Connect with us

International

സുഹൈയുടെ ധീരത രക്ഷപ്പെടുത്തിയത് ചൈനീസ് കോണ്‍സുലേറ്റിലെ വിലപ്പെട്ട ജീവനുകള്‍

Published

|

Last Updated

കറാച്ചി: വനിതാ പോലീസ് മേധാവിയുടെ ധീരത സായുധ തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് നിരവധി ചൈനീസ് നയതന്ത്ര ജീവനക്കാരെ. പാക്കിസ്ഥാനില്‍ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ചു കയറാനുള്ള ബലൂച് ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) യുടെ ശ്രമം വിഫലമാക്കിയത് സീനിയര്‍ പോലീസ് സൂപ്രണ്ട് സുഹൈ അസീസ് താല്‍പൂരിന്റെ തന്ത്രപരവും ധീരവുമായ ഇടപെടലാണ്.

ഗ്രനേഡുകള്‍, തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവയുമായി എത്തിയ തീവ്രവാദികള്‍ കോണ്‍സുലേറ്റിനകത്ത് പ്രവേശിക്കുന്നതു തടയാന്‍ സുഹൈക്കും സംഘത്തിനുമായി. തീവ്രവാദി സംഘം കോണ്‍സുലേറ്റ് ഗേറ്റിനടുത്ത് എത്തിയപ്പോള്‍ തന്നെ സുഹൈയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സ്ഥാനങ്ങളില്‍ നിലയുറപ്പിച്ച സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാരുടെ ജീവന്‍ നഷ്ടപ്പെട്ടെങ്കിലും തീവ്രവാദി സംഘത്തെ നിലംപരിശാക്കാന്‍ കഴിഞ്ഞു.

സിന്ധ് പ്രവിശ്യയില്‍ താന്തോ മുഹമ്മദ് ഖാന്‍ ജില്ലയിലെ ഭായി ഖാന്‍ താല്‍പൂര്‍ നിവാസിയായ സുഹൈ ഇടത്തരം കുടുംബത്തിലെ അംഗമാണ്. 2013ല്‍ സെന്‍ട്രല്‍ സുപ്പീരിയര്‍ സര്‍വീസസ് (സി എസ് എസ്്) പരീക്ഷ പാസായ ശേഷമാണ് സുഹൈ പോലീസ് സേനയില്‍ പ്രവേശിച്ചത്.
ബാല്യകാലത്ത് സ്‌കൂളില്‍ ചേരുന്നത് ബന്ധുക്കള്‍ വിലക്കിയതോടെ സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം പലായനം ചെയ്യേണ്ടി വന്നയാളാണ് സുഹൈ. ബന്ധുക്കളില്‍ ഭൂരിഭാഗം പേരും അപഹസിച്ചതിനെ തുടര്‍ന്ന് നാടുവിടാന്‍ നിര്‍ബന്ധിതയാകുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.

“സുഹൈ പഠിക്കുന്നതിനെ തള്ളിപ്പറഞ്ഞിരുന്ന ബന്ധുക്കള്‍ എന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചെങ്കിലും മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന കാര്യത്തില്‍ ഞാന്‍ ഉറച്ചു നിന്നു.”- ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുഹൈയുടെ പിതാവ് അസീസ് താല്‍പൂര്‍ പറഞ്ഞു.
തന്നെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആക്കാനായിരുന്നു മാതാപിതാക്കളുടെ ആഗ്രഹമെന്ന് സുഹൈ വ്യക്തമാക്കി. എന്നാല്‍, ആ ജോലിക്ക് ഒരു സാമൂഹിക മൂല്യവുമില്ലെന്നു മനസ്സിലാക്കിയ ഞാന്‍ സി എസ് എസിന് ചേരുകയായിരുന്നു. കഠിനാധ്വാനവും മാതാപിതാക്കള്‍ വളര്‍ത്തിയ രീതിയുമാണ് വിജയങ്ങളിലേക്കു നയിക്കുന്നതെന്നാണ് സുഹൈ പറയുന്നത്.