും സമാധാനപൂര്‍വ്വവും കഴിയാനുള്ള സംവിധാനം ഇവിടെയുണ്ട്. ‘പരസ്പരം അറിയുക’ എന്ന സഹിഷ്ണുതയുടെ ഏറ്റവും അടിസ്ഥാനപരമായ ആശയം യുഎഇ ജനതക്ക് പകര്‍ന്ന് നല്‍കിയത് രാഷ്ട്രപിതാവ് ശൈഖ് സായിദാണെന്നും ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് പറഞ്ഞു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ആ സൗഹൃദത്തെ പുത്തന്‍ വഴികളിലൂടെ കൂടുതല്‍ കരുത്തുറ്റതായി മാറ്റിയിരിക്കുകയാണ് ഇപ്പോഴെന്ന് യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു. വാണിജ്യ, വ്യവസായ, നിക്ഷേപ, നയതന്ത്ര രംഗങ്ങളിലെല്ലാം ഇരു രാജ്യങ്ങളും സൗഹൃദത്തിന്റെ പുത്തന്‍ തലങ്ങളിലെത്തിനില്‍ക്കുന്നു. യു.എ.ഇയില്‍ നിന്നുള്ള കൂടുതല്‍ നിക്ഷേപങ്ങള്‍ക്കായി ഇന്ത്യ ഒരുങ്ങിയതായും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ നിയമനം കുറ്റമറ്റതും കാര്യക്ഷമവുമാക്കാന്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ യുഎഇ ഗവണ്‍മെന്റുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള നാന്നൂറോളം വ്യവ്യസായികളും കോണ്‍ക്ലേവില്‍ പങ്കെടുത്തു.

ലുലു ഗ്രൂപ്പ് എം.ഡിയും ചെയര്‍മാനുമായ എം.എ.യൂസഫലി, എന്‍.എം.സി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ: ബി.ആര്‍.ഷെട്ടി, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ്, യു.എ.ഇ ഇന്റര്‍നാഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജമാല്‍ അല്‍ ജര്‍വാന്‍, യു.ഐ.ബി.സി ചെയര്‍മാന്‍ ശറഫുദ്ധീന്‍ ഷറഫ്, ജഷന്മാല്‍ ഗ്രൂപ്പ് പങ്കാളി മോഹന്‍ ജഷന്മാല്‍, അപ്പോളോ ഹോസ്പിറ്റല്‍ ജോയിന്റ് എം.ഡി സംഗീത റെഡ്ഢി, കിസാദ് സിഇഒ സമീര്‍ ചതുര്‍വേദി, ഓകെ പ്ലേ ഇന്ത്യ എം.ഡി രാജന്‍ ഹാന്‍ദ എന്നിവര്‍ സംസാരിച്ചു.