Connect with us

Cover Story

മാല്‌ന ചാറൂ അദൂദ് ചേലൂംഗ്‌

Published

|

Last Updated

മയം പതിനൊന്നരയും പിന്നിട്ടു. പതിനൊന്നിനെങ്കിലുമെത്തിച്ചേരണമെന്നായിരുന്നു സംഘാടകരുടെ നിര്‍ദേശം. ജമ്മു കശ്മീരിലെ വൈജ്ഞാനിക പുനഃക്രമീകരണത്തിനായി ശൗഖത്ത് നഈമി അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുപ്പത് സ്‌കൂളുകളില്‍ ഒന്നായ പൂഞ്ച് ജില്ലയിലെ യാസീന്‍ ഇംഗ്ലീഷ് സ്‌കൂള്‍ മണ്ടിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. സമയം ഏറെ വൈകി. ലക്ഷ്യത്തിലെത്താന്‍ കിലോമീറ്ററുകള്‍ ഇനിയും ബാക്കി. ഇടക്കിടെ ഗതാഗത കുരുക്കില്‍ കുടുങ്ങി കാത്തിരിക്കാനാണ് വിധി. യാത്ര തുടങ്ങി ഇത് മൂന്നാം തവണയാണ് കുരുക്കില്‍ കുടുങ്ങുന്നത്. വാഹനങ്ങള്‍ കാരണമാണ് കുരുക്ക് എന്ന് കരുതിയെങ്കില്‍ തെറ്റി. റോഡ് നിറഞ്ഞ് നടക്കുന്ന ആട്ടിന്‍പറ്റങ്ങളാണ് കുരുക്കുണ്ടാക്കുന്നത്. പക്ഷേ അത് ആരിലും അലോസരം തീര്‍ക്കുന്നില്ല. പാരമ്പര്യമായി പകര്‍ന്ന് കിട്ടിയ സവിശേഷ ചൂളംവിളി മുഴക്കി ഇടയന്‍മാര്‍ ആട്ടിന്‍ പറ്റങ്ങളെ ഒരു ഭാഗത്ത് ഒതുക്കി, വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാന്‍ ആവുംവിധം ശ്രമിക്കുന്നുണ്ട്.

മുന്നില്‍ പ്രായമേറിയ ഒരാള്‍ നായയുമായി നടക്കുന്നു. പിന്നാലെ നൂറിലേറെ വരുന്ന ആട്ടിന്‍കൂട്ടം. അവയെ നിയന്ത്രിക്കാന്‍ യുവാക്കളായ ആട്ടിടയന്മാര്‍. കാഴ്ചയില്‍ പത്ത് വയസ്സ് തികയാത്ത കുട്ടികള്‍ ചെറിയ ആട്ടിന്‍കുട്ടികളെ എടുത്ത് നടക്കുന്നതും ലാളിക്കുന്നതും കാണാം. അത്തരം കുട്ടികളുടെ മുഖങ്ങള്‍ ഒരു നീറ്റലായി മനസ്സിനെ വേദനിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം കത്വയില്‍ നരാധമരാല്‍ പിച്ചിച്ചീന്തപ്പെട്ട എട്ടുവയസ്സുകാരി കുഞ്ഞുസഹോദരിയുടെ നിഷ്‌കളങ്ക മുഖത്തെ ഓര്‍മിപ്പിക്കുന്നു എന്നതാണ് ഏറെ നൊമ്പരപ്പെടുത്തുന്നത്. തന്റെ ആടിനെ അന്വേഷിച്ചിറങ്ങിയ ആ കുഞ്ഞുസഹോദരിയെ ദിവസങ്ങളോളം മൃഗീയമായി പീഡിപ്പിച്ച് അരുംകൊല ചെയ്ത മനുഷ്യക്കോലം കെട്ടിയ വൈകൃതങ്ങളെ പോലീസ് പിടിച്ചപ്പോഴാണ് ഇരയുടെ പേരിനൊപ്പം അവള്‍ പ്രതിനിധാനം ചെയ്യുന്ന ബക്ര്‍വാള്‍ സമൂഹം പൊതുശ്രദ്ധയിലേക്ക് വരുന്നത്.

ആട്ടിന്‍ പാലൊഴിച്ച ഉപ്പുചായ
ഇരുപതുകാരനായ മുഖ്താര്‍ അഹ്മദ് എന്ന ബക്ര്‍വാള്‍ സമൂഹത്തിന്റെ പുതുതലമുറ പ്രതിനിധിയുടെ അടുത്തേക്കാണ് പര്‍വേസ് മൗലാന എന്നെയും കൊണ്ട് പോയത്. ബക്ര്‍വാളുകളെ കുറിച്ചുള്ള അക്കാദമിക് വിവരങ്ങള്‍ക്കപ്പുറം പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളും തുടിപ്പുകളും അറിയാനുള്ള പ്രധാന തടസ്സം അവരുടെ ഭാഷയാണ്. ഗോജിരീയെന്ന നാട്ടുഭാഷയാണ് അവര്‍ ഉപയോഗിക്കുന്നത്. പോരാത്തതിന് പരിചയമില്ലാത്ത പുറംനാട്ടുകാരോട് കൃത്യമായ അകലം പാലിച്ചാണ് ഇടപഴകുക. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് യെസ് ഇന്ത്യാ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ചിലെ റസാഉല്‍ ഉലൂം ഇസ്‌ലാമിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇസ്‌ലാമിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന പര്‍വേസ് മൗലാനയുടെ സഹായം തേടിയത്.

ഞങ്ങള്‍ ബന്‍വതിലെ മലമുകളില്‍ എത്തുമ്പോള്‍ മുഖ്താര്‍ അഹ്മദ് മരത്തില്‍ നിന്ന് ആടുകള്‍ക്ക് ഇല വെട്ടിനല്‍കുകയായിരുന്നു. പ്രായം ഇരുപതാണെങ്കിലും ജീവിതാനുഭവത്തിന്റെ തീക്ഷ്ണതകള്‍ ആ മുഖത്ത് വിങ്ങലായി നിഴലിച്ചിരുന്നു. കശ്മീരിലെ ഗുല്‍മര്‍ഗില്‍ നിന്ന് ആട്ടിന്‍പറ്റങ്ങളുമായി മുഖ്താറും കുടുംബവും ഒക്‌ടോബര്‍ അവസാന വാരത്തിലാണ് പൂഞ്ചിലെത്തിയത്. കുടുംബത്തിലെ മറ്റുള്ളവര്‍ ഖാസിമോഡയിലെ വീട്ടില്‍ വിശ്രമത്തിലാണ്. കൂട്ടിന് അനുജനുണ്ട്. മുഖ്താര്‍ അഹ്മദില്‍ നിന്ന് വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിനിടയില്‍ അനുജന്‍ ഗുലാം അഹ്മദ് ചായയുമായെത്തി. നൂണ്‍ചായ (ഉപ്പുചായ)യായതിനാല്‍ കുടിക്കാന്‍ ഞാനൊന്ന് ശങ്കിച്ചപ്പോള്‍ നിഷ്‌കളങ്കമായി ചിരിച്ച് ഗുലാം പറഞ്ഞു “സര്‍ജീ കുടിച്ചോളൂ, മായം ചേരാത്ത ആട്ടിന്‍ പാലില്‍ ഉണ്ടാക്കിയ ചായയാണ്”. പിന്നീട് സംഭാഷണം ഭക്ഷണത്തെ പറ്റിയായി. “യാത്രയുടെ തുടക്കത്തില്‍ ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ഗോഡ (കോവര്‍ കഴുത)യുടെ പുറത്ത് ലോഡായി കയറ്റും. രാവിലെ മക്കി റൊട്ടി (ചോളം പൊടിച്ചുണ്ടാക്കുന്ന റൊട്ടി)യും നൂണ്‍ചായയും ഉച്ചക്ക് ചോറും പച്ചക്കറിയും രാത്രി മക്കി റൊട്ടിയുമാണ് ബക്ര്‍വാളുകളുടെ സാധാരണ മെനു. പാകം ചെയ്യാന്‍ കൂട്ടത്തില്‍ സ്ത്രീകളുണ്ടാകും. അവരാണ് ഗോഡയോടൊപ്പം നടക്കുക. മുന്‍നിശ്ചയ പ്രകാരം ഒരു സ്ഥലത്ത് തമ്പടിച്ച് ആട്ടിന്‍പറ്റവുമായി വരുന്നവര്‍ക്കുള്ള ഭക്ഷണവും മറ്റും അവര്‍ തയ്യാര്‍ ചെയ്തുവെക്കും. രോഗങ്ങളോ മറ്റോ ഉണ്ടായാല്‍ പ്രതിരോധത്തിനാവശ്യമായ മരുന്നുകള്‍ കരുതിയാണ് യാത്ര തുടങ്ങുക. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ പച്ചില മരുന്നുകളും പ്രയോഗിക്കാറുണ്ട്. മൃഗങ്ങള്‍ക്ക് പ്രധാനമായും നാടന്‍ ചികിത്സകളാണ് നല്‍കാറുള്ളത്.

മേല്‍വിലാസങ്ങള്‍ക്കപ്പുറം
ഉത്തരേന്ത്യയില്‍ തണുപ്പുകാലം തുടങ്ങിയിരിക്കുന്നു. ആട്ടിന്‍കൂട്ടങ്ങളും ഇടയന്മാരും കുടുംബാംഗങ്ങളും ഈ കാലയളവില്‍ ജമ്മു കശ്മീരിലെ നിരത്തുകളില്‍ പതിവുകാഴ്ചയാണ്. ഉത്തരേന്ത്യയില്‍ ഇപ്പോഴും തുടരുന്ന ജാതിശ്രേണിയിലെ താഴ്ന്ന വിഭാഗങ്ങളിലൊന്നാണ് ഗുജ്ജര്‍ ബക്ര്‍വാള്‍സ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സംവരണ പട്ടികയില്‍ ഈ വിഭാഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കന്നുകാലികളെ പരിപാലിച്ചു കഴിയുന്നവരാണ് ഗുജ്ജറുകള്‍. ബക്ര്‍വാള്‍സ് പേരുസൂചിപ്പിക്കുംപോലെ ആട്ടിടയന്മാരായി കഴിയുന്നു. ഇന്‍ഡിക് ഭാഷകളില്‍ “ബകറ” എന്നാല്‍ ആടും “വാള്‍” എന്നാല്‍ പരിപാലിക്കുന്നവന്‍/ നോക്കിനടത്തുന്നയാള്‍ എന്നുമാണര്‍ഥം. പീര്‍പഞ്ചാല്‍ മേഖലകളില്‍ പാരമ്പര്യമായി ആടുകളെ മേയ്ച്ചുനടക്കുന്നവരെയാണ് ബക്ര്‍വാള്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. കുറഞ്ഞത് അമ്പത് മുതല്‍ നൂറ് വരെയെങ്കിലും ആടുകള്‍ ഒരു കുടുംബത്തിനുണ്ടാകും. ചിലരുടെയടുക്കല്‍ ആയിരത്തോളം വരും. പാരമ്പര്യമായി കിട്ടിയ ആടുകളെ പരിപാലിക്കുന്നവരും മറ്റുള്ളവരുടെത് നോക്കിനടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്. പ്രധാനമായും രണ്ട് സമയങ്ങളിലാണ് ബക്ര്‍വാളുകള്‍ ആട്ടിന്‍പറ്റങ്ങളുമായി ദേശാടനം നടത്താറുള്ളത്. ഒന്ന് തണുപ്പ് കാലാരംഭത്തില്‍ (ഒക്‌ടോബര്‍- നവംബര്‍) തണുപ്പ് താരതമ്യേന കുറവുള്ള മലയടിവാരങ്ങളിലേക്ക്. രണ്ടാമത്തേത് ഉഷ്ണാരംഭത്തില്‍ (മാര്‍ച്ച് – ഏപ്രില്‍) മലയടിവാരങ്ങളില്‍ നിന്ന് തിരിച്ചുള്ള യാത്ര. ഈ യാത്രകള്‍ക്ക് ചിലപ്പോള്‍ പത്ത്- പന്ത്രണ്ട് ദിവസങ്ങളുടെ നീളമുണ്ടാകും. കാല്‍നട എന്നതാണ് കൗതുകകരം.

ചില ബക്ര്‍വാള്‍ കുടുംബങ്ങള്‍ സാമ്പ്രദായിക രീതിയില്‍ നിന്ന് മാറിസഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. നീണ്ട കാല്‍നടയാത്രയുടെ ക്ഷീണവും പ്രയാസങ്ങളും ഒഴിവാക്കാന്‍ ആട്ടിന്‍പറ്റങ്ങളെയും കുടുംബാംഗങ്ങളെയും ട്രക്കുകള്‍ വഴി ലക്ഷ്യസ്ഥാനത്തേക്കെത്തിക്കുന്നതാണ് ഇവരുടെ ശൈലി. മറ്റുചിലര്‍ പാരമ്പര്യം തീര്‍ത്തും അറുത്തുമാറ്റി സ്ഥിരതാമസക്കാരായി കഴിയുന്നു. അവര്‍ സര്‍ക്കാര്‍ അനുവദിക്കുന്ന സംവരണസാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തി നടപ്പുകാലത്തോട് മത്സരിക്കാനുള്ള അറിവും പ്രാപ്തിയും കൈമുതലാക്കി വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരായും ഓഫീസുകളില്‍ ഉദ്യോഗസ്ഥരായും പ്രവര്‍ത്തിക്കുന്ന ബക്ര്‍വാളുകളും ധാരാളമുണ്ട്. ഇന്ത്യാ- പാക് എല്‍ ഒ സിയുടെ ആറ് കിലോമീറ്റര്‍ ഇപ്പുറം സ്ഥിതി ചെയ്യുന്ന നഗരമാണ് പൂഞ്ച്- വിശുദ്ധരുടെ നഗരം. തണുപ്പ് കാലത്ത് കശ്മീരില്‍ നിന്ന് ധാരാളം ബക്ര്‍വാള്‍ കുടുംബങ്ങള്‍ നഗരത്തിന്റെ പ്രാന്തങ്ങളില്‍ വന്നുതാമസിക്കാറുണ്ട്. ചരിത്ര പ്രാധാന്യമുള്ള മുഗള്‍ റോഡിലൂടെയാണ് ഇവരുടെ യാത്ര. പൂഞ്ച് ജില്ലയെ കശ്മീരുമായി ബന്ധിപ്പിക്കുന്ന 185 കിലോമീറ്റര്‍ ദൂരമുള്ള ഈ പാത വര്‍ഷത്തില്‍ അഞ്ച് മാസം മഞ്ഞുവീഴ്ച കാരണം അടഞ്ഞുകിടക്കും. 1586ല്‍ അക്ബര്‍ ചക്രവര്‍ത്തി കശ്മീര്‍ പിടിച്ചടക്കാനായി ഉപയോഗിച്ച പാതയാണിത്. അദ്ദേഹത്തിന്റെ മകന്‍ ജഹാംഗീര്‍ കശ്മീരിലാണ് മരിച്ചത്. ജഹാംഗീറിന്റെ ഭാര്യ നൂര്‍ജഹാന്‍ കുളിക്കാനുപയോഗിച്ച വെള്ളച്ചാട്ടം നൂരിഛെബ് എന്ന പേരില്‍ പ്രസിദ്ധമാണ്.

“തം ഡര്‍നാ ക്യോം”
യാത്രയില്‍ വല്ല പ്രയാസങ്ങളോ മറ്റോ ഉണ്ടാകാറുണ്ടോയെന്ന പര്‍വേസ് മൗലാനയുടെ ചോദ്യത്തിന്, ഉദ്ദേശ്യം മനസ്സിലാക്കിയത് പോലെ മുഖ്താര്‍ അഹ്മദ് ഒന്നു പകച്ചു. “തം ഡര്‍നാ ക്യോം”.. എന്ന് ചോദിച്ച് മുഖ്താറിനെ മൗലാന ധൈര്യപ്പെടുത്തി. “ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. പഴയകാലത്ത് തീവ്രവാദികളില്‍ നിന്നും മറ്റും പല പ്രയാസങ്ങളും നേരിട്ടതായി പൂര്‍വികര്‍ പറയാറുണ്ട്. പലപ്പോഴും തീവ്രവാദികള്‍ വഴിചോദിച്ച് കൂട്ടത്തില്‍ കൂടിയതായി അവര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പോള്‍ യാത്രക്ക് മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസില്‍ ചെന്ന് യാത്രാരേഖകള്‍ പുതുക്കണം. അവിടെ കൃത്യമായ രേഖകള്‍ നല്‍കണം. മാത്രമല്ല, ഇപ്പോള്‍ സാഹചര്യം ഏറെ മാറിയിരിക്കുന്നു. പ്രശ്‌നക്കാരുടെ എണ്ണം വളരെ ചുരുങ്ങുകയും ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു.” മുഖ്താര്‍ അഹ്മദോ കുടുംബത്തിലെ മറ്റുള്ളവരോ സ്‌കൂള്‍ മുറ്റം കണ്ടിട്ടില്ല. മാത്രമല്ല, മൊബൈല്‍ ഫോണ്‍ പോലും ഈ ചെറുപ്പക്കാരന്‍ ഉപയോഗിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തി. ഔദ്യോഗികരേഖ പ്രകാരം ബക്ര്‍വാള്‍ സമൂഹത്തിലെ സാക്ഷരതാ നിരക്ക് കേവലം ഒരു ശതമാനമാണ്. സര്‍ക്കാറുകള്‍ ഇവര്‍ക്കുവേണ്ടി മൊബൈല്‍ സ്‌കൂള്‍ സംവിധാനം ആരംഭിച്ചിട്ടുണ്ടെങ്കിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷത്തെ കണക്കനുസരിച്ച് 25 മൊബൈല്‍ സ്‌കൂളുകളിലായി 801 വിദ്യാര്‍ഥികള്‍ (410 ആണ്‍കുട്ടികളും 391 പെണ്‍കുട്ടികളും) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുഖ്താര്‍ അഹ്മദ് ചെറുപ്പം തൊട്ടേ ആടുകള്‍ക്കൊപ്പമാണ്. ഇനിയുള്ള ജീവിതവും അവര്‍ക്കൊപ്പം കഴിയാനാണ് തീരുമാനം. മേല്‍വിലാസങ്ങളില്ലാത്ത ഒരു ജനതയുടെ പ്രതിനിധിയായി. അവസാനം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവന്‍ ഞങ്ങള്‍ക്കായി ഒരു പാട്ട് പാടിത്തന്നു. അവരുടെ ദേശാടനത്തില്‍ പാടുന്ന പാട്ട്. തന്റെ കുടുംബാംഗങ്ങളെ യാത്രക്ക് ഊര്‍ജപ്പെടുത്തുന്നതാണ് ഗോജിരീ ഭാഷയിലുള്ള ഈ പാട്ടിന്റെ ഇതിവൃത്തം:
“ബേലോ ഠോകാംഗ് നാ ഹോ ആജ്
തയ്യാറ് വേ
മേരോ മാഹി ഗ്യേ നാല് പ്യാറ് വേ
ഉഠ് സവേര മെഹ്‌സാന്‍ നാ മേലൂംഗ്
മാല്‌ന ചാറൂ ആ ദൂദ് ചേലൂംഗ്
ലൗംഗ് മകന്‍ ഗാ റോസ് അമ്പാര്‍ വേ
മേരോ മാഹി ഗ്യേ നാല് പ്യാര്‍ വേ
ഠോക് മേരി ഗോ തന്‍ഡോ പാനി
റല്‍ മില്‍ ബ്യേസേ ദോസ്ത ജാനി
സര്‍ തലംഗ് ഗ്യേ ആദ് ബശ് കാര്‍ വേ
മേരോ മാഹി ഗ്യേ നാല് പ്യാര്‍ വേ”
(പെട്ടെന്നിറങ്ങാം പുല്‍മേട്ടിലേക്ക്
എന്‍ സ്‌നേഹിതരേ…
എന്‍ ആത്മമിത്രങ്ങളെ
ഉഷസ്സില്‍ ഉണര്‍ന്നെണീറ്റ്
നമുക്ക് അകിടുകള്‍ കറന്നെടുക്കാം
വെണ്ണ കടഞ്ഞെടുക്കാം
പാല്‍ക്കട്ടി ഉരുളകളാക്കി ആസ്വദിക്കാം…
എന്‍ സ്‌നേഹിതരേ…
എന്‍ ആത്മമിത്രങ്ങളെ
നമ്മുടെയീ സൗഹൃദക്കൂട്ടിന് കുളിരേറെയാണെന്‍
പൂല്‍മേട്ടിന്നിടയിലൂടെ ഒഴുകും അരുവിതന്‍ കുളിര്‍മ
എന്‍ സ്‌നേഹിതരേ… എന്‍ ആത്മമിത്രങ്ങളെ)
(യെസ് ഇന്ത്യ ഫൗണ്ടേഷന് കീഴിലുള്ള പൂഞ്ച് റസാഉല്‍ ഉലൂം ഇസ്‌ലാമിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ്
ലേഖകന്‍)
.

---- facebook comment plugin here -----

Latest