നബിദിനാഘോഷം: ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം: കാന്തപുരം

Posted on: November 17, 2018 11:25 am | Last updated: November 19, 2018 at 7:17 pm

കോഴിക്കോട്: പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടികളില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. ഇതുസംബന്ധമായി കേരള മുസ്‌ലിം ജമാഅത്ത് നേരത്തെ തന്നെ ബന്ധപ്പെട്ട ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുചിത്വം സത്യവിശാസത്തിന്റെ ഭാഗമാണെന്നും വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കുന്നത് വിശ്വാസിയുടെ ലക്ഷണമാണെന്നും പഠിപ്പിച്ച പ്രവാചകന്റെ മാതൃക പിന്തുടരാന്‍ നാം തയ്യാറാകണം. നബിദിനാഘോഷങ്ങളുടെ ഭാഗമായി മഹല്ല് ജമാഅത്തുകള്‍, മദ്‌റസകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റാലികള്‍, പൊതുസമ്മേളനങ്ങള്‍, പ്രകീര്‍ത്തന സദസ്സുകള്‍, ഭക്ഷണ വിതരണം, മതപ്രഭാഷണ പരമ്പരകള്‍ തുടങ്ങിയവയിലെല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാറും ഹരിത കേരള മിഷനും നല്‍കിയ നിര്‍ദേശം അനുസരിക്കണം. ഇവയുള്‍ക്കൊണ്ടു കൊണ്ട് നബിദിനം പ്രൗഢവും വിപുലവുമായി ആഘോഷിക്കണമെന്നും കാന്തപുരം പറഞ്ഞു.
നിരോധിത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം ഒഴിവാക്കണം. പലഹാരങ്ങളും പാനീയങ്ങളും നല്‍കുന്നതിന് പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മിതമായ പാത്രങ്ങള്‍ക്കും ഗ്ലാസുകള്‍ക്കും പകരം കഴുകിയെടുക്കാവുന്നവ ഉപയോഗിക്കണം.
നബിദിന റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ ഗതാഗത തടസ്സം ഒഴിവാക്കണം. പോലീസിന്റെയും ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് ആവശ്യമായ ക്രമീകരണങ്ങളൊരുക്കണം. പ്രവാചകര്‍ ഉയര്‍ത്തിപ്പിടിച്ച സ്‌നേഹവും തെളിമയാര്‍ന്ന മാതൃകകളും മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കും വിധമായിരിക്കണം ആഘോഷപരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്നും കാന്തപുരം പ്രസ്താവനയില്‍ പറഞ്ഞു.