ആദരവിന്റെയും ശ്രേഷ്ഠതയുടെയും ഉറവിടം

Posted on: November 18, 2018 5:05 pm | Last updated: November 23, 2018 at 10:00 pm

സന്തോഷത്തിന്റെ അമൃത വര്‍ഷമായി വീണ്ടും റബീഉല്‍ അവ്വല്‍ വന്നെത്തിയിരിക്കുന്നു. വിശ്വാസത്തിന്റെ ചെറിയ അംശമെങ്കിലും ഹൃദയത്തിലുള്ള ഏതൊരു വിശ്വാസിയും അതിരറ്റ് സന്തോഷിക്കുന്നതാണീ അവസരം. വിശ്വാസിക്ക് മാത്രമല്ല പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കള്‍ക്കും സന്തോഷം പകരുന്നതാണീ വസന്ത മാസം. ലോകത്തിന് അനുഗ്രഹമായി അല്ലാഹു അയച്ച തിരുറസൂലിന്റെ ജനനം കൊണ്ട് ശ്രേഷ്ഠത നേടിയ പ്രഥമ വസന്തം.

അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം റസൂലുല്ലാഹി (സ) തങ്ങളിലൂടെ അനുഗ്രഹം നേടിയവരാണ്. അനുഗ്രഹത്തിന്റെയും ആദരവിന്റെയും ശ്രേഷ്ഠതയുടെയും കേന്ദ്രമായി അല്ലാഹു തിരഞ്ഞെടുത്തതാണ് ആരംഭ റസൂലിനെ. എല്ലാ സൃഷ്ടികള്‍ക്കും മുന്നേ നബി(സ) യുടെ പ്രകാശത്തെ അല്ലാഹു സൃഷ്ടിച്ചു. തുടര്‍ന്ന് ദുനിയാവിലും ആഖിറത്തിലുമായി അല്ലാഹു അനുവദിക്കുന്ന മുഴുവന്‍ ബഹുമതികളും അനുഗ്രഹങ്ങളും അവിടുത്തേക്ക് നല്‍കി. അവിടുത്തിലൂടെയാണ് പിന്നീട് അവയെല്ലാം വിതരണം ചെയ്യപ്പെട്ടത്. അല്ലാഹുവിന്റെ അര്‍ശിനും കുര്‍സിയ്യിനും ലൗഹിനും ഖലമിനുമെല്ലാം നല്‍കപ്പെട്ട ബഹുമാനങ്ങള്‍ തിരുനബിയിലൂടെ വിതരണം ചെയ്യപ്പെട്ടതാണ്. ജിബ്‌രീല്‍ (അ) മുതല്‍ മലക്കുകളെല്ലാം ശ്രേഷ്ഠരാക്കപ്പെട്ടതും മുത്ത്‌നബി (സ) മുഖേന തന്നെയാണ്.

ല്ലാ നബിമാര്‍ക്കും നല്‍കപ്പെട്ട ആദരവുകളും മുഅ്ജിസത്തുകളും യഥാര്‍ഥത്തില്‍ റസൂലുല്ലാഹി (സ) തങ്ങളുടേതാണ്. കാരണം അവരെയെല്ലാം നിയോഗിക്കപ്പെട്ടത് തങ്ങളുടെ വരവിന്റെ അറിയിപ്പിനും പ്രഖ്യാപനത്തിനും വേണ്ടി കൂടിയായിരുന്നു.
ആദം നബി (അ) മലക്കുകളുടെ ഗുരുനാഥനായി അവരോധിക്കപ്പെട്ടതും അല്ലാഹുവിങ്കല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരായതും തന്റെ സന്താനങ്ങളില്‍ വരാനിരിക്കുന്ന പുണ്യതാരകത്തിനുള്ള ആദരവായിരുന്നു. ഭൂമിയെ മൊത്തവും കവര്‍ന്ന മഹാ പ്രളയത്തിലും നൂഹ് നബി (അ) യുടെ കപ്പല്‍ രക്ഷാ നൗകയായി ഒഴുകി നടന്നതും മാസങ്ങള്‍ക്ക് ശേഷം ആ കപ്പലും കപ്പലുകാരും തിരിച്ച് ഭൂമിയിലിറങ്ങിയതും മുത്ത് നബിയെക്കൊണ്ടായിരുന്നു.

നംറൂദെന്ന ക്രൂരനായ ഭരണാധികാരിയും അയാളുടെ സമൂഹവും ഒരുക്കി നിര്‍ത്തിയിരുന്ന അസാന്മാര്‍ഗികതയുടെ നാട്ടക്കുറ്റികളെ തച്ചുടക്കാന്‍ ഇബ്‌റാഹീം നബിക്ക് ധൈര്യം പകര്‍ന്നത് ആ മുതുകില്‍ മുത്ത്‌നബിയുടെ സാന്നിധ്യമുള്ളത് കൊണ്ടായിരുന്നു. നംറൂദ് ഒരുക്കിയ അഗ്‌നി ഇബ്രാഹീം നബിക്ക് തണുപ്പും രക്ഷയുമായതും ആരംഭ റസൂലിനെക്കൊണ്ടായിരുന്നു.
മൂസാ നബിയുടെ സംഭവബഹുലമായ പ്രബോധന കാലവും അവിടുത്തേക്ക് നല്‍കപ്പെട്ട വിവിധ ദൃഷ്ടാന്തങ്ങളും മുത്ത് നബിയുടെ കഥ പറയുന്നവയാണ്. നെടുകെ പിളര്‍ത്തപ്പെട്ട ജലപ്പരപ്പിനിടയിലൂടെ മൂസാ നബി സധീരം ധര്‍മത്തിന്റെ തീരമണഞ്ഞപ്പോഴും ആ മുത്ത്‌നബിയുടെ തന്നെ മുഅ്ജിസത്താണ് ലോകം കണ്ടത്.
മക്കയും മദീനയുമെല്ലാം തിരുനബിയില്‍ നിന്ന് പുണ്യം നുകര്‍ന്നു. തിരുനബിയുടെ കാരണത്താല്‍ ആമിനാ ബീവി ലോകത്തിലെ ഏറ്റവും ശ്രേഷ്ഠയായ മാതാവും അബ്ദുല്ല ഏറ്റവും ശ്രേഷ്ഠനായ പിതാവും ബനൂഹാശിം ഏറ്റവും നല്ല കുടുംബവും ഖുറൈശി ഏറ്റവും നല്ല ഗോത്രവുമായി.

തങ്ങളോടൊപ്പം ജീവിക്കാന്‍ വേണ്ടി അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്ത മഹാന്മാരായ സ്വഹാബികള്‍ മുത്ത് നബിയെ ആവോളം അനുഭവിച്ചു. അല്ലാഹു അവിടുത്തേക്ക് നല്‍കിയ പ്രത്യേക മഹത്വങ്ങളെ അവര്‍ വേണ്ടത് പോലെ ഉള്‍ക്കൊണ്ടു. യുദ്ധത്തില്‍ പറിഞ്ഞു തൂങ്ങിയ കണ്ണുമായി വന്ന ഖത്താദത്ത് (റ) ന് അവിടുന്ന് കണ്ണ് യഥാസ്ഥാനത്ത് സ്ഥാപിച്ചു കൊടുക്കുകയും ആ കണ്ണിന് പിന്നീട് പതിന്മടങ്ങ് കാഴ്ച വര്‍ധിക്കുകയും ചെയ്തു. ചെങ്കണ്ണ് രോഗം ബാധിച്ച അലി (റ) തങ്ങളുടെ കണ്ണുകള്‍ക്ക് തിരുനബിയുടെ ഉമിനീര് ഉത്തമ ഔഷധമായി.

ഖൈബര്‍ യുദ്ധത്തില്‍ വെട്ടേറ്റ സലമത്ത് (റ) ന്റെ കാലിനും ആ വിശുദ്ധ ഉമിനീര് തുല്യതയില്ലാത്ത മരുന്നായി. മുത്ത്‌നബി ഉമിനീര് പകര്‍ന്നപ്പോള്‍ അനസുബ്‌നു മാലിക് (റ) തങ്ങളുടെ വീട്ടിലെ കിണര്‍ ശ്രേഷ്ഠ കസ്തൂരിയുടെ സൗരഭ്യം പരത്തി. മാനസിക വിഭ്രാന്തി കാണിക്കുന്ന മകനെയും കൊണ്ടുവന്ന സ്വഹാബി വനിതയുടെ കുഞ്ഞിനെ അവിടുന്ന് സ്പര്‍ശിച്ചതോടെ സമ്പൂര്‍ണ സുഖം സാധ്യമായി. ഉമ്മു മഅബദിന്റെ കറവ വറ്റിയ ആട്ടിന്റെ അകിടില്‍ മുത്ത്‌നബി സ്പര്‍ശിച്ചതോടെ അത് നിര്‍ല്ലോഭം പാല്‍ ചുരത്തി.

മുത്ത് നബിയോടൊപ്പമുള്ള ജീവിതത്തില്‍ അവിടുന്നുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളിലും സ്വഹാബികള്‍ അനുഗ്രഹം നേടുകയുണ്ടായി. ഉമ്മു സുലൈം ബീവിയും കുടുംബവും അവരുടെ വീട്ടില്‍ മുത്ത്‌നബി വന്നപ്പോള്‍ അവിടുത്തെ കിടക്കപ്പായയില്‍ പകര്‍ന്ന വിശുദ്ധ വിയര്‍പ്പ് ആദരപൂര്‍വം ഒപ്പിയെടുത്ത് കുപ്പിയിലാക്കി സൂക്ഷിച്ചു, തങ്ങള്‍ അതന്വേഷിച്ചപ്പോള്‍ അത് ഞങ്ങള്‍ക്ക് സുഗന്ധമായി സൂക്ഷിക്കാനാണെന്നും അത്രയും മുന്തിയ സുഗന്ധം വേറെയില്ലെന്നും പറഞ്ഞു. തങ്ങള്‍ അത് ശരി വെക്കുകയും ചെയ്തു. അവിടുത്തെ ശരീരത്തില്‍ നിന്ന് ലഭിച്ച വിശുദ്ധ തലമുടിയും താടിരോമങ്ങളുമെല്ലാം സ്വന്തം ഭാര്യമാരടക്കം സ്വഹാബികളെല്ലാം ബറകത്തിനുപയോഗിക്കുകയും അതുകൊണ്ട് വിജയങ്ങള്‍ കൊയ്‌തെടുക്കുകയും ചെയ്തു. ഖാദിസിയ്യാ വിജയ നായകനായിരുന്ന ഖാലിദുബ്‌നു വലീദ് (റ) അവിടുത്തെ പടത്തൊപ്പിയില്‍ തിരുദൂതരുടെ വിശുദ്ധ കേശങ്ങള്‍ തുന്നിച്ചേര്‍ത്തിട്ടാണ് ജയക്കൊടി പാറിച്ചിരുന്നത്. അവിടുന്ന് തുപ്പിയപ്പോള്‍ ആ ഉമിനീര് ശരീരത്തില്‍ പകരാനും വുളൂ ചെയ്തപ്പോള്‍ ആ വെള്ളത്തില്‍ നിന്ന് ഒരു തുള്ളിയെങ്കിലും ലഭിക്കാനും നഖം മുറിച്ചപ്പോള്‍ അതിന്റെ ചീളുകള്‍ ലഭിക്കാനും സ്വഹാബികള്‍ മത്സരിച്ചു. ഇതെല്ലാം അവര്‍ മുത്ത്‌നബിയെ തിരിച്ചറിഞ്ഞത് കൊണ്ടായിരുന്നു. ഈ തിരിച്ചറിവ് കൊണ്ട് തന്നെ അവര്‍ തങ്ങളെ ആവോളം പുകഴ്ത്തുകയും അവിടുത്തെ ജനനത്തില്‍ സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്.

മനുഷ്യേതര ജീവികള്‍ക്കും തിരുനബിയുടെ അനുഗ്രഹം ലഭിച്ച സംഭവങ്ങള്‍ സുപ്രസിദ്ധമാണ്. യജമാനനെക്കുറിച്ച് ആവലാതി പറയാനെത്തിയ ഒട്ടകം പ്രശ്‌നം പരിഹരിച്ച സായൂജ്യത്തോടെ മടങ്ങി, ‘അങ്ങ് അല്ലാഹുവിന്റെ റസൂല്‍ തന്നെ’ എന്ന് ഒട്ടകം സ്ഫുടമായി സാക്ഷ്യം ചെയ്തു. വേടന്റെ വലയില്‍ കുടുങ്ങിയ മാന്‍പേട മുത്ത്‌നബിയോട് ആവലാതി പറയുകയും തന്റെ കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്ത് തിരിച്ചു വരുന്നത് വരെ തങ്ങള്‍ ആ മാനിന് വേണ്ടി ജാമ്യം നില്‍ക്കുകയും അത് കൃത്യമായി തിരിച്ചെത്തുകയും ചെയ്തു.

ആകാശവും ഭൂമിയുമെല്ലാം ആ മഹത്വത്തില്‍ നിന്ന് മധു നുകര്‍ന്നു. അവിടുത്തെ പ്രബോധന മേഖലയും അന്ത്യവിശ്രമ സ്ഥലവും ആയതിലൂടെ ഭൂമിയും അവിടുത്തെ അത്ഭുത പ്രയാണം നടന്നതിലൂടെ ആകാശവും പവിത്രത നേടി. ലോകത്തിന് മുഴുവന്‍ അനുഗ്രഹമായ തിരുനബിക്ക് തണല്‍ പകര്‍ന്ന് മേഘങ്ങള്‍ പവിത്രത നേടി. ചുരുക്കത്തില്‍ മുത്ത്‌നബിയുടെ ജനനത്തിലൂടെ ലോകത്തിനാകമാനമാണ് അനുഗ്രഹവും സന്തോഷവുമുണ്ടായത്. അതിനാല്‍ ലോകമൊന്നടങ്കം ഈ മാസം ആഘോഷിക്കുകയാണ്. വിശ്വാസികള്‍ അതൊരു ഉത്തരവാദിത്വമായി തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുന്നു. സ്വഹാബികളില്‍ നിന്ന് ദീന്‍ പഠിച്ച ഇമാമുകളും അവരെത്തുടര്‍ന്ന് വന്ന സൂക്ഷ്മതയുടെ പര്യായങ്ങളും ഈ ആഘോഷം സമുചിതമാക്കിയത് എണ്ണമറ്റ കിതാബുകളില്‍ കാണാനാകും.