ജി എസ് എല്‍ വി-എം കെ 3 ഭ്രമണപഥത്തില്‍

Posted on: November 14, 2018 6:31 pm | Last updated: November 15, 2018 at 10:43 am

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ്-29 ഭ്രമണപഥത്തിലെത്തി. ഇന്ന് വൈകീട്ട് 5.08ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നായിരുന്നു വിക്ഷേപണം. ജി എസ് എല്‍ വി എം കെ 3യുടെ രണ്ടാം വിക്ഷേപണമാണിത്. ആദ്യ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

വിക്ഷേപിച്ച് 16 മിനുട്ടിനും 43 സെക്കന്‍ഡിനും ശേഷം ഉപഗ്രഹം ജി എസ് എല്‍ വി മാര്‍ക്ക് 3 ഡി-2 വാഹനത്തില്‍ നിന്ന് വേര്‍പിരിഞ്ഞു. 3423 കിലോഗ്രാമാണ് ഐ എസ് എല്‍ വി വികസിപ്പിച്ചതില്‍ ഏറ്റവും ഭാരമേറിയ ഈ ഉപഗ്രഹത്തിന്റെ ഭാരം. പത്തു വര്‍ഷമാണ് കാലാവധി. ഉള്‍പ്രദേശങ്ങളില്‍ നിന്നു വരെ വിവരങ്ങള്‍ ലഭ്യമാക്കുന്ന മള്‍ട്ടി ബീം, മള്‍ട്ടി ബാന്‍ഡ് അടക്കമുള്ള നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപഗ്രഹത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ അറിയിച്ചു.

അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ചാന്ദ്രയാന്‍-2 വിക്ഷേപണം, മനുഷ്യനെ അയച്ചുള്ള ബഹിരാകാശ ദൗത്യം എന്നീ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയാണ് ഐ എസ് ആര്‍ ഒ.