കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെ ആക്രമണം; രണ്ട് പോലീസുകാരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു

Posted on: November 23, 2018 12:18 pm | Last updated: November 23, 2018 at 12:54 pm

കറാച്ചി: പാക്കിസ്ഥാനില്‍ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെ ആക്രമണം നടത്തിയ തീവ്രവാദികള്‍ രണ്ടു പോലീസുകാരെ കൊലപ്പെടുത്തി. പരുക്കേറ്റ ഒരു പോലീസുകാരന്റെ നില ഗുരുതരമാണ്. ഏറ്റുമുട്ടലില്‍ അക്രമികളും കൊല്ലപ്പെട്ടതായി കറാച്ചി പോലീസ് മേധാവി ഡോ. അമീര്‍ ഷെയ്ഖ് പറഞ്ഞു.

ഇന്ന് രാവിലെ ഒമ്പതരയോടടുത്താണ് ഗ്രനേഡുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളുമായെത്തിയ മൂന്നു തീവ്രവാദികള്‍ ക്ലിഫ്ടന്‍ ബ്ലോക്ക് നാലിലെ കോണ്‍സുലേറ്റ് ലക്ഷ്യം വച്ച് ആക്രമണം നടത്തിയത്. കോണ്‍സുലേറ്റിലേക്ക് അതിക്രമിച്ചു കയറാനുള്ള തീവ്രവാദികളുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.

കോണ്‍സുലേറ്റിലെ 21 ചൈനീസ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും സംഭവത്തിനു ശേഷം ചൈനീസ് നയതന്ത്ര പ്രതിനിധിയുമായി സംസാരിച്ചതായും വിദേശ മന്ത്രി ഷാ മുഹമ്മദ് ഖുറേശി അറിയിച്ചു. അധികൃതര്‍ സ്വീകരിച്ച നടപടികളില്‍ അദ്ദേഹം തൃപ്തനാണെന്നും ഷാ പറഞ്ഞു. സ്ഥലത്ത് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.