സന്നിധാനത്ത് നാമജപം: അറസ്റ്റിലായ 82 പേരെ പുലര്‍ച്ചെ ജാമ്യത്തില്‍ വിട്ടയച്ചു

Posted on: November 25, 2018 9:46 am | Last updated: November 25, 2018 at 6:56 pm

സന്നിധാനം: ശബരിമലയില്‍ രാത്രി നാമജപ പ്രതിഷേധം നടത്തിയ 82 പേരെ അറസ്റ്റ് ചെയ്തു നീക്കി. മണിയാര്‍ ക്യാമ്പിലെത്തിച്ച ഇവരെ പുലര്‍ച്ചെ അഞ്ചരയോടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്.അറസ്റ്റിനെതിരെ വലിയ പ്രതിഷേധവുമുണ്ടായി.

തിരുമുറ്റത്തു വാവരുനടക്കു മുന്നില്‍ തീര്‍ഥാടകര്‍ കടക്കാതിരിക്കാന്‍ പോലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു നാമജപം. രാത്രി 10നു ശേഷം രണ്ട് സംഘമായി തിരിഞ്ഞായിരുന്നു നാമജപം. വാവര് നടക്ക് മുന്നിലെ ബാരിക്കേഡ് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം 30 പേരുമാണ് പ്രതിഷേധിച്ചത്. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും നാമജപത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നില്ല.

അറസ്റ്റിലായ തീര്‍ഥാടകരെ പുലര്‍ച്ചെ ഒന്നരയോടെയാണ് വടശേരിക്കര പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് ജാമ്യത്തില്‍ വിട്ടയച്ചത്. സമരം ആസൂത്രിതമായിരുന്നുവെന്നും വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികളായവരും പ്രതിഷേധിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗതടസമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.