Connect with us

Ongoing News

സര്‍വകക്ഷി യോഗത്തില്‍ നിന്ന് യു ഡി എഫ് ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുന്‍ നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചു നിന്നതോടെ യു ഡി എഫ് കക്ഷികള്‍ സര്‍വകക്ഷി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വിവിധ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ശേഷം മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം അവസാനിക്കുന്നതിനു തൊട്ടു മുമ്പാണ് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചത്.

സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങളൊന്നും അംഗീകരിക്കാന്‍ അദ്ദേഹം തയാറായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കിയ നിലപാട് തന്നെ ചര്‍ച്ചക്കു ശേഷവും അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു. പുനപ്പരിശോധന ഹരജി സുപ്രീം കോടതി പരിഗണനക്കെടുത്ത സ്ഥിതിക്ക് സര്‍ക്കാര്‍ സാവകാശം തേടുക, ഹരജി പരിഗണിക്കുന്നതു വരെ വിധി നടപ്പിലാക്കുന്നത് ഒഴിവാക്കുക, വാഹനങ്ങള്‍ പാസ് എടുക്കണമെന്ന നിര്‍ദേശം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളാണ് തങ്ങള്‍ ഉന്നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ഇതൊന്നും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ആമുഖ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. എഴുതിത്തയ്യാറാക്കിയ 12 പേജ് വരുന്ന പ്രസ്താവന മുഖ്യമന്ത്രി വായിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചത്. തന്ത്രി കുടുംബത്തിലെയും പന്തളം കൊട്ടാരത്തിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള പ്രത്യേക യോഗവും ഇന്ന് ഉച്ചക്കു ശേഷം മൂന്നിന് വിളിച്ചിട്ടുണ്ട്. പതിവ് രീതിയില്‍ മണ്ഡലകാലത്തിന് മുന്നോടിയായി അവലോകന യോഗം ചേരാറുണ്ടെങ്കിലും നിലവിലെ സുപ്രീം കോടതി വിധികൂടി പരിഗണിച്ചാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.