Connect with us

Kerala

എം ഐ ഷാനവാസ് എംപി ഇനി ഓര്‍മ; മയ്യിത്ത് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

Published

|

Last Updated

കൊച്ചി: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എം പിയുമായ എം ഐ ഷാനവാസ് (67) ഇനി ഓര്‍മകളില്‍ ജീവിക്കും. ഷാനവാസിന്റെ മയ്യിത്ത് കലൂര്‍ തോട്ടത്തുംപടി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍, ശശി തരൂര്‍ എംപി, കെ വി തോമസ് എം പി തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

കരള്‍രോഗ സംബന്ധമായി ചികിത്സയിലിരിക്കെ ചെന്നൈ ക്രോംപേട്ടിലെ ഡോ. റേല ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്ററില്‍ ഇന്നലെ പുലര്‍ച്ചെ 1.35നായിരുന്നു ഷാനവാസിന്റ അന്ത്യം. നേരത്തെ പാന്‍ക്രിയാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുള്ള അദ്ദേഹത്തിന് ദീര്‍ഘനാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് കരള്‍മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. അണുബാധയെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയിലായത്.

മികച്ച സംഘാടകനും വാഗ്മിയുമായി സംസ്ഥാന രാഷ്ട്രീയത്തില്‍ തിളങ്ങിനിന്ന കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ദൂരനാടുകളില്‍ നിന്നുപോലും പ്രിയനേതാവിനെ കാണാന്‍ എറണാകുളത്തെത്തി. ചെന്നൈയില്‍ നിന്ന് ഇന്നലെ ഉച്ചക്ക് 12.50ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മയ്യിത്ത് 2.20ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള ആനി തയ്യില്‍ റോഡിലെ നൂര്‍ജഹാന്‍ മന്‍സിലില്‍ എത്തിച്ചു. പിന്നീട് മതാചാരപ്രകാരമുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൃതദേഹം ടൗണ്‍ഹാളിലെത്തിച്ചു.

ടൗണ്‍ഹാളില്‍ ഉച്ചകഴിഞ്ഞ് 3.40 മുതല്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചു.
അന്തിമോപചാരമര്‍പ്പിക്കാന്‍ കക്ഷി, രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് ടൗണ്‍ഹാളിലെത്തിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കു വേണ്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഗാര്‍ഖെ റീത്ത് സമര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, വയലാര്‍ രവി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍, എം പിമാരായ പ്രൊഫ. കെ വി തോമസ്, എം കെ രാഘവന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി പി ജെ കുര്യന്‍, മുന്‍ എം പിമാരായ പി സി ചാക്കോ, കെ പി ധനപാലന്‍, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, ടി എച്ച് മുസ്തഫ, തുടങ്ങി നിരവധി പേര്‍ ടൗണ്‍ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

അഭിഭാഷകനായിരുന്ന എം വി ഇബ്‌റാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്തംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം. വിദ്യാര്‍ഥിയായിരിക്കെ കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍ എല്‍ ബിയും നേടിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ തുടങ്ങി കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ നേതൃപരമായ ചുമതലകള്‍ വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, കെ പി സി സി ജോയിന്റ് സെക്രട്ടറി, കെ പി സി സി വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. പാര്‍ലിമെന്റില്‍ വാണിജ്യം, മാനവവിഭവശേഷി വികസനം എന്നീ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയിലും അംഗമായി പ്രവര്‍ത്തിച്ചു.
രണ്ട് തവണ തുടര്‍ച്ചയായി വയനാട്ടില്‍ നിന്ന് ലോക്‌സഭയിലെത്തി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് ഷാനവാസായിരുന്നു. അന്ന് എല്‍ ഡി എഫിലെ എ റഹ്മത്തുല്ലയെ ഒന്നര ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 2014ലെ തിരഞ്ഞെടുപ്പില്‍ സി പി ഐയിലെ സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്റെ എതിരാളി. ഭാര്യ: ജുവൈരിയത്ത്. മക്കള്‍: ഹസീബ്, അമീന. കെ എം ആര്‍ എല്‍. എം ഡിയായ എ പി എം മുഹമ്മദ് ഹനീഷ് മരുമകനാണ്.

Latest