അമൃത്‌സര്‍ സ്‌ഫോടനം: പിന്നില്‍ ഐ എസ് ഐയെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

Posted on: November 21, 2018 5:22 pm | Last updated: November 21, 2018 at 9:24 pm

ന്യൂഡല്‍ഹി: മൂന്നു പേര്‍ കൊല്ലപ്പെടാനിടയായ അമൃത്‌സര്‍ സ്‌ഫോടനത്തില്‍ പാക്കിസ്ഥാനു ബന്ധമുണ്ടെന്ന ആരോപണവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. ആക്രമണത്തില്‍ ഉള്‍പ്പെട്ട ബിക്രംജിത്ത് സിംഗ് (26) എന്നയാളെ അറസ്റ്റു ചെയ്തതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും സൈന്യം കണ്ടെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് കുഴപ്പങ്ങളുണ്ടാക്കാന്‍ പാക് ചാര സംഘടനയായ ഐ എസ് ഐ ശ്രമിച്ചു വരികയാണ്. സംഭവ സ്ഥലത്തു നിന്നു കണ്ടെടുത്ത തരം ഗ്രനേഡ് പാക് ഫാക്ടറിയില്‍ നിര്‍മിക്കുന്നതാണെന്ന് ഫോട്ടോ സഹിതം സിംഗ് വിശദീകരിച്ചു. കശ്മീരില്‍ ഇന്ത്യന്‍ സേനക്കു നേരെ ഉപയോഗിക്കുന്നതും ഇത്തരം ഗ്രനേഡുകളാണ്. ഐ എസ് ഐ അതിന്റെ നീക്കങ്ങള്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കുന്നതായി ഇതു വ്യക്തമാക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ആരാധനക്കായി ഇവിടുത്തെ പ്രാര്‍ഥനാലയത്തില്‍ എത്തിയ ജനക്കൂട്ടത്തിനു നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരു വൈദികനും ഉള്‍പ്പെട്ടിരുന്നു. 20 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.