ക്രിമിനലുകളെ പിടികൂടാന്‍ സൂപ്പര്‍കാറുമായി ദുബൈ പോലീസ്

Posted on: November 26, 2018 4:33 pm | Last updated: November 26, 2018 at 4:33 pm

ദുബൈ: ക്രിമിനലുകളെ പിടികൂടുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി ദുബൈ പോലീസിന്റെ സൂപ്പര്‍ കാര്‍. കാറിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു കൊണ്ട് ദുബൈ പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം തരംഗമായി.
നിര്‍മിത ബുദ്ധി വൈഭവത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫെയ്സ് ഡിറ്റക്ഷന്‍ സംവിധാനങ്ങള്‍ വഴി ക്രിമിനലുകളെ കണ്ടെത്തുന്നതിന് എളുപ്പമാകും. കവലകളിലൂടെ വാഹനത്തിന് അരികിലൂടെ നടന്ന് നീങ്ങുന്നവരുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനമുണ്ട്. ലോകത്തെ ഏറ്റവും അത്യാധുനികമായ സാങ്കേതിക സൗകര്യമുള്ള പോലീസ് വാഹനമാണ് ജിയത് എന്ന് നാമകരണം ചെയ്തിരിക്കുന്ന വാഹനം.

ക്രിമിനലുകളെ ഞൊടിയിടയില്‍ തിരിച്ചറിയുന്ന വിധത്തിലുള്ള അത്യാധുനിക സംവിധാനങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളില്‍ ഏര്‍പെട്ട വാഹനങ്ങളെയും തിരക്കിനിടയില്‍ വേര്‍തിരിച്ചറിയാനുള്ള സംവിധാനവും വാഹനത്തിലുണ്ട്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ദുബൈ പോലീസ് കമാന്‍ഡ് ആന്‍ഡ് ഓപ്പറേഷന്‍ റൂമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനുള്ള സംവിധാനം കാറിലുണ്ട്.
ജിയത്തിന്റെ ഏറ്റവും പുതിയ വാഹനമാണ് ദുബൈ പോലീസ് സേവന നിരയിലെത്തുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ദുബൈയില്‍ നടന്ന ജൈറ്റക്‌സ് പ്രദര്‍ശനങ്ങളില്‍ ജിയത് പ്രദര്‍ശിപ്പിച്ചിരുന്നു.