മീലാദ് രാവിലെ കുളിര്‍ക്കാറ്റേ….

സംഭാഷണം/ ബാപ്പു വെള്ളിപറമ്പ്
സംഭാഷണം
Posted on: November 21, 2018 5:31 pm | Last updated: November 21, 2018 at 5:31 pm

ചുവപ്പും പച്ചയും കലര്‍ന്ന പുറം ചട്ടയോടുകൂടിയ നബിദിന ഗാനങ്ങളുടെ പുസ്തകം. പുറത്ത് രചയിതാവ് ബാപ്പു വെള്ളിപറമ്പ് എന്ന പേര് അത്ര പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല. മുസ്‌ലിംകള്‍ക്ക് ആഘോഷമാണല്ലൊ റബീഉല്‍ അവ്വല്‍. കുട്ടികള്‍ക്കാണെങ്കില്‍ പറയാനുമില്ല. നബിദിനത്തിന് മദ്‌റസയിലെ പരിപാടിയില്‍ ഒരു പാട്ടെങ്കിലും പാടാത്തവരുണ്ടാകില്ല. അവര്‍ക്ക് മദ്‌റസയിലെ ഉസ്താദുമാര്‍ തിരഞ്ഞെടുത്ത് നല്‍കുന്നത് പലപ്പോഴും ‘ഉമ്മാന്റെ കാലടിപ്പാടോ’ ‘യത്തീമിന്നത്താണി’യോ ‘കരയാനും പറയാനു’മോ ഒക്കെയായിരിക്കും. അവയൊക്കെ രചിച്ചതാകട്ടെ ബാപ്പു വെള്ളിപറമ്പെന്ന ഈ മനുഷ്യനും… പേരു പോലെ ലളിതമായ ഗാനങ്ങള്‍. ജീവിതവും നിലപാടുകളും അങ്ങനെത്തന്നെ..

? നബി ദിന ഗാനങ്ങളുടെ ഉസ്താദാണ് താങ്കള്‍. ഒരു കാലത്തെ ട്രെന്‍ഡ് സെറ്റര്‍. എങ്ങനെയാണ് ആ മേഖലയിലെത്തുന്നത്
ഉമ്മ പാടുമായിരുന്നു. നല്ല സബീനകളൊക്കെ ഉമ്മ പാടുന്നത് ഓര്‍മയുണ്ട്. ചെറുപ്പത്തില്‍ മരിച്ചുപോയി. അമ്മാവന്മാര്‍ പാട്ടിനോട് ഇഷ്ടമുള്ളവരാണ്. അവരാണ് പാട്ട് മേഖലയിലേക്ക് എത്തിച്ചത്.

? ഏതാണ് ആദ്യ പാട്ട്
‘ആയിരം കൊലവിളികള്‍ നടക്കുന്ന മക്കയില്‍ ആരംഭത്വാഹ പിറന്നുവല്ലോ…’ നബി തങ്ങളുടെ മദ്ഹാണ് ആദ്യ പാട്ട്. 1970ലാണത്. അത് സ്വന്തം നിലക്ക് അച്ചടിച്ച് വിതരണം ചെയ്തു. തിരൂരങ്ങാടി മുഹമ്മദ് കുട്ടി ആന്‍ഡ് സണ്‍സിനാണ് കൂടുതല്‍ നബിദിന ഗാനങ്ങള്‍ എഴുതി നല്‍കിയത്. ആദ്യ കാല പാട്ടെഴുത്തുകാരൊക്കെ തുടങ്ങുന്നത് നബി ദിന ഗാനങ്ങളിലാണ്. ‘മീലാദ് രാവിലെ കുളിര്‍ക്കാറ്റേ/ മൗലൂദ് സദസ്സില്‍ വന്നാട്ടെ/ മഹ്മൂദര്‍ ത്വാഹ റസൂലിന്/ സ്വല്ലി സ്വലാത്തുകള്‍ ചൊന്നാട്ടെ’. ആദ്യ പുസ്തകത്തിലെ പാട്ടാണിത്. നബി ദിന ഗാന പുസ്തകങ്ങളാണ് അംഗീകാരം തന്നത്. ഇപ്പോഴത്തെ നബി ദിന പാട്ടുകളില്‍ ചിലതിന് നിലവാരത്തകര്‍ച്ചയുണ്ടായിട്ടുണ്ട്. നിലവാരം പരക്കെ പോയി എന്നല്ല. ‘മക്കയിലെ പൂമലരായ്’ എന്നൊക്കെയുണ്ട്. പൂവും മലരും എന്താണെന്ന് തിരിച്ചറിയാത്ത എഴുത്ത്.
മാപ്പിളപ്പാട്ടുകളും മദ്ഹ്ഗാനങ്ങളും മാത്രമായി ആറായിരത്തോളം പാട്ടുകള്‍ എഴുതി. രാഷ്ട്രീയഗാനങ്ങള്‍ ഇതില്‍ പെടില്ല. ‘ഉമ്മാന്റെ കാലടിപ്പാടിലാണ് സുവര്‍ഗം ഓര്‍ത്തോളീ/ ഉതിമതിയാം മുത്ത് മുഹമ്മദിന്‍ പൂമൊഴി ഉള്ളില്‍ ഉരച്ചോളീ/ അമ്മിഞ്ഞപ്പാലിന്‍ മധുരം ഇന്ന് മറക്കാമോ/ ആയിരം പോറ്റുമ്മ വന്നാല്‍ സ്വന്തം പെറ്റുമ്മയായിടുമോ?’ ‘യത്തീമിന്നത്താണി ഏകിക്കൊണ്ടത്താഴം/ എത്തിക്കോന്നര്‍ക്കെല്ലാം വര്‍ഷിക്കും സഹായം/ മുത്ത് റസൂലിന്റെ മൊഴികളറിഞ്ഞുള്ള മുത്തഖീങ്ങള്‍ക്കാണ് സ്വര്‍ഗത്തില്‍ അത്താഴം’. ‘കരയാനും പറയാനും മനംതുറന്നിരക്കാനും, മൗത്തും ഹയാത്തിനും ഉടമസ്ഥനേ’…. ഞാനാണ് ഇവയൊക്കെയെഴുതിയതെന്ന് പലര്‍ക്കും അറിയില്ല. ‘മക്കാമണല്‍ത്തട്ടില്‍ ഞാന്‍ ചെന്നിട്ടില്ലേലും ആരംഭ മുത്ത് റസൂലെ കണ്ടു’. ഈയടുത്തെഴുതിയതാണിത്.
വാട്ട്‌സ്ആപ്പിലൊക്കെ ട്രെന്‍ഡായി ഒരു പാട്ട് ഈയടുത്ത് എഴുതി. പക്ഷേ അതെഴുതിയത് ഞാനാണെന്ന് പലര്‍ക്കുമറിയില്ലായിരുന്നു. ഒടുവില്‍ അത് തെറ്റിച്ച് പാടിയപ്പോഴാണ് ഞാന്‍ രംഗത്തെത്തിയത്. ‘മക്കത്ത് പൂത്തൊരു ഈത്ത മരത്തിലെ ഒരിലയായെങ്കില്‍’- അത് ഈന്ത മരമെന്ന് പാടി. അങ്ങനെ പാടാന്‍ പാടില്ലല്ലൊ.

? പുതിയ സാഹചര്യത്തില്‍ നബിദിന ഗാന രചനാ മേഖലയില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങിയോ
ഏയ് ഇല്ലില്ല. ഒരു മാസം മുമ്പും എഴുതിയിട്ടുണ്ട്. ‘മക്കത്ത് നബിവന്ന് പിറന്നില്ലെങ്കില്‍/ മശ്‌രിഖും മഗ്‌രിബും ഇരുട്ടിലല്ലേ/ മഹ്മൂദര്‍ യാസീനൊന്നുദിച്ചില്ലെങ്കില്‍/ മനുഷ്യമനസ്സാകെ ഇബ്‌ലീസല്ലേ..’ മശ്‌രിഖ് എന്ന സി ഡിയിലുള്ളതാണിത്. പഴയകാലത്തെ സ്വന്തം പാട്ടുപുസ്തകങ്ങളൊന്നും കൈയിലില്ല. പടച്ചോന്റെ രിസ്ഖ് ആണ് പുസ്തകത്തിന് മുകളിലെ പേര് പലര്‍ക്കും ഓര്‍മയുണ്ട് എന്നത്. പണ്ട് കാലത്ത് മൗലൂദ് യോഗങ്ങള്‍ കെങ്കേമമായി നാട്ടില്‍ നടത്തിയിരുന്നു. പ്രൊഫ. മുഹമ്മദ് ഹസന്‍ പോലെയുള്ളവരെ കൊണ്ടായിരുന്നു പ്രസംഗിപ്പിച്ചത്. അങ്ങാടി മുഴുവന്‍ രണ്ട് ഭാഗത്തും ട്യൂബ് ലൈറ്റിട്ടായിരുന്നു പരിപാടി. വീട്ടിലെ മൗലൂദും ആവേശകരമായിരുന്നു. അന്നത്തെ ആ മഞ്ഞച്ചോറൊക്കെ… ചോറുതിന്നാനുള്ള കാത്തിരിപ്പും ഒന്നിച്ചുള്ള ഭക്ഷണവുമൊക്കെ രസകരമായിരുന്നു. അന്ന് വേണ്ടിയിട്ട് ചെയ്തിരുന്നു. പണ്ട് ഉത്സവമായിരുന്നു നബിദിനം. രാത്രിയുറങ്ങാതെ ഒരുക്കങ്ങള്‍ നടത്തി പിറ്റേന്ന് കൊടി പിടിച്ചുള്ള ജാഥ, ഗോതമ്പ് നുറുക്ക്.. എത്ര സന്തോഷത്തോടെയാണ് നബിദിനത്തെ വരവേറ്റത്. ലിപി പ്രസാധകര്‍ ‘ഇശലിന്റെ കുളിര്‍ക്കാറ്റ്’ എന്ന പേരില്‍ ഞാനെഴുതിയ പാട്ടുകള്‍ കോര്‍ത്തിണക്കി ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്. ഈ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. അതില്‍ തന്നെ നാനൂറ്റിച്ചില്വാനം പാട്ടേയുള്ളൂ. മാണിക്യ മലരായ ബീവി എന്ന പാട്ട് സിനിമയില്‍ വന്ന് വിവാദമായല്ലോ. ആ സാഹചര്യത്തില്‍ അതിനെ വിമര്‍ശിച്ച് ഞാനെഴുതി: ‘മാണിക്യമലരായ പാട്ട്/ മുത്ത് റസൂലിന്റെ പാട്ട്/ ഇത്തരത്തില്‍ സിനിമയാക്കിയ ഹീലത്ത്’. യു ട്യൂബില്‍ 14 ലക്ഷത്തില്‍ പരം ആളുകള്‍ അത് കണ്ടു.

? മാപ്പിളപ്പാട്ട് രചയിതാക്കളുടെ വിഷയങ്ങള്‍ ഏതൊക്കെയായിരുന്നു
പണ്ടത്തെ കെസ്സ് പാട്ട് (തോണിപ്പാട്ട്, വഞ്ചിപ്പാട്ട്, കാളപ്പൂട്ട് പാട്ട്), മദ്ഹ് പാട്ട്, ഭക്തിപാട്ട്, കാതുകുത്ത് പാട്ട്, മൈലാഞ്ചിപാട്ട്, ഒപ്പനപ്പാട്ട്, കൃഷിപ്പാട്ട്, പടപ്പാട്ട്, ഉപദേശഗാനങ്ങള്‍, 1921ലെ സ്വാതന്ത്ര്യസമര ഗാനങ്ങള്‍, ഖിലാഫത്ത് ഗാനങ്ങള്‍, നരിനായാട്ട് (പുലിക്കോട്ടില്‍ ഹൈദര്‍) തുടങ്ങിയവയൊക്കെ മാപ്പിളപ്പാട്ടിന്റെ വകഭേദങ്ങളാണ്. മാപ്പിളപ്പാട്ട് രചയിതാക്കള്‍ കൈകാര്യം ചെയ്യാത്ത വിഷയങ്ങളേയില്ല.
മാപ്പിളപ്പാട്ട് മാപ്പിളമാരുടെതല്ല. അത് മലയാളികളുടെ സ്വത്താണ്. ഭാസ്‌കരന്‍ മാഷൊക്കെ അപാര പാട്ടുകള്‍ എഴുതി. എല്ലാ മതത്തില്‍ പെട്ടവരും മുത്തുപോലെ കൊണ്ടുനടന്നതാണ് മാപ്പിളപ്പാട്ട്. നല്ലളം ബീരാന്‍ക്കയെ പോലുള്ള മാപ്പിളപ്പാട്ട് രചയിതാക്കളൊക്കെ അല്ലാഹുവിനും പ്രവാചകനും സ്വഹാബത്തിനും സ്തുതിയര്‍പ്പിച്ചാണ് തുടങ്ങിയത്. വൈദ്യരുടെ തുടക്കവും അങ്ങനെയായിരുന്നു. ‘അഹദത്തിലെ അലിഫ് അലിഫ്‌ലാം അകമിയം/ അലിഫച്ചരഫൊരുള്‍ ബിസ്മില്ലാഹ്’ പ്രാര്‍ഥനാഗാനത്തോടു കൂടിയുള്ള തുടക്കം. സംസ്‌കൃതം പഠിച്ച, അഷ്ടാംഗഹൃദയമൊക്കെ പഠിച്ച പണ്ഡിതനായിരുന്നു വൈദ്യര്‍. ആ പാണ്ഡിത്യം എഴുത്തിലുമുണ്ട്.

? സമ്പന്നമായ പാരമ്പര്യമുള്ള മാപ്പിളപ്പാട്ടുകളുടെ ഇപ്പോഴത്തെ നിലയെങ്ങനെയാണ് വിലയിരുത്തുന്നത്
മാപ്പിളപ്പാട്ടുകളുടെ കാര്യങ്ങള്‍ മാറിപ്പോയി. മാലപ്പാട്ടും മാപ്പിളപ്പാട്ടും രണ്ടും രണ്ടാണ്. ഇന്ന് രണ്ടും ഒന്നായിപ്പോയി. മാലപ്പാട്ടിന് സ്വന്തം ഈണമുണ്ട്. അത് മാറ്റി പല സദസ്സുകളിലും പാടുന്നു. ഒരു തവണ സംസ്ഥാന കലോത്സവത്തിന് പോയപ്പോള്‍ മാര്‍ക്ക് നല്‍കിയത് കൊല്ലം ടീമിനായിരുന്നു. ആ സമയത്ത് അനൗദ്യോഗികമായി കാര്യം തിരക്കിയപ്പോള്‍ നല്‍കിയ മറുപടി ഇതായിരുന്നു: നിങ്ങള്‍ മാലപ്പാട്ട് അല്ല പാടിയത്, മാപ്പിളപ്പാട്ടാണ്. രണ്ടും വേര്‍തിരിച്ചറിയണം. മാപ്പിളപ്പാട്ട് വിപണിവത്കരിച്ചപ്പോ ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഞാനൊന്നും യഥാര്‍ഥ മാപ്പിളപ്പാട്ടില്‍ നിന്ന് വിട്ടുപോയില്ല എന്ന് വിശ്വസിക്കുന്നു. ഞാനെഴുതുന്ന മാപ്പിളപ്പാട്ടുകള്‍ തനിമ നിലനിര്‍ത്തിയുള്ള തരത്തിലാണ്. ഇടക്കാലത്ത് പെണ്‍കുട്ടികളുടെ പേര് വെച്ച് പാട്ടുകള്‍ ഇറങ്ങി. ആ തരത്തില്‍ ഒരൊറ്റ പാട്ടും എഴുതിയിട്ടില്ല. അന്നത്തെ ആ ട്രെന്‍ഡിന്‍ ഞാന്‍ വശംവദനായിട്ടില്ല. അന്ന് പക്ഷേ ആ പ്രവണതയെ എതിര്‍ത്ത് പാട്ടെഴുതി.’ഖല്‍ബാണ് കുളിരാണ് ഷാഹിന/ കല്‍ക്കണ്ടക്കനിയാണ് ഷാനിബ/ കരളിന്റെ കുളിരാണ് മിസ്‌രിയ/ കനവിന്റെ കതിരാണ് മിസ്‌രിയ/ മാപ്പിളപ്പാട്ടെല്ലാം ഇങ്ങനെ/ മണിമങ്കമാരുടെ പേരും വിലങ്ങനെ/ പാട്ടിന്നധോഗതി നോക്കണേ/ പാട്ടെഴുതുന്നോരും തലകുത്തനെ’. ചാനലുകളെല്ലാം ഇത് ചര്‍ച്ചയാക്കി. പഴയ പാട്ടുകള്‍ അങ്ങനെ നിലനില്‍ക്കണം. അതിന്റെ ഈണവും കാര്യങ്ങളൊന്നും മാറരുത്. പണ്ട് അറബി മലയാളത്തിലായിരുന്നു എഴുതിയത്. വാമൊഴി രീതിയിലായിരുന്നു ആ പാട്ട്. പിന്നീട് മലയാള ഭാഷയില്‍ എഴുതാന്‍ തുടങ്ങി. പ്രാസവും കമ്പിയും കഴുത്തും ഒപ്പിച്ച് മലയാളത്തില്‍ എഴുതിയാലും മാപ്പിളപ്പാട്ടാകും. ഉദാഹരണത്തിന് ചാക്കീരി ബദ്ര്‍ മലയാളത്തിലാണ്. പുലിക്കോട്ടില്‍ ഹൈദര്‍ക്ക, നല്ലളം ബീരാനിക്ക തുടങ്ങിയവരൊക്കെ എഴുതിയത് മലയാളത്തിലാണ്. മാപ്പിളപ്പാട്ടിന്റെ വൃത്ത നിയമങ്ങളെല്ലാം പാലിച്ചായിരുന്നു ആ എഴുത്ത്. അത് ഇല്ലെങ്കില്‍ പാട്ടാകില്ല. ഒന്നാമത് ഇന്ന് ആരും അറബി മലയാളം പഠിക്കുന്നില്ല. മാപ്പിളപ്പാട്ടില്‍ തന്നെ മാപ്പിള പദങ്ങളുണ്ട്. ചൊങ്ക്, റങ്ക്, ചൊറുക്ക്, മൊഞ്ച് തുടങ്ങിയവ മാപ്പിളപദങ്ങളാണ്. എസ് എ ജമീലിന്റെ കത്തുപാട്ടുകളെല്ലാം മാപ്പിളപ്പദങ്ങളുപയോഗിച്ചായിരുന്നു. കവിതയെഴുതിയാല്‍ മാപ്പിളപ്പാട്ടാകില്ല. അങ്ങനെയുള്ള പദങ്ങളും നിയമാവലികളും ഉപയോഗിച്ച് എഴുതിയാലേ മാപ്പിളപ്പാട്ട് ആകൂ. 40 വര്‍ഷമായി ഈ മേഖലയിലുണ്ട്. ഈ വര്‍ഷത്തിനടക്ക് ഞാനെഴുതിയ പാട്ട് നിങ്ങള്‍ കേട്ടിട്ട് അനുകൂല മറുപടി നല്‍കണം എന്ന് ആരോടും പറയേണ്ടി വന്നിട്ടില്ല. വേറെ പണിക്കൊന്നും പോകേണ്ടി വന്നിട്ടില്ല. മാപ്പിളപ്പാട്ടാണ് ഉപ്പും ചോറും നല്‍കുന്നത്. ഇപ്പോള്‍ നബിദിന ഗാനങ്ങള്‍ പുസ്തകമാക്കി ഇറക്കുന്നത് വിരളമാണ്. എല്ലാം റെക്കോര്‍ഡ് ആയി.
ടി കെ ഹംസ മാപ്പിളപ്പാട്ടുകളുടെ കാലഗണന താരതമ്യപ്പെടുത്തുന്നത് ആര്‍ക്കും മനസ്സിലാകുന്ന രീതിയിലാണ്. കോഴിച്ചാറും പത്തിരിയുമാണ് അന്നത്തെ മാപ്പിളപ്പാട്ടും ഇന്നത്തെ മാപ്പിളപ്പാട്ടുമെന്ന് ടി കെ ഹംസ വിവരിക്കാറുണ്ട്. മാപ്പിളപ്പാട്ടിന്റെ ആസ്വാദകര്‍ ഞാന്‍ മനസ്സിലാക്കിയയിടത്തോളം ഭാസ്‌കരന്‍ മാഷ് ചോദിച്ചതുപോലെ, ‘വെറുതെ ഞാനെന്തിന് എരിയും വെയിലത്ത് കയ്‌ലും കുത്തി നടക്ക്ണ്’. ഇവിടെയാണ് മാപ്പിളപ്പാട്ടിന്റെ ആസ്വാദകരുള്ളത്. ലളിതമായിരിക്കണം ഭാഷയും അവതരണവും.

? പുലിക്കോട്ടില്‍ ഹൈദറിനെയും നല്ലളം ബീരാനെയും കുറിച്ച് പറഞ്ഞുവല്ലോ. ഇവര്‍ തമ്മില്‍ പാട്ട് സംവാദം നടന്നതായും പുലിക്കോട്ടില്‍ പുരോഗമനപക്ഷക്കാരനും നല്ലളം പാരമ്പര്യ സൂഫി ധാരയിലുള്ളയാളാണെന്നും ചര്‍ച്ചയുണ്ടല്ലോ
പുലിക്കോട്ടില്‍ ഹൈദര്‍ക്കയും നല്ലളം ബീരാനിക്കയുമൊക്കെ നിമിഷ കവികളായിരുന്നു. അവര്‍ സംസാരിക്കുന്നത് തന്നെ പാട്ടുകൊണ്ടാണ്. അങ്ങോട്ടുമിങ്ങോട്ടും സംവാദവുമുണ്ടായിരുന്നു. നല്ലളം ബീരാനിക്ക പടപ്പാട്ടുകളും മറ്റും പാടിപ്പറഞ്ഞ് നടക്കുന്നയാളായിരുന്നു. പള്ളികളിലൊക്കെ പോയി പാടും. അങ്ങനെ കിട്ടുന്നത് കൊണ്ട് ജീവിക്കും. എന്ത് സംഭവത്തെ കുറിച്ച് പറഞ്ഞാലും അത് പാട്ടായി വരും എന്നതായിരുന്നു നല്ലളത്തിന്റെ പ്രത്യേകത. അദ്ദേഹത്തിന്റെ രണ്ട് വരിപ്പാട്ടുകളൊക്കെ സംഭവമായിരുന്നു. ‘ആരാണ് മുത്തേ കെസ്സ് പാടിപ്പോക്ന്ന്’ എന്ന ചോദ്യത്തിന് ‘ആരമ്പ മുത്ത് ശുജാഇ ബീരാനാണിത്’ എന്നായിരുന്നു മറുപടി.

? ആദ്യമായി പാട്ട് അവതരിപ്പിച്ചത് ഓര്‍മയുണ്ടോ
തഴവ മുഹമ്മദ് കുഞ്ഞി മൗലവിയുടെ മതപ്രഭാഷണ സദസ്സില്‍ അദ്ദേഹത്തിന്റെ ഹാഫ് ടൈമിലാണ് ആദ്യമായിട്ട് പാട്ട് അവതരിപ്പിക്കുന്നത്. നാടായ വെള്ളിപറമ്പ്ന്ന്. തഴവ ഉസ്താദ് ചായകുടിക്കുന്ന സമയത്തായിരുന്നു. തഴവയും ശുകപുരവുമൊക്കെ വയള് പറയുന്നിടത്ത് ഗംഭീര ആള്‍ക്കൂട്ടമുണ്ടാകും. സുബ്ഹി വരെയായിരിക്കും പ്രഭാഷണം. ഈ പാട്ട് പാടിക്കഴിഞ്ഞപ്പോ തഴവ ഉസ്താദ് വലിയൊരു ദുആ എനിക്ക് വേണ്ടി നടത്തി. ആ ദുആയുടെ ഫലമാണ് ഇന്ന് നിങ്ങളുടെ മുമ്പിലിരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം. ഈ കുട്ടീനെ ഈ രംഗത്ത് ഉയര്‍ത്തി വളര്‍ത്തി വലുതാക്കണേ എന്നായിരുന്നു ആ ദുആ. തഴവയുടെ പാട്ടും വലിയ മാനങ്ങളുള്ളതായിരുന്നു. മാപ്പിളപ്പാട്ടിന്റെയും മൗലിദിന്റെയും കാമ്പ് വിനയവും അദബുമാണ്. മനസ്സിലേക്ക് നബിയെത്തണം. മക്കയും മദീനയുമൊക്കെ കാണുന്നതിന് മുമ്പാണ് പല ഹിറ്റ് പാട്ടുകളും എഴുതിയത്. റിയാദില്‍ നിന്ന് മക്കത്തേക്ക് പോകുന്ന വഴിയില്‍ ചരിത്ര സ്ഥലങ്ങളുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന സൂചനാ ബോര്‍ഡുകള്‍ കാണുമ്പോ ചങ്ക് പിടച്ചു. മുമ്പെഴുതിയ സ്ഥലത്തേക്കാണല്ലോ പോകുന്നതെന്ന ചിന്ത പിടികൂടി. കണ്ണുനിറഞ്ഞു. പാട്ടുകൊണ്ടാണ് അവിടെയൊക്കെ എത്തിയത്. പാട്ടിന്റെ ശക്തിയാണത്.
മലബാറിലെ മാപ്പിളമാരുടെ വികസനത്തിനും മാപ്പിളപ്പാട്ടിന്റെ വളര്‍ച്ചക്കുമെല്ലാം കാരണമായത് ഗള്‍ഫ് മലയാളികളെ കൊണ്ടാണ്. ഐശ്വര്യങ്ങള്‍ക്ക് പിന്നില്‍ ഗള്‍ഫ് മലയാളികളുടെ വിയര്‍പ്പാണ്.

? നബി തങ്ങളെ പറ്റിയല്ലാതെ വേറെ ഏതൊക്കെ വിഷയങ്ങളിലാണ് പാട്ടെഴുതിയത്
ബദ്‌റിനെ പറ്റി പാട്ടെഴുതിയിട്ടുണ്ട്. ‘ഇറങ്ങി മലക്കുകള്‍ ബദ്‌റിലന്ന്’ തുടങ്ങിയവ. ബദ്‌റിനെ പറ്റി ധാരാളം പാട്ടെഴുതി. ഖൈബര്‍ എഴുതി, അലിയാര്‍ തങ്ങളുടെ ശൂരത്വം, അബ്‌റഹത് രാജാവിന്റെ ആനപ്പട, കര്‍ബല എന്നിവയെ കുറിച്ച് പാട്ടെഴുതി. കേരളത്തില്‍ വഫാതായ എല്ലാ മഹാന്മാരെ പറ്റിയും കഥാപ്രസംഗം എഴുതി. സി എം വലിയ്യുല്ലാഹിയുടെ ഫസ്റ്റ് കഥാപ്രസംഗം എന്റെതാണ്. മമ്പുറം തങ്ങള്‍, മാലിക്ബ്‌നു ദീനാര്‍, പുത്തന്‍പള്ളി, വെളിയംകോട് ഉമര്‍ ഖാസി, അജ്മീര്‍, മുത്തുപ്പേട്ട തുടങ്ങിയയിടത്തെ മഹാന്മാരെ പറ്റി കഥാപ്രസംഗവും പാട്ടുമെഴുതിയിട്ടുണ്ട്. പ്രശസ്തമായ മഖ്ബറ എന്ന പാട്ടു പരമ്പര ആദ്യം ഇറക്കിയത് ഞാനാണ്. അധികമാര്‍ക്കും അറിയാത്ത നഫീസതുല്‍ മിസ്‌രിയ കഥാപ്രസംഗം എഴുതി. ചരിത്ര പുസ്തകങ്ങള്‍ വാങ്ങിപ്പഠിച്ചാണ് എഴുതിയത്. അധികമാരും എഴുതാത്ത റസൂലിന്റെ ചരിത്രങ്ങള്‍ എഴുതി. ബദ്‌റില്‍ എല്ലാവരും എഴുതുക ഹംസത്തുല്‍ എന്നവരുടെ ചരിത്രമാണ്. ഞാന്‍ മിസ്അബ് ബ്‌നു ഉമര്‍ (റ)ന്റെത് എഴുതി. വല്ലാത്ത ചരിത്രമാണത്. എഴുതുമ്പം തന്നെ മനസ്സ് പിടച്ചുപോയ ചരിത്രം. ‘മക്കത്തെ ജബലുകള്‍ കിടുകിടുത്തു/ ശക്തനാം ഉമറിന്റെ വരവിനൊത്ത്/ ഹഖൊത്ത മുഹമ്മദിന്‍ ശിരസ്സെടുത്ത്/ ഇക്കയ്യില്‍ കൊണ്ടുവരും എന്ന് കരുതീട്ട്/ ഉടവാള്‍ ഊരിയെടുത്ത് ഉമറതാ കുതിരപ്പുറത്ത്’ ഉമര്‍ ഖത്വാബ് കൊല്ലാന്‍ വന്നപ്പോഴുള്ള സംഭവത്തെ കുറിച്ചുള്ള പാട്ട്. പടച്ചോന്‍ സഹായിച്ചിട്ട് എഴുതാത്ത ചരിത്രം കുറവാ. സംശയം തോന്നുന്നത് വലിയ വലിയ പണ്ഡിതന്മാരോട് ചോദിച്ച് നിവാരണം നടത്തും. അതുകൊണ്ട് അബദ്ധങ്ങളൊന്നും പറ്റീട്ടില്ല.
.