പ്രളയാനന്തര ഊര്‍ജിത കൃഷിവ്യാപനത്തിന് തൊഴിലുറപ്പുകാരെയും ഉപയോഗപ്പെടുത്തും: മന്ത്രി വി എസ് സുനില്‍ കുമാര്‍

Posted on: November 23, 2018 8:13 pm | Last updated: November 23, 2018 at 8:13 pm
SHARE

റാന്നി: പ്രളയത്തെ തുടര്‍ന്നുള്ള കൃഷിനഷ്ടം മറികടക്കാനുള്ള ഊര്‍ജിത കൃഷിവ്യാപനത്തില്‍  തൊഴിലുറപ്പ് തൊഴിലാളികളെയും ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി  വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കൃഷി വകുപ്പ് റാന്നിയില്‍ സംഘടിപ്പിച്ച ‘പുനര്‍ജനി ‘ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയുടെ നിയമത്തില്‍ ഇതിന് ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. തൊഴില്‍ ദിനങ്ങള്‍ 150 ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൃഷി വ്യാപനത്തിനായി  ഹോര്‍ട്ടികോര്‍പ്പിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഒരു കോടി  പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും.  അറുപതിനായിരം ഹെക് ടര്‍ സ്ഥലത്ത് വാഴകൃഷി വ്യാപിക്കുന്നതിനും പദ്ധതി തയ്യാറായിക്കഴിഞ്ഞു. ഇതിനായി 100 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്. പ്രളയം ഏറെ നാശം വിതച്ച കുട്ടനാടില്‍ 35000 മെട്രിക് ടണ്‍ നെല്ല്  അധികമായി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്കും തുടക്കമായി. കര്‍ഷകര്‍ക്ക് ആവശ്യമായ രാസ-ജൈവ വളങ്ങളുടെ ലഭ്യത ഉറപ്പു വരുത്തും. തെങ്ങു കൃഷിയുടെ വ്യാപനത്തിന് കൂടുതല്‍ തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കും. എല്ലാ വാര്‍ഡുകളിലും ആവശ്യമായ തെങ്ങിന്‍ തൈകള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.പ്രളയത്തെ തുടര്‍ന്ന് കൃഷിയിടങ്ങളിലെ മണ്ണിനും മറ്റുമുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് വാങ്ങിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
എല്ലാ കര്‍ഷകരും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനം പതിവ് പ്രതിഭാസമായി തുടരുന്നതിനാലാണ് ഇന്‍ഷുറന്‍സിന്‍റെ പ്രാധാന്യം വര്‍ധിക്കുന്നത്. കേന്ദ്രഇന്‍ഷുറന്‍സ് പദ്ധതികളിലെ വര്‍ധിച്ച പ്രീമിയമാണ് കര്‍ഷകരെ ഇത്തരം പദ്ധതികളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ വളരെ കുറഞ്ഞ നിരക്കിലാണ്  സംസ്ഥാന വിള ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ എല്ലാ കര്‍ഷകരെയും ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കീഴില്‍ കൊണ്ടു വരുന്നതിനുള്ള പദ്ധതിയും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
രാജു എബ്രഹാം എം എല്‍ എ അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി, സ്ഥിരംസമിതി അധ്യക്ഷ എലിസബത്ത് അബു, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജാ മധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശശികലാ രാജശേഖരന്‍, ജില്ലാ പഞ്ചായത്തംഗം സൂസണ്‍ അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയ് കുര്യാക്കോസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം പ്രീത, പ്രൊജക് ട് ഡയറക് ടര്‍ സുജ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here