ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്ത് ഇന്ത്യ; പരമ്പര സമനിലയില്‍

Posted on: November 25, 2018 7:26 pm | Last updated: November 26, 2018 at 10:12 am

ന്യൂഡല്‍ഹി: ആസ്‌ത്രേലിയക്കെതിരായ അവസാന ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ആറു വിക്കറ്റിനാണ് ഓസീസിനെ കീഴടക്കിയത്. ഇതോടെ മൂന്നു മത്സരമടങ്ങിയ പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യക്കായി (1-1). ആദ്യ കളി നാലു റണ്‍സിന് ഓസീസിന് അനുകൂലമായപ്പോള്‍ രണ്ടാമത്തെത് ഇന്ത്യ മികച്ച നിലയില്‍ നില്‍ക്കെ പെയ്ത മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.

ഓസീസ് അടിച്ചെടുത്ത 164 റണ്‍സ് രണ്ട് പന്തുകള്‍ ബാക്കിയിരിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. വിരാട് കോലി, ശിഖര്‍ ധവാന്‍ എന്നിവരുടെ മിന്നുന്ന ബാറ്റിംഗും ഓസീസ് ബാറ്റ്‌സ്മാന്മാരെ കുഴക്കിയ ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിംഗ് മികവുമാണ് ഇന്ത്യക്ക് കിടയറ്റ വിജയം സമ്മാനിച്ചത്.

ഒരോവറില്‍ എട്ടിലധികം റണ്‍സ് വേണമെന്ന സ്ഥിതിയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയും (16 പന്തില്‍ 23) ശിഖര്‍ ധവാനും (22ല്‍ 43) ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറന്നത് 67 റണ്‍സ്. രോഹിതും ശിഖറും പുറത്തായ ശേഷമെത്തിയ കെ എല്‍ രാഹുലും വിരാട് കോലിയും ട്വിന്റി ട്വന്റിക്കു ചേര്‍ന്ന ബാറ്റിംഗ് തന്നെ കാഴ്ചവെച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. മൂന്നാം വിക്കറ്റില്‍ 41 റണ്‍സ് ചേര്‍ത്താണ് ഈ കൂട്ട് പിരിഞ്ഞത്. 14 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ പുറത്തായ ശേഷമെത്തിയ ഋഷഭ് ആദ്യ പന്തില്‍ തന്നെ പൂജ്യനായി മടങ്ങി.

ദിനേശ് കാര്‍ത്തിക്കിനായിരുന്നു കോലിക്കൊപ്പം നിന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കാനുള്ള യോഗം. 41 പന്തു നേരിട്ട കോലി നാല് ഫോറുകളുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 61 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ 22 റണ്‍സുമായി കാര്‍ത്തിക്  ഗംഭീര പിന്തുണ നല്‍കി. 60 റണ്‍സായിരുന്നു ഈ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ സംഭാവന.

നേരത്തെ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഓസീസ് 164 റണ്‍സെടുത്തത്. നാല് ഓവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യയുടെ ബൗളിംഗാണ് ഓസീസ് റണ്‍ കുതിപ്പിനു തടയിട്ടത്. ട്വന്റി ട്വന്റി കരിയറിലെ പാണ്ഡ്യയുടെ മികച്ച ബൗളിംഗ് പ്രകടനമാണിത്. ഡാര്‍സി ഷോര്‍ട്ട് (33), ആരോണ്‍ ഫിഞ്ച് (28) എന്നിവരാണ് ഓസീസ് നിരയിലെ റണ്‍ വേട്ടക്കാരായത്. കുല്‍ദീപ് യാദവ് ഈ കൂട്ടുകെട്ട് പിരിച്ചതിനു ശേഷം ക്രുണാല്‍ നാലു വിക്കറ്റ് പിഴുത് ഓസീസിനെ തകര്‍ക്കുകയായിരുന്നു.