Connect with us

Articles

നവോത്ഥാന ഭാഷണത്തിന്റെ കേരളീയ പാഠങ്ങള്‍

Published

|

Last Updated

ചിലപ്പോള്‍ രാഷ്ട്രീയ ജാഗ്രതയെക്കാള്‍ പ്രാധാന്യം ഉണ്ടാകാറുണ്ട് സാംസ്‌കാരിക ജാഗ്രതക്ക്. കേരളത്തിന്റെ വര്‍ത്തമാനകാല സാമൂഹികാവസ്ഥയില്‍ നടന്നുകൊണ്ടിരിക്കുന്ന ചില പ്രവണതകളെ പ്രതിരോധിക്കുന്നത് സാംസ്‌കാരിക ജാഗ്രതയാണ്. ഈ അര്‍ഥത്തില്‍ സമഗ്രമായ സാംസ്‌കാരിക ജാഗ്രതയാണ് ശബരിമല വിഷയത്തില്‍ നാള്‍ക്കുനാള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചകളും സെമിനാറുകളും സംവാദങ്ങളും പൊതുസമൂഹത്ത നിരന്തരം ജാഗ്രതപ്പെടുത്തുന്നതാണ്.

സാംസ്‌കാരിക ജാഗ്രത നിലവിലെ സമൂഹത്തിന് മാത്രമല്ല വരാനിരിക്കുന്ന തലമുറക്ക് കൂടി ആവശ്യമുള്ളതാണ്. ആ അര്‍ഥത്തിലാണ് ഇന്ന് കേരളത്തില്‍ നടക്കുന്ന നവോത്ഥാന ഭാഷണത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിയേണ്ടത്. കേരളം കേരളമായതിനു പിന്നിലെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തെ പരിശോധിക്കുമ്പോള്‍ നമുക്ക് പലതും ബോധ്യപ്പെടുന്നുണ്ട്. നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ധീരമായ ഇടപെടലാണ് കേരളത്തെ ഇരുട്ടിന്റെ ആഴങ്ങളില്‍ നിന്ന് വെളിച്ചത്തിന്റെ വിശാലമായ ആള്‍ക്കൂട്ട പരപ്പിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. അവിടെ നാം വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ ഇടപെടലിന്റെ ശക്തിക്ക് ഇപ്പോഴും ഏറെ പ്രാധാന്യമുണ്ട്. മറ്റൊരര്‍ഥത്തില്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ കേരളം കൈവരിച്ച പുരോഗമന ബോധങ്ങളുടെ ചില പൊള്ളത്തരത്തെ വരച്ചുകാട്ടുന്നത് കൂടിയാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥകള്‍.

ഒരു സമൂഹം വളരുന്നത് ആ സമൂഹത്തിലെ ജനതയുടെ ഭൗതിക ജീവിതാവസ്ഥകളെ നിര്‍ണയിച്ചുകൊണ്ട് മാത്രമല്ല. മറിച്ച് ധൈഷണികമായി ആ സമൂഹം നേടിയെടുത്ത സാംസ്‌കാരികവും രാഷ്ട്രീയവുമായ അറിവിനെ കൂടി പരിഗണിച്ചാണ്. ആ അര്‍ഥത്തില്‍ കേരളം കൈവരിച്ച പുരോഗമന ബോധം എങ്ങനെയാണ് ഇത്ര പെട്ടെന്ന് ഒരു വിശ്വാസത്തിന്റെ കോണില്‍ വെച്ച് ചോദ്യം ചെയ്യപ്പെടുന്നത്? ഇത് ചെറിയ ചോദ്യമല്ല. മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ മാത്രമായ വിഷയമല്ല ശബരിമല മുന്നോട്ടുവെക്കുന്നത്. അത് ഭരണഘടന ഉറപ്പുനല്‍കുന്ന മനുഷ്യാവകാശങ്ങളോടുള്ള ജനങ്ങളുടെ സമീപനത്തിന്റെ പ്രതികരണം കൂടിയാണ്. ആചാരവും വിശ്വാസവും ജനാധിപത്യത്തിന് പുറത്താണ് എന്ന എഴുതിവെപ്പുകൂടിയാണ് ഇപ്പോള്‍ കേരളത്തില്‍ ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടാണ് ഹൈന്ദവ വിശ്വാസത്തിന്റെ കാവല്‍ക്കാര്‍ ഹൈന്ദവ രാഷ്ട്രീയക്കാര്‍ ആണെന്ന ചിലരുടെ ധാരണയെ തിരുത്തേണ്ടി വരുന്നത്. തങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കേണ്ടത് തീവ്രഹൈന്ദവ പക്ഷത്ത് രാഷ്ട്രീയമായി നിന്നുകൊണ്ടാണ് എന്ന തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കുന്ന ഭവിഷ്യത്ത് ചെറുതല്ല. ഇന്ന് കളത്തിലിറങ്ങി കളിക്കുന്നവരല്ല കേരളത്തിന്റെ ബൗദ്ധികമായ നേട്ടങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നത് എന്ന് ഇത്തരക്കാരെ ബോധ്യപ്പെടുത്തല്‍ കൂടിയാണ് നവോത്ഥാന ഭാഷണത്തിന്റെ കര്‍ത്തവ്യം. അതോടൊപ്പം നമ്മുടെ നവോത്ഥാന കാല ഇടപെടല്‍ ഏത് രീതിയിലാണ് ഉണ്ടായത് എന്നു കൂടി തിരിച്ചറിയേണ്ടതുണ്ട്. ജാതി വ്യവസ്ഥയും അവര്‍ണ സവര്‍ണ വിവേചനങ്ങളും മാറ്റിയെടുത്തുക്കൊണ്ടുള്ള പ്രയാണത്തിന്റെ ഭാഗമായിട്ടാണ് കേരളത്തിന്റെ ഭൗതിക നിലവാരത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത്. അത്തരമൊരു വിശകലനത്തില്‍ ബോധ്യപ്പെടുന്നത് കേരളത്തിന്റെ പുരോഗമന ബോധം വെറും സമ്പത്തിനെയോ ഭൗതികമായ ഇടപെടല്‍ കൊണ്ടോ സാധ്യമായതല്ല. മറിച്ച് നല്ല രീതിയിലുള്ള സാമൂഹികമായ ഇടപെടല്‍ ആദ്യകാലത്ത് ഉണ്ടായിട്ടുണ്ട്. ആ നവോത്ഥാന ഇടപെടല്‍ ഒട്ടനവധി അനാചാരങ്ങളെ പൊളിച്ചടക്കിയതിന്റെ ഫലമായി ഉണ്ടായതാണ് ഇന്ന് നാം അനുഭവിക്കുന്ന ധൈഷണിക വെളിച്ചം.

ഈ വെളിച്ചത്തെ കേരളം വളര്‍ത്തിയെടുത്തത് നവോത്ഥാന ശീലങ്ങള്‍കൊണ്ടാണ് എന്നതിന് എതിരഭിപ്രായമില്ല. അതാകട്ടെ, ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസങ്ങളെ പൂര്‍ണമായി നിരാകരിച്ചു കൊണ്ടായിരുന്നില്ല. മറിച്ച് വിശ്വാസിക്ക് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെ നിലനിര്‍ത്തികൊണ്ടു തന്നെയാണ്. അപ്പോഴൊക്കെ വിശ്വാസത്തിന്റെ പേരിലുള്ള അനാചാരങ്ങളെ നിരാകരിച്ചുകൊണ്ടാണ് ഇതിന്റെ വളര്‍ച്ച സാധ്യമാക്കിയത്. ഇന്നലെ വരെ നടന്ന പല ആചാരങ്ങളും അനാചാരമാണെന്ന് തിരിച്ചറിയപ്പെടുന്നത് മനുഷ്യര്‍ക്ക് ഉണ്ടാവുന്ന സാമൂഹിക ബോധത്തിന്റെ ഫലമായിട്ടാണ്. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് ക്ഷേത്ര പ്രവേശനവും മാറ് മറക്കാനുള്ള അവകാശവും നാം നേടിയെടുത്തത്. ആ കാലഘട്ടത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഇടപെടല്‍ വലിയ വിഭാഗം സവര്‍ണ ചിന്താഗതിക്കാരെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. പാരമ്പര്യമായി കൈവശം വെച്ച സാമ്പത്തിക നേട്ടങ്ങള്‍ ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുമെന്ന ഭയമാണ് അതിന്റെ ഒരു കാരണം. ഇതാണ് ജാതിവ്യവസ്ഥയെയും ആചാരങ്ങളെയും നിലനിര്‍ത്താന്‍ സവര്‍ണജാതിക്കാരെ പ്രേരിപ്പിച്ചത്. ഫ്യൂഡല്‍ കാലത്തിനു ശേഷം ഉണ്ടായ ജന്മിത്ത വ്യവസ്ഥയിലും ഈ സാമ്പത്തിക നേട്ടത്തിന് അവകാശികളായി അത്തരക്കാര്‍ മാറി. ഇതാണ് സവര്‍ണ ജാതി അധികാര രീതികളില്‍ ഒന്നെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

പുതിയ കാലത്ത് ഇപ്പറഞ്ഞതിനൊന്നും കേരളത്തില്‍ തിരിച്ചുവരാന്‍ കഴിയില്ല എന്ന് ധരിച്ചവരാണ് ലോകത്തെമ്പാടുമുള്ള ഓരോ മലയാളിയും. ആ ധാരണയെ നിരാകരിക്കുന്നതാണ് ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ നിന്നുമുണ്ടായ പ്രതികരണങ്ങള്‍. സത്യത്തില്‍ കോടതി വിധിയെ അതിന്റെ ഭരണഘടന സാധ്യതയില്‍ പരിശോധിക്കുന്നതിന് പകരം അതിനെ രാഷ്ട്രീയപരമായി ഉപയോഗിക്കാനുള്ള സംഘ്പരിവാര്‍ കളിക്ക് ഒപ്പം കേരളത്തിലെ വിശ്വാസ സമൂഹം അണിനിരന്നത് എന്തുകൊണ്ട്? ഇത് വളരെ പ്രസക്തമായ ചോദ്യമാണ്. കാരണം, അക്കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍പ്പെട്ടവരും കോണ്‍ഗ്രസ് കുടുംബത്തില്‍പ്പെട്ടവരും സോഷ്യലിസ്റ്റ് കുടുംബത്തില്‍പ്പെട്ടവരും വീണു പോയിട്ടുണ്ട്. മനുഷ്യന്റെ ജീവിത നിലവാരത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് രാഷ്ട്രീയത്തേക്കാള്‍ പ്രാധാന്യം മതവിശ്വാസത്തിന് ആണെന്ന അന്ധമായ ധാരണ ഞെട്ടിക്കുന്നതാണ്. വിശ്വാസത്തിന് അപ്പുറമാണ് എല്ലാ രാഷ്ട്രീയ തിരിച്ചറിവുകളും എന്ന ഒരു വിഭാഗത്തിന്റെ ശാഠ്യത്തിന് മുമ്പില്‍ കേരളം ഒരു നിമിഷം സ്തംഭിച്ചിട്ടുണ്ട്. എന്നാല്‍ അധികം വൈകാതെ അത്തരമൊരു സംസ്‌കാരിക സ്തംഭനാവസ്ഥയെ തച്ചുടക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

വിശ്വാസത്തെയും ആചാരത്തെയും ഒപ്പം കേരളത്തിന്റെ സാമൂഹിക ചരിത്രത്തെയും ആസ്പദമാക്കിയുള്ള ആഴത്തിലുള്ള വിശകലനങ്ങളാണ് ഇന്ന് നടക്കുന്നത്. പുതിയ കാലത്ത് അത് ഏത് രീതിയിലാണ് വിനിമയം ചെയ്യപ്പെടേണ്ടത് എന്ന് കേരള ജനതയെ ബോധ്യപ്പെടുത്താന്‍ നമ്മുടെ ഗ്രാമങ്ങളില്‍ നടക്കുന്ന നവോത്ഥാന സദസ്സുകള്‍ക്ക് കഴിയുന്നുണ്ട്. ഇത് പഴയ കാല സാമൂഹിക ഇടപെടലിന്റെ ചരിത്ര വിശകലനമല്ല. മറിച്ച് മലയാളി എങ്ങനെ ലോകത്തിലെ മറ്റു പല ജനസമൂഹത്തിനും മാതൃകയായി എന്നതിന്റെ അന്വേഷണങ്ങള്‍ കൂടിയാണ്. അത്തരമൊരു സാമൂഹിക ഓഡിറ്റിംഗില്‍ ആശയങ്ങളെ വ്യത്യസ്തമായ രീതിയില്‍ സമീപിക്കുന്നു. അത്തരം അഭിപ്രായങ്ങള്‍ക്ക് ഇടം നല്‍കികൊണ്ടാണ് നമ്മുടെ നവോത്ഥാനത്തിന്റെ ഇടപെടല്‍ രീതികള്‍ വളര്‍ന്നുവരുന്നത്. ഈ സന്ദര്‍ഭത്തില്‍ എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സമൂഹത്തിന് എന്തു ചെയ്യാന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാണ്. ഈ ചോദ്യം ഒരു നൂറ്റാണ്ടിനു മുമ്പ് ഉയര്‍ന്നതാണെങ്കിലും അതിന്റെ ഉത്തരമാണ് കേരളം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഒരു ജനതയുടെ മുന്നില്‍ അപ്രതീക്ഷിതമായി രൂപപ്പെട്ട ഇരുട്ടിന്റെ ഗര്‍ത്തങ്ങളെ വെളിച്ചം കൊണ്ട് കഴുകിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ ഓരോ നിമിഷവും കാണിച്ചുകൊടുക്കുകയാണ്. അതാണ് ഇന്ന് കേരളത്തിന്റെ കവലകളിലും ഗ്രാമങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന സംവാദ സദസ്സ്. അതില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രധാന റോള്‍ ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്.

വിശ്വാസത്തിന്റെ വിശാലമായ അവകാശ സ്വാതന്ത്ര്യങ്ങളെ നിഷേധിച്ചുകൊണ്ടല്ല ഇത്തരം സംവാദങ്ങള്‍ നടക്കുന്നത്. വിശ്വാസം ഇടകലര്‍ന്ന് നാം നേടിയെടുത്ത നല്ലൊരു ജീവിതാവസ്ഥയെ വര്‍ഗീയ മനസ്സ് കൊണ്ട് കലുഷിതമാക്കുന്നതിന് എതിരെയുള്ള പ്രതിരോധ ചിന്തയാണ് ഇത്തരം സദസ്സ് നമുക്ക് നല്‍കുന്നത്. സമൂഹത്തില്‍ വര്‍ഗീയതയും വിവേചനവും ആത്മീയതയെ നിഷേധിച്ചുകൊണ്ടുള്ള മതബോധവും ഉണ്ടാക്കിയെടുക്കുന്ന മതാധിപത്യങ്ങളെ നവോത്ഥന ഭാഷണങ്ങള്‍ അഭിസംബോധനം ചെയ്യുന്നു. അവിടെ വിശ്വാസത്തെ കൂട്ടുപിടിച്ച് ഹൈന്ദവ രാഷ്ട്രീയം ഉണ്ടാക്കുന്ന ഒളിയജന്‍ഡകള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ശബരിമല വിശ്വാസത്തിന്റെ വിഷയമല്ല, അത് ബി ജെ പിയുടെ രാഷ്ട്രീയ ലാഭത്തിനാണ് എന്ന് കേരളത്തിലെ പാര്‍ട്ടിയുടെ പ്രസിഡന്റ് തുറന്ന് പറഞ്ഞത് ഗൗരവത്തില്‍ കാണണം. കേരളത്തെ വര്‍ഗീയവത്കരിച്ചാല്‍ നമ്മുടെയൊക്കെ പിഞ്ചുമക്കള്‍ നാളെ കേരളത്തില്‍ ജീവിക്കേണ്ടിവരിക മറ്റൊരു ഉത്തരേന്ത്യന്‍ വര്‍ഗീയതയുടെ അടയാളങ്ങള്‍ പേറിയായിരിക്കും. കാരണം, തീവ്ര ഹൈന്ദവ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ എവിടെയെങ്കിലും അവരുടെ വിത്ത് മുളപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന് ആദ്യം അവര്‍ മണ്ണ് ഒരുക്കിയത് വര്‍ഗീയതയുടെ വളമിട്ടാണ്. അതിന്റെ ഒട്ടനവധി ദൃഷ്ടാന്തങ്ങള്‍ നമുക്കു മുമ്പിലുണ്ട്. അവിടെയൊക്കെ ജനത നിരന്തരമായ അസ്വാതന്ത്ര്യത്തിനും അരക്ഷിതാവസ്ഥക്കും നടുവിലാണ് ഓരോ ദിനരാത്രങ്ങളും അനുഭവിച്ചു തീര്‍ക്കുന്നത്. ഈ അവസ്ഥയിലേക്ക് കേരളത്തെ നാം കൊണ്ടെത്തിക്കണോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കേരളത്തിന്റെ അകത്തളങ്ങളില്‍ നടക്കുന്ന നവോത്ഥാന ഭാഷണങ്ങള്‍.

സ്വാമി വിവേകാനന്ദന്‍ കണ്ട കേരളത്തെ ഇരുട്ടിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്ന് വെളിച്ചത്തിന്റെ വിശുദ്ധിയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് നവോത്ഥാന ചിന്തയും ഇടപെടലും ആണ്. അതേ ധൈഷണിക ചിന്തകള്‍ കൊണ്ട് ഇനിയും കേരളത്തെ ഇന്ത്യക്ക്, ലോകത്തിനു തന്നെ മാതൃകയാക്കി തീര്‍ക്കാന്‍ നമുക്ക് കഴിയും എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് ഇന്ന് നാം കേള്‍ക്കുന്ന നവോത്ഥാന ഭാഷണങ്ങള്‍. അതിന്റെ രീതി കേവലം കക്ഷിരാഷ്ട്രീയത്തിന്റെ ഇടപെടലുകള്‍ മാത്രമല്ല എന്നതാണ് വര്‍ത്തമാന കേരളം ലോകത്തോട് വിളിച്ചു പറയുന്നത്. വിഭാഗീയതയുടെ എത്ര രഥചക്രങ്ങള്‍ കേരളത്തിന്റെ മണ്ണിലൂടെ ഇഴഞ്ഞ് നീങ്ങിയാലും അതെല്ലാം മഹാനായ അയ്യങ്കാളിയുടെ വില്ലുവണ്ടിയുടെ ചൈതന്യം പ്രതിരോധിക്കുക തന്നെ ചെയ്യും. അതിന്റെ തെളിവാണ് നവോത്ഥാന സദസ്സിലെ ജനപങ്കാളിതം.

Latest