കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച ശബരിമലയില്‍

Posted on: November 18, 2018 6:37 pm | Last updated: November 18, 2018 at 7:42 pm

തിരുവനന്തപുരം: ശബരിമല വിഷയം കത്തിനില്‍ക്കെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച സന്നിധാനത്തെത്തും. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പമ്പയിലെത്തുമെന്ന് മന്ത്രി ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. തീര്‍ഥാടകര്‍ക്കായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍ വിലയിരുത്താനാണ് കേന്ദ്രമന്ത്രിയുടെ വരവെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രളയംമൂലം ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നതായാണ് രണ്ട് മാസം മുമ്പ് ശബരിമല സന്ദര്‍ശിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞതെന്ന് കണ്ണന്താനം പറഞ്ഞു. എന്നാല്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല ദര്‍ശനത്തിനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ പോലീസ് നിലക്കലില്‍വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെയാണ് കേന്ദ്രമന്ത്രിയുടെ വരവ്.