രാഹുല്‍ അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചു

Posted on: November 26, 2018 2:28 pm | Last updated: November 26, 2018 at 2:50 pm

ജയ്പൂര്‍: കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അജ്മീര്‍ ദര്‍ഗ സന്ദര്‍ശിച്ചു. രാജസ്ഥാന്‍ കോണ്‍. തലവന്‍ സച്ചിന്‍ പൈലറ്റ്, മുന്‍ മുഖ്യമന്ത്രി അശോഖ് ഗെഹ്‌ലോട്ട് എന്നിവരോടൊപ്പം ഇന്ന് രാവിലെയായിരുന്നു സന്ദര്‍ശനം. പിന്നീട് പുഷ്‌കറിലെ ജഗത്പിത ബ്രഹ്മ ക്ഷേത്രത്തിലെത്തി രാഹുല്‍ പ്രാര്‍ഥന നടത്തി. വൈകീട്ട് ജലോറിലെ പൊക്രാന്‍, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പൊതു യോഗങ്ങളില്‍ അദ്ദേഹം പ്രസംഗിക്കും. നേരത്തെ അജ്മീറില്‍ റോഡ്‌ഷോ നടത്താന്‍ പാര്‍ട്ടി പദ്ധതിയിട്ടിരുന്നുവെങ്കിലും പ്രത്യേക സുരക്ഷാ സേനയുടെ നിര്‍ദേശമനുസരിച്ച് ഉപേക്ഷിക്കുകയായിരുന്നു.

മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിനെ താഴെയിറക്കി അധികാരം തിരിച്ചുപിടിക്കാന്‍ കിണഞ്ഞ പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ തീരുമാനത്തിലെത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. പദവിയിലേക്ക് അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ പരോക്ഷ മത്സരം നടക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. എന്നാല്‍, ഇത്തരം പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് ശക്തമായി നിഷേധിച്ചിട്ടുണ്ട്. പാര്‍ട്ടി ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഡിസം: 11ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം മാത്രമെ, മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ചു തീരുമാനമെടുക്കൂവെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. ഡിസം: ഏഴിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.