Connect with us

Gulf

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം യു എ ഇയെ ബാധിക്കില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

Published

|

Last Updated

ദുബൈ: ബംഗാള്‍ കടലില്‍ രൂപം കൊണ്ട ഉഷ്ണമേഖലാ ന്യൂനമര്‍ദം തെക്ക് കിഴക്കന്‍ അറേബ്യന്‍ കടലിലേക്ക് നീങ്ങുന്നതിന്റെ ഫലമായി യു എ ഇയില്‍ പ്രതിഫലിക്കില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ഉള്‍കൊണ്ട ഈ പ്രതിഭാസം ഇന്നലെ രാവിലെയോടെയാണ് അറേബ്യന്‍ കടലിലേക്ക് നീങ്ങിയത്. ദക്ഷിണേന്ത്യയുടെ ചില സംസ്ഥാനങ്ങളിലൂടെയായിരുന്നു ഇത്. അക്ഷാംശ രേഖക്ക് 9.8 ഡിഗ്രി വടക്കും വൃത്താംശ രേഖക്ക് 73.7 ഡിഗ്രി കിഴക്ക് മാറിയുമാണ് ഇന്നലെ സ്ഥിതി ചെയ്തിരുന്നത്.
ഇതിന്റെ വേഗത മണിക്കൂറില്‍ 18 കിലോമീറ്റര്‍ എന്ന രീതിയില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറോട്ട് നീങ്ങുന്നതായാണ് റിപോര്‍ട്ടുകള്‍. ഇതിനോടൊപ്പം മഴ മേഘങ്ങള്‍ കനത്തു കാറ്റിന് 55 മുതല്‍ 65 കിലോമീറ്റര്‍ വരെ മണിക്കൂറില്‍ വേഗത കൈവരിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.

അതേസമയം, ഈ പ്രതിഭാസത്തിന്റെ ഭാഗമായി യു എ ഇയില്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകില്ലെന്നും മറിച്ചു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പൊതു ജനങ്ങള്‍ വഞ്ചിതരാകരുതെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി ദേശീയ കേന്ദ്രത്തിന്റെ സാമൂഹിക മാധ്യമങ്ങളിലുള്ള ഔദ്യോഗിക ചാനലുകള്‍ വഴി പുറത്തു വിടുന്നതാണെന്നും കാലാവസ്ഥാ കേന്ദ്രം പുറത്തു വിട്ട വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Latest