മീ ടൂ അഭിമാനകരം: പ്രിയാ മണി

Posted on: November 27, 2018 6:11 pm | Last updated: November 27, 2018 at 6:11 pm

ദുബൈ: മീ ടൂ ക്യാമ്പയിന്‍ ഏതൊരു സ്ത്രീക്കും അഭിമാനം പകരുന്നുവെന്ന് നടി പ്രിയാമണി. മീ ടൂവിന്റെ കാര്യത്തില്‍ താന്‍ സിനിമാ നടികളടക്കമുള്ള ഇരകളുടെ കൂടെയാണ്. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുള്ളതുകൊണ്ടാണ് പലരും അതു തുറന്നുപറയാന്‍ മുന്നോട്ട് വരുന്നത്. അല്ലെങ്കില്‍ ഒരു സ്ത്രീയും ഇത്തരം തുറന്നുപറച്ചിലുകള്‍ക്ക് തയ്യാറാകില്ല. ഇത്തരമൊരു പ്രസ്ഥാനം വികസിച്ചു വരുന്നതില്‍ ഒരു വനിത എന്ന നിലക്ക് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ മേഖലകളിലും ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നു. പലപ്പോഴും അതു പുറത്തറിയാറില്ല.

‘മീ ടൂവിന്റെ ഭാഗമായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്നാണ് എന്റെ അഭ്യര്‍ഥന. കാരണം, പ്രശസ്തിമാത്രം ആഗ്രഹിച്ച് ആരും ഇത്തരത്തില്‍ ഒരു തുറന്നു പറച്ചിലിന് തയാറാകില്ലെന്ന് വിശ്വസിക്കുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പരാതിയുമായി മുന്നോട്ടുവരുന്നവര്‍ ഒറ്റപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്. ഗായിക ചിന്മയി, ഇതിന് ഉദാഹരണമാണ്.

ഞാന്‍ എപ്പോഴും ഇവര്‍ക്ക് പിന്തുണയുമായുണ്ടാകും. അമ്മ സംഘടനയിലും മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയിലും ഞാന്‍ അംഗമല്ല. എന്നാല്‍, നല്ലതിന് വേണ്ടിയുള്ള എല്ലാ നീക്കങ്ങള്‍ക്കും കൂടെയുണ്ടാകുമെന്നും പ്രിയാമണി പറഞ്ഞു.