മോദിക്ക് അദ്ദേഹത്തിന്റെ സ്ഥാനം കാട്ടിക്കൊടുക്കാന്‍ ഊര്‍ജിത് പട്ടേലിന് നട്ടെല്ലുണ്ടാകുമെന്ന് പ്രതീക്ഷ: രാഹുല്‍

Posted on: November 19, 2018 7:32 pm | Last updated: November 19, 2018 at 7:32 pm

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) ബോര്‍ഡ് യോഗം ഇന്ന് ചേര്‍ന്നതിനിടെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് അദ്ദേഹത്തിന്റെ സ്ഥാനമെന്താണെന്ന് കാണിച്ചുകൊടുക്കാന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനു നട്ടെല്ലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എല്ലാ സ്ഥാപനങ്ങളും കൈയടക്കി തകര്‍ക്കുകയാണ് മോദിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമെന്നും രാഹുല്‍ പറഞ്ഞു.

കരുതല്‍ ധനത്തിന്റെ നിയന്ത്രണം ലഭിക്കുന്നതിന് ആര്‍ ബി ഐയെ വരുതിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സ്വയംഭരണ സ്വാതന്ത്ര്യമുള്ള റിസര്‍വ് ബേങ്കിനെ പൂര്‍ണമായി തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നതിന് മേല്‍നോട്ട സമിതി കൊണ്ടുവരാന്‍ ശ്രമം നടത്തിവരികയാണ് സര്‍ക്കാര്‍.