ബാബരി ഗോദയില്‍ ഇടികൊള്ളുന്നതാര്?

രാജ്യഭരണം കൈയിലെത്തിയിട്ടും പല സംസ്ഥാനങ്ങളിലും താമര വിരിഞ്ഞിട്ടും കൊട്ടിഘോഷിക്കപ്പെട്ട ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കാന്‍ മോദിക്ക് സാധിക്കുന്നില്ല/ മോദി തുനിയുന്നില്ല എന്ന പൊതു വികാരം സംഘ്പരിവാര്‍ സര്‍ക്കിളിലുണ്ട്. അല്ലെങ്കില്‍ ശശി തരൂരിനോട് ഒരു ആര്‍ എസ് എസ് നേതാവ് പറഞ്ഞതുപോലെ ശിവലിംഗത്തിലെ തേളാണ് മോദിയെന്നത് ഒറ്റപ്പെട്ട അഭിപ്രായമാകാനും വഴിയില്ല. ഇവിടെ രണ്ട് സാധ്യതകളുണ്ട്. അങ്ങേയറ്റത്തെ ജനവിരുദ്ധ വികാരത്തിന് പാത്രമാകുന്ന മോദിയെ കൈവിട്ട് പകരം മറ്റൊരാളെ (മിക്കവാറും യോഗി ആദിത്യനാഥിനെ) നേതൃതലത്തില്‍ പ്രതിഷ്ഠിക്കുക. നിലവിലെ ഭരണം മോദി- അമിത് ഷാ അച്ചുതണ്ടിന്റെ പൂര്‍ണ താത്പര്യത്തിലാണെന്നും തങ്ങള്‍ക്ക് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആകില്ലെന്നുമുള്ള ബോധം പൊതുതലത്തില്‍ നിര്‍മിക്കുക.
Posted on: November 28, 2018 8:45 am | Last updated: November 27, 2018 at 9:57 pm

ആക്രോശങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഭീഷണികള്‍ക്കും അപ്പുറം ഒരു നൂറ് മീറ്റര്‍ സ്പ്രിന്റിനാണ് കഴിഞ്ഞ ദിവസം ബാബരി മസ്ജിദ് പൊളിച്ച സ്ഥലം സാക്ഷിയായത് എന്ന് കരുതാനാണിഷ്ടം. ആരാദ്യം മുന്നിലെത്തുമെന്നതിന്റെ മൈതാനക്കാഴ്ച. ഇന്നല്ലെങ്കില്‍ നാളെ എന്ന തരത്തില്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി അത്തരമൊരു മത്സരം അവിടെ നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അതുകൊണ്ടുതന്നെ വലിയ ഞെട്ടലിനുള്ള മരുന്നായി അത് മാറിയിട്ടുമില്ല. വിശ്വഹിന്ദു പരിഷത്തിന്റെയും ശിവസേനയുടെയും നേതൃത്വത്തില്‍ നടന്ന പരിപാടികള്‍, സംഘ്പരിവാരത്തിന്റെ ഭരണമുഖമായ ബി ജെ പിയെ പിന്തള്ളി ഹിന്ദുത്വ വികാരം തിളച്ചുമറിക്കാനുള്ള സുവര്‍ണാവസരം എന്ന രീതിയിലാണ് കാണേണ്ടത്. അതല്ലെങ്കില്‍ ബാബരി പള്ളി പൊളിച്ച് കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ട് ആ പ്രദേശത്ത് വീണ്ടും ജയ് ശ്രീരാം വിളികളും ത്രിശൂലങ്ങളും പൊന്തില്ലല്ലോ. ബാബരി പള്ളിയുടെ താഴികക്കുടങ്ങള്‍ സംഘ്പരിവാരം തകര്‍ത്തിട്ട് ആദ്യമായിട്ടല്ല ബി ജെ പിക്ക് അധികാരം ലഭിക്കുന്നത്. 1992 ഡിസംബര്‍ ആറിന് ശേഷം രണ്ട് തവണയായി ആറേകാല്‍ വര്‍ഷം അടല്‍ ബിഹാരി വാജ്പയിയുടെ നേതൃത്വത്തില്‍ ബി ജെ പി ഇന്ത്യ ഭരിച്ചിട്ടുണ്ട്. പള്ളി പൊളിക്കലിന് ആളും അര്‍ഥവും ആവേശവും നല്‍കി മുന്‍നിരയിലുണ്ടായിരുന്ന ലാല്‍ കൃഷ്ണ അഡ്വാനിയടക്കമുള്ളവര്‍ ആ സര്‍ക്കാറുകളില്‍ താക്കോല്‍ സ്ഥാനത്തുമുണ്ടായിരുന്നു. പിന്നെന്തുകൊണ്ടാകും വി എച്ച് പിയും ശിവസേനയും കൂട്ടിന് ആര്‍ എസ് എസും ആക്രോശങ്ങളുമായി ബാബരി പരിസരത്ത് എത്തിയത്? ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബാബരി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ വിഘ്‌നം കോണ്‍ഗ്രസ് ആണെന്ന ദുര്‍ബല വാദം ഉന്നയിക്കേണ്ടി വന്നത്?

ഉത്തരങ്ങള്‍ പലതാണ്. ശിവസേനയെ സംബന്ധിച്ചിടത്തോളം ഇതൊരു ബോക്‌സിംഗ് റിംഗാണ്. മുഹമ്മദ് അലി എതിരാളിയെ ശലഭത്തെ പോലെ പറന്ന് തേനീച്ചയെ പോലെ കുത്തി നിലംപരിശാക്കുന്നതിന് സമാനമായി, ബി ജെ പി- മോദി എന്ന ഊതിവീര്‍പ്പിക്കപ്പെട്ട ശക്തിക്ക് പ്രഹരം നല്‍കാനുള്ള സുവര്‍ണാവസരം. അത് പാഴാക്കാതിരിക്കുകയാണ് ഉദ്ധവ് താക്കറെ. കുംഭകര്‍ണന്‍, ഇച്ഛാശക്തിയില്ലാത്തയാള്‍ തുടങ്ങിയ ഉദ്ധവിന്റെ വിശേഷണങ്ങള്‍ അലിയുടെ പഞ്ചിനോളം ശക്തിയുള്ളതായിരുന്നു. പ്രധാനമന്ത്രിയായി അവരോധിതനായ ശേഷമുള്ള മോദിയുടെ സൂപ്പര്‍ താരപരിവേഷത്തെ എന്നും വെല്ലുവിളിക്കാനും പരിഹസിക്കാനും തുനിയാറുണ്ടായിരുന്നു ശിവസേന. മഹാരാഷ്ട്രയില്‍ കൂട്ടുഭരണം നടത്തുന്ന എന്‍ ഡി എയില്‍ സഖ്യകക്ഷിയായ ശിവസേനയാണ് മോദിയെ നിരന്തരം വിമര്‍ശിക്കാറുണ്ടായിരുന്നത് എന്നോര്‍ക്കണം. പക്ഷേ ഈ എതിര്‍പ്പ് കണ്ട് മതേതരത്വ- ജനാധിപത്യ ചേരിയിലുള്ളവര്‍ വലിയ ആവേശം കൊള്ളേണ്ടതില്ല. മോദിക്ക് നേരെയുള്ള ഏത് എതിര്‍പ്പിനെയും പ്രസ്തുത ചേരിക്കാര്‍ ആഘോഷിക്കാറുണ്ട്. മോദിയുടെ ഭരണത്തിന് കീഴിലുള്ള അസഹിഷ്ണുതാ വര്‍ധനവിനോടോ ഏകശിലാത്മകതയിലേക്ക് പോകുന്നതിനോടോ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അസ്ഥാനത്താക്കി ഏകാധിപത്യ ശൈലിയിലേക്ക് പോകുന്നതിനോടോ തുടങ്ങി ജനാധിപത്യ- മതേതരത്വ ചേരിക്കാര്‍ ഉന്നയിക്കുന്ന മോദിവിമര്‍ശനങ്ങളോട് ഐക്യദാര്‍ഢ്യം കൊള്ളുന്നതല്ല ശിവസേനയുടെ എതിര്‍പ്പ്. മറിച്ച്, ഹിന്ദു രാഷ്ട്രമായി ഇന്ത്യയെ മാറ്റുന്നതിന് മോദിയുടെ കീഴില്‍ വേഗം പോരായെന്ന അതിതീവ്രതയുടെ പരിദേവനങ്ങളാണുള്ളത്. നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍, വീമ്പുപറച്ചിലുകള്‍ക്കപ്പുറം ഒരു ചുക്കിനും മോദിയെ കൊണ്ട് ആകില്ലെന്ന പരിഹാസമാണ് ശിവസേന കഴിഞ്ഞ നാലേമുക്കാല്‍ വര്‍ഷത്തിനിടെ നിരന്തരം ഉയര്‍ത്തിയത്. സംഘ്പരിവാര്‍ സ്വയം കരുതിയിരിക്കുന്ന ഹിന്ദുക്കളുടെ രക്ഷാകര്‍തൃത്വം എന്നതിന്റെ പേറ്റന്റ് തങ്ങള്‍ക്കാണെന്ന്, കുറഞ്ഞ പക്ഷം മഹാരാഷ്ട്രയിലെങ്കിലും തങ്ങള്‍ക്കാണെന്ന് വിളിച്ചുപറയുകയാണ് ശിവസേന. മഹാരാഷ്ട്രയില്‍ ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെ ഉഴുതുമറിച്ച് നട്ടുനനച്ചതിന്റെ കായ്ഫലങ്ങളാണ് ബി ജെ പി ആസ്വദിക്കുന്നതെന്ന പരിഭവം ഉദ്ധവിനുണ്ട്. മറാഠാ വികാരം ഇളക്കിവിട്ട് ഹിന്ദുത്വശക്തികള്‍ക്ക് വളരാനും തിടംവെക്കാനും മാത്രം അവസരമൊരുക്കിയ ബാല്‍ താക്കറെയുടെ പിന്‍മുറക്കാര്‍ക്ക്, കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും വേണ്ട വിധം ശോഭിക്കാന്‍ സാധിക്കാത്തതിലെ ഈറയാണിതെന്ന് വ്യക്തം. ഒട്ടകത്തിന് കൂടാരത്തില്‍ ഇടം കൊടുത്തത് പോലെയാണ് ബി ജെ പിയെ കൂടെ കൂട്ടിയത് എന്ന സന്ദേശമാണ് ഉദ്ധവ് പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കിലും രണ്ട് കൂട്ടരും ഒന്നിച്ചുനില്‍ക്കാതെ നിലം തൊടില്ലെന്ന യാഥാര്‍ഥ്യം ഇരുക്യാമ്പുകളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നത് വേറെ കാര്യം.

രാജ്യഭരണം കൈയിലെത്തിയിട്ടും പല സംസ്ഥാനങ്ങളിലും താമര വിരിഞ്ഞിട്ടും കൊട്ടിഘോഷിക്കപ്പെട്ട ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കാന്‍ മോദിക്ക് സാധിക്കുന്നില്ല/ മോദി തുനിയുന്നില്ല എന്ന പൊതു വികാരം സംഘ്പരിവാര്‍ സര്‍ക്കിളിലുണ്ട്. അല്ലെങ്കില്‍ ശശി തരൂരിനോട് ഒരു ആര്‍ എസ് എസ് നേതാവ് പറഞ്ഞതുപോലെ ശിവലിംഗത്തിലെ തേളാണ് മോദിയെന്നത് ഒറ്റപ്പെട്ട അഭിപ്രായമാകാനും വഴിയില്ല. ഇവിടെ രണ്ട് സാധ്യതകളുണ്ട്. അങ്ങേയറ്റത്തെ ജനവിരുദ്ധ വികാരത്തിന് പാത്രമാകുന്ന മോദിയെ കൈവിട്ട് പകരം മറ്റൊരാളെ (മിക്കവാറും യോഗി ആദിത്യനാഥിനെ) നേതൃതലത്തില്‍ പ്രതിഷ്ഠിക്കുക. നിലവിലെ ഭരണം മോദി- അമിത് ഷാ അച്ചുതണ്ടിന്റെ പൂര്‍ണ താത്പര്യത്തിലാണെന്നും തങ്ങള്‍ക്ക് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആകില്ലെന്നുമുള്ള ബോധം പൊതുതലത്തില്‍ നിര്‍മിക്കുക. അതുകൊണ്ടാണ് മോദിണോമിക്‌സിന്റെയും തലതിരിഞ്ഞ പരിഷ്‌കാരങ്ങളുടെയും പാപഭാരം തങ്ങള്‍ക്കല്ലെന്നും മോദിയുടെ സാമ്പത്തിക നയങ്ങളില്‍ ആര്‍ എസ് എസിന് എതിര്‍പ്പുണ്ടെന്നും അഞ്ച് പതിറ്റാണ്ടായി ആര്‍ എസ് എസിനെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത ഏക പണ്ഡിതനും വാഷിംഗ്ടണ്‍ ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി, ഷാംഗ്ഹായ് ടോംഗ്ജി യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഫാക്വല്‍റ്റിയുമായ വാള്‍ട്ടര്‍ ആന്‍ഡേഴ്ണ്‍ പറയുന്നത്. നേരത്തെ പറഞ്ഞ ബോധ നിര്‍മിതിയുടെ ഘടകങ്ങളാണ് തരൂരിന്റെ ഉദ്ധരിണിയിലും ആന്‍ഡേഴ്‌സന്റെ അഭിപ്രായത്തിലുമെല്ലാം ഉള്ളടങ്ങിയത്. നിലവിലെ എന്‍ ഡി എ ഭരണത്തിന്റെ ജനവിരുദ്ധതയും പാളിച്ചകളും ദൗര്‍ബല്യങ്ങളും മോദിയുടെയും അമിത് ഷായുടെയും തലയില്‍ തന്നെയാണെന്നും തങ്ങളതിനെ അനുകൂലിക്കുന്നില്ലെന്നും മാത്രമല്ല, ഹിന്ദുക്കള്‍ വഞ്ചിക്കപ്പെടുകയാണെന്ന് പോലും കഴിഞ്ഞ ഞായറാഴ്ച നാഗ്പൂരില്‍ നടന്ന ഹുങ്കാര്‍ സഭയില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന് പറയേണ്ടിവന്നെങ്കില്‍, പകരം നേതാവിനെ പ്രതിഷ്ഠിക്കാനുള്ള/ തന്ത്രങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായി വേണം കാണാന്‍. ബാബരി പള്ളി നില്‍ക്കുന്നിടത്ത് തന്നെ ക്ഷേത്രം നിര്‍മിക്കുന്നതിന് ഓര്‍ഡിനന്‍സോ നിയമമോ കൊണ്ടുവരണമെന്ന് ആര്‍ എസ് എസ് നേരത്തെയും നിലപാടെടുത്തിരുന്നതും കാണിതിരുന്നുകൂടാ.

ഈയവസരത്തില്‍ ഭരണാധിപനായ മോദിയുടെ നിലപാടിനെ പരിശോധിക്കേണ്ടതുണ്ട്. അടുത്ത മാസം ആദ്യം തന്നെ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം വരുമെന്നാണ് വി എച്ച് പി ധരംസഭയില്‍ പറഞ്ഞത്. അതേസമയം, എന്തുതന്നെയായാലും അടുത്ത ജനുവരിയില്‍ അലഹാബാദില്‍ നടക്കുന്ന കുംഭമേളയില്‍ ക്ഷേത്രനിര്‍മാണ തീയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് പൊളിച്ചിടത്ത് വി എച്ച് പിയുടെയും ശിവസേനയുടെയും പരിപാടികള്‍ ഞായറാഴ്ച നടക്കുമ്പോള്‍ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞത്, ക്ഷേത്ര നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്നത് കോണ്‍ഗ്രസ് ആണെന്നാണ്. മോദിയിലെ ദൗര്‍ബല്യത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ക്ഷയം ബാധിച്ച ഈ പ്രസ്താവന. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട അന്തിമ വിധി 2019ന് ശേഷമേ സുപ്രീം കോടതി പരിഗണിക്കാവൂ എന്ന കപില്‍ സിബലിന്റെ വാദം സൂചിപ്പിച്ചായിരുന്നു മോദിയുടെ പ്രസ്താവന. വിഷയം പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജിമാരെ കോണ്‍ഗ്രസ് വിരട്ടുന്നുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. ധീരമായ തീരുമാനങ്ങളെടുക്കാനും ഭീഷണി ഉയര്‍ത്തുന്ന അയല്‍ രാജ്യങ്ങളെ വരച്ചവരയില്‍ നിര്‍ത്താനും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് നെഞ്ചളവ് പോരായെന്ന് തുടരെത്തുടരെ പ്രസംഗിച്ച് അധികാരത്തിലെത്തിയ ഒരു രാഷ്ട്രീയ നേതാവാണോ ഇത് പറയുന്നതെന്ന അത്ഭുതം കേള്‍ക്കുന്നവര്‍ക്കുണ്ടാകും. കോടതി വ്യവഹാരങ്ങള്‍ക്കപ്പുറം, ഓര്‍ഡിനന്‍സോ നിയമമോ കൊണ്ടുവരണമെന്നാണല്ലൊ ആര്‍ എസ് എസ് അടക്കമുള്ളവരുടെ ആവശ്യം. കോടതിയെ മാത്രം ആശ്രയിക്കാതെ ആ വഴികള്‍ മോദി പരീക്ഷിക്കാത്തതെന്തെന്ന ചോദ്യം ന്യായമായും ഉയരും. പകരം കോടതി തീരുമാനത്തിന് തന്നെ പ്രാധാന്യം കല്‍പ്പിക്കുന്നുവെന്ന ബോധം പടര്‍ത്തുകയും അതിന് പക്ഷേ കോണ്‍ഗ്രസ് അള്ള് വെക്കുന്നുവെന്ന് പറയുകയും ചെയ്യുകയാണ് മോദിയും കൂട്ടരും. അതൊരു ബൂമറാംഗായി വരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തുകാണില്ല.

എന്തുതന്നെയായാലും കാലങ്ങളായി ബി ജെ പിയുടെ കൈയിലെ രാഷ്ട്രീയായുധങ്ങളായിരുന്നു രാമക്ഷേത്രവും ഏകസിവില്‍ കോഡുമൊക്കെ. ഉപയോഗിക്കാന്‍ ഉദ്ദേശിക്കാത്ത ആയുധങ്ങള്‍. അതുവെച്ച് പരമാവധി ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് നേടുക. ആ ആയുധങ്ങളാണ് കൂട്ടത്തിലുള്ളവര്‍ കവരാന്‍ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ രാമക്ഷേത്ര നിര്‍മാണം നടക്കാത്തത് കോണ്‍ഗ്രസ് കാരണമാണെന്ന പല്ലവി ഭരണകൂടം ആവര്‍ത്തിക്കുമോ അതല്ല, ഓര്‍ഡിനന്‍സോ നിയമമോ കൊണ്ടുവരുമോയെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. അതേസമയം, ഇത്തരം ഗിമ്മിക്കുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കേണ്ടെന്ന വികാരവും സമൂഹത്തില്‍ ശക്തമാണ്. കഴിഞ്ഞ ഞായറാഴ്ചത്തെ പരിപാടികള്‍ക്ക് അയോധ്യയില്‍ മൂന്ന് ലക്ഷം പേരെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, ശിവസേനയുടെ 3000 പേരടക്കം 75,000ല്‍ താഴെയാണ് ആള്‍ക്കാരെത്തിയതെന്നാണ് അന്തിമ റിപ്പോര്‍ട്ടുകള്‍.

ഹിന്ദുത്വയുടെ ചാവേറുകളായിരുന്ന താഴ്ന്ന വിഭാഗങ്ങള്‍ പരിവാര്‍ സംഘടനകളില്‍ നിന്ന് അകന്നതും പൊറാട്ടുനാടകങ്ങളെ തിരിച്ചറിയാനുള്ള ചിന്താശേഷി സമൂഹത്തില്‍ ശക്തമായതുമെല്ലാമായിരിക്കും ആള്‍ക്ഷാമത്തിന് കാരണം. എന്തായാലും, ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ ബാബരി മസ്ജിദും രാമക്ഷേത്ര നിര്‍മാണവുമെല്ലാം സജീവമായി അന്തരീക്ഷത്തിലുണ്ടാകും. അതുവെച്ച് വര്‍ഗീയ കലാപങ്ങളും സംഘര്‍ഷങ്ങളുമുണ്ടാകാനുള്ള സാധ്യതകള്‍ ധാരാളമാണെങ്കിലും അത്തരം ബുദ്ധിശൂന്യതയിലേക്ക് പോകില്ലെന്ന് ആശിക്കാം. ബാബരി കേസില്‍ സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരാകാറുണ്ടായിരുന്ന കപില്‍ സിബലിനെ കഴിഞ്ഞ മെയ് മാസം കോണ്‍ഗ്രസ് പിന്‍വലിച്ചെങ്കിലും, രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ ആ പാര്‍ട്ടിയുടെ നിലപാടും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.