എസ് പി യതീഷ് ചന്ദ്രക്കെതിരെ തിരുവനന്തപുരത്തും തൃശൂരിലും പ്രതിഷേധം

Posted on: November 21, 2018 9:09 pm | Last updated: November 22, 2018 at 9:28 am

തിരുവനന്തപുരം: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചെന്നാരോപിച്ച് എസ് പി യതീഷ് ചന്ദ്രക്കെതിരെ ബിജെപി പ്രതിഷേധം. തിരുവനന്തപുരത്തും തൃശൂരിലും തമിഴ്‌നാട് അതിര്‍ത്തിയിലെ തക്കലയിലുമാണ് പ്രതിഷേധം അരങ്ങേറിയത്.

സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു. തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ തക്കലയില്‍ കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞായിരുന്നു പ്രതിഷേധം. നാഗര്‍കോവിലേക്ക് പോയ രണ്ട് കെഎസ്ആര്‍ടിസി ബസുകളും അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസുമാണ് തടഞ്ഞത്. തൃശൂരിലെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. ബാരിക്കേഡ് തീര്‍ത്ത് പോലീസ് മാര്‍ച്ച് തടഞ്ഞു.

ഇന്ന് ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിലയ്ക്കലില്‍ ഡ്യൂട്ടിയിലുള്ള എസ്പി അത് അനുവദിച്ചിരുന്നില്ല. പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന് എസ്പി മന്ത്രിയോട് ചോദിക്കുകയും ചെയ്തു. എസ്പിയുടെ ചോദ്യം ശരിയായില്ലെന്നും കേരളത്തിലെ മന്ത്രിമാരോട് ഇത്തരത്തില്‍ പെരുമാറുമോയെന്നും കേന്ദ്രമന്ത്രി പിന്നീട് ചോദിച്ചിരുന്നു.