യുവതീപ്രവേശന വിധിക്ക് സ്റ്റേ ഇല്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി; പുന:പരിശോധനാ ഹരജികള്‍ 22ന് മുമ്പ് പരിഗണിക്കില്ല

Posted on: November 14, 2018 12:05 pm | Last updated: November 14, 2018 at 12:58 pm

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സ്‌റ്റേ ഇല്ലെന്നു വീണ്ടും സുപ്രീംകോടതി. പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ഹര്‍ജിക്കാരിയായ ഷൈലജ വിജയന്റെ അഭിഭാഷകന്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് കോടതി വീണ്ടും നിലപാട് വ്യക്തമാക്കിയത്.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി ഇന്നലെ തീരുമാനിച്ചിരുന്നു. യുവതീപ്രവേശം അനുവദിച്ച വിധിക്കു സ്‌റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലേയും വ്യക്തമാക്കിയിരുന്നു.