ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധം: മനീഷ് തിവാരി

Posted on: November 22, 2018 12:32 pm | Last updated: November 22, 2018 at 1:34 pm

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഉയര്‍ന്ന കോണ്‍. നേതാവ് മനീഷ് തിവാരി. ഇതിനെതിരെ എത്രയും പെട്ടെന്ന് കോടതിയെ സമീപിക്കും. ജനാധിപത്യത്തിന്റെ സംഹാരമാണ് നടന്നിരിക്കുന്നതെന്നും തിവാരി ആരോപിച്ചു.

നാഷണല്‍ കോണ്‍ഫറന്‍സ്, പി ഡി പി, കോണ്‍. കക്ഷികള്‍ ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദമുന്നയിച്ചിരിക്കെയാണ് ഗവര്‍ണറുടെ നടപടി. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള പാര്‍ട്ടികളുടെ സഖ്യത്തിനു സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലും കുതിരക്കച്ചവടത്തിനുള്ള സാധ്യതയും മുന്നില്‍ കണ്ടാണ് ഗവര്‍ണറുടെ നടപടിയെന്നാണ് സൂചന.
ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ രൂപവത്കരിക്കലല്ല, അധികാരം കൈയടക്കല്‍ മാത്രമാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.

വ്യാപകമായ കുതിരക്കച്ചവടവും പണം നല്‍കിയുള്ള സ്വാധീനിക്കലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം നീക്കങ്ങള്‍ ജനാധിപത്യത്തിനു ഭൂഷണമല്ലെന്നു മാത്രമല്ല, രാഷ്ട്രീയ പ്രക്രിയകളെ ദുഷിപ്പിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്തുന്നതിന് നിയമസഭ പിരിച്ചുവിടുകയും ഉചിതമായ സമയത്ത് തിരഞ്ഞെടുപ്പു നടത്തുകയുമാണ് ശരിയായ നടപടി- കുറിപ്പില്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 19ന് ബി ജെ പി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് പി ഡി പി സര്‍ക്കാര്‍ നിലംപതിച്ചതോടെ ഗവര്‍ണര്‍ ഭരണത്തിലാണ് സംസ്ഥാനം.