ഇറ്റലിയില്‍ നിന്നുള്ള ഏജന്റുമാര്‍ മത പരിവര്‍ത്തനം നടത്തി; സോണിയക്കെതിരെ യോഗി

Posted on: November 16, 2018 11:52 am | Last updated: November 16, 2018 at 1:57 pm

 

ജഷ്പൂര്‍: യു പി എ അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി വീണ്ടും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ സംസ്ഥാന സര്‍ക്കാറിന്റെ കാലത്ത് ഇറ്റലിയില്‍ നിന്നുള്ള ഏജന്റുമാര്‍ പ്രാദേശിക ഗോത്രവര്‍ഗക്കാരെ മത പരിപവര്‍ത്തനം നടത്തിയതായി ആരോപിച്ചു കൊണ്ടാണ് ആദിത്യനാഥ് വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നത്. ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ബി ജെ പി റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം സോണിയക്കെതിരെ പരോക്ഷ ആരോപണം നടത്തിയത്.

‘ഇറ്റലിയില്‍ നിന്നെത്തിയ ഏജന്റുമാര്‍ ഗോത്രവര്‍ഗക്കാരെ മത പരിവര്‍ത്തനം ചെയ്യിക്കുന്നതടക്കമുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാനം ഭരിക്കുന്ന കാലത്ത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പാരമ്യത്തിലായിരുന്നു. മുന്‍ എം പി. ദിലീപ് സിംഗ് ജുദിയോ ആണ് വിഷയത്തില്‍ ഇടപെട്ട് ജഷ്പൂര്‍ മറ്റൊരു ബസ്തര്‍ ആകുന്നത് തടഞ്ഞത്.

പിന്നീട് കടിക്കുമെന്ന് അറിഞ്ഞിട്ടും പാമ്പുകള്‍ക്കും പാലു കൊടുക്കുന്നവരാണ് ഹൈന്ദവ സമുദായക്കാര്‍. ത്യാഗങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന ലോകത്തെ തന്നെ മഹത്തായ സമുദായമാണ് ഹിന്ദുക്കളുടെത്. സമ്മര്‍ദം ചെലുത്തി മതം മാറ്റുന്നതിനെ ഹിന്ദുക്കള്‍ അംഗീകരിക്കുന്നില്ല. ഛത്തീസ്ഗഢില്‍ രാമരാജ്യം നടപ്പാക്കുന്ന ഒരു സര്‍ക്കാറാണ് ഇന്നാവശ്യം’- ആദിത്യനാഥ് പറഞ്ഞു.