Connect with us

Kerala

ധീരജവാന്‍ ആന്റണിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; ഒരു നോക്കുകാണാന്‍ ആയിരങ്ങള്‍

Published

|

Last Updated

കൊച്ചി (മരട്): കശ്മീരില്‍ നിയന്ത്രണരേഖക്ക് സമീപം മെന്‍ഥാറില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ ലാന്‍സ് നായിക് കെ എം ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കാലത്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം കലക്ടര്‍ മുഹമ്മദ് സഫീറുല്ലയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഉദയംപേരൂറിലെ വസതിയില്‍ കൊണ്ടുപോയി. സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം സംസ്‌കാരത്തിനായി ഇരിങ്ങാലക്കുട സിയോണ്‍ എംപ്രറര്‍ ഇമ്മാനുവേല്‍ ചര്‍ച്ചിലേക്ക് കൊണ്ടുപോയി. സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി ആളുകളാണ് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം ഒരു നോക്കുകാണന്‍ എത്തിയത്.

ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിന് ശേഷം റിക്രൂട്ട്‌മെന്റിലൂടെയാണ് പതിനേഴാമത്തെ വയസ്സില്‍ ആന്റണി സെബാസ്റ്റ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഒക്ടോബര്‍ മൂന്നിന് നാട്ടില്‍ വന്ന് പോയ ആന്റണി സെബാസ്റ്റ്യന്‍ ഡിസംബറില്‍ കശ്മീരില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറാനിരിക്കുകയായിരുന്നു. 15 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷം മുന്‍പ് നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്. എന്നാല്‍ രണ്ട് വര്‍ഷം കൂടി സേവനത്തില്‍ തുടരുകയായിരുന്നു. മാര്‍ച്ചില്‍ നാട്ടിലേക്ക് വരാന്‍ കാത്തിരിക്കെയാണ് ദുരന്തം.

അമ്മ: ഷീല മൈക്കിള്‍ അച്ഛന്‍: പരേതനായ മൈക്കിള്‍. ഭാര്യ: അന്നാ ഡയാന, ഏക മകന്‍ എയ്ഡന്‍(7) ഉദയംപേരൂര്‍ പ്രഭാത് സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരി: നിവ്യ.