ശ്രീലങ്കന്‍ പാര്‍ലിമെന്റ് പിരിച്ചുവിട്ട നടപടി സുപ്രീം കോടതി റദ്ദാക്കി

Posted on: November 13, 2018 9:56 pm | Last updated: November 14, 2018 at 10:25 am
സുപ്രീം കോടതി വിധി അറിയാൻ പുറത്ത് കാത്ത് നിൽക്കുന്നവർ

കൊളംബോ: പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെയെ പുറത്താക്കി ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ തീരുമാനം സുപ്രീംകോടതി റദ്ദാക്കി. പ്രസിഡന്റിന്റെ തീരുമാനത്തിന് എതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് നളിന്‍ പെരേരയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പാര്‍ലിമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കേസില്‍ അടുത്ത മാസം ഏഴിന് അന്തിമ വിധി പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

കോടതി വിധി ജനങ്ങളുടെ വിജയമാണെന്ന് വിക്രമസിംഗെ പ്രതികരിച്ചു. രാജ്യത്തിന്റെ പരമാധികാരം പുനസ്ഥാപിക്കുന്നതിനായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ട്വീറ്റര്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു. കോടതി വിധിയോട് സിരിസേനയോ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് അവരോധിച്ച രജപക്‌സേയോ പ്രതികരിച്ചിട്ടില്ല.

225 അംഗ സഭയില്‍ നാളെ രജപക്‌സേ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് സുപ്രീം കോടതിയുടെ തീരുമാനം. കഴിഞ്ഞ മാസം 26നാണ് വിക്രമ സിംഗയെ പുറത്താക്കി പ്രസിഡന്റ് സിരിസേന പാര്‍ലിമെന്റ് പിരിച്ചുവിട്ടത്. ഇത് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷത്തിന് വഴിയൊരുക്കിയിരുന്നു. പ്രസിഡൻെറിൻെറ നടപടിക്ക് എതിരെ റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടി, തമിഴ് നാഷണൽ അലയൻസ്, ജനത വിമുക്തി പെരുമുന, തമിൾ പ്രോഗ്രസീവ് അലയൻസ്, ഓൾ സിലോൺ മക്കൾ കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.