മധുരം പ്രഭാതം പദ്ധതി ഡിസംബറില്‍ ആരംഭിക്കും

Posted on: November 16, 2018 12:30 am | Last updated: November 16, 2018 at 12:30 am

കാസര്‍ഗോഡ്: ദരിദ്രകുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോഷകസമൃദ്ധമായ ആഹാരം എത്തിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മധുരം പ്രഭാതം പദ്ധതി ഡിസംബര്‍ ആദ്യവാരത്തോടെ ആരംഭിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിസംബര്‍ ആദ്യവാരത്തോടെ ആരംഭിക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ അഞ്ചു പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. അഞ്ചു പഞ്ചായത്തുകളില്‍ നിന്നും രണ്ടുവീതം സ്‌കൂളുകളെയാണ് തെരഞ്ഞടുക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ, തെരഞ്ഞെടുത്ത സ്‌കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് പ്രഭാതഭക്ഷണം എത്തിച്ചു നല്‍കും. മലയോരം,തീരദേശം എന്നിവടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. തുടക്കത്തില്‍ അഞ്ചു പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും തുടര്‍ന്ന് ഗ്രാമ പഞ്ചായത്തകളുമായും,കുടുംബശ്രീ ജില്ലാമിഷനുമായി സഹകരിച്ച് കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.