Editorial
പെന്‍ഷന്‍ പട്ടിക വെട്ടിച്ചുരുക്കുമ്പോള്‍

സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാരില്‍ അനര്‍ഹര്‍ ധാരാളമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗുണഭോക്താക്കളുടെ പട്ടികയില്‍ ശുദ്ധീകരണം നടത്തിക്കൊണ്ടിരിക്കയാണ് സര്‍ക്കാര്‍. സെന്‍സസ് അനുസരിച്ച് സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞവര്‍ 42.28 ലക്ഷമേയുള്ളൂ. എന്നാല്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്നവര്‍ 60 ലക്ഷവും. ഇതാണ് പെന്‍ഷന്‍ ഗുണഭോക്തക്കളുടെ പട്ടിക പുനഃപരിശോധനക്ക് വിധേയമാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ഈ വര്‍ഷാദ്യം നടത്തിയ സാമ്പിള്‍ സര്‍വേയില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 42 ലക്ഷത്തോളം പേരില്‍ അനര്‍ഹര്‍ പത്ത് ലക്ഷമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, 50 ശതമാനത്തോളം അനര്‍ഹരുണ്ടെന്നാണ് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ഡയറക്ടര്‍ ഡി നാരായണയുടെ നേതൃത്വത്തില്‍ നടന്ന പുതിയ പഠനത്തിലെ കണ്ടെത്തല്‍. തിരുവനന്തപുരം കോര്‍പറേഷനെയും കളമശ്ശേരി, വടകര നഗര സഭകളെയും കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഈ നിഗമനത്തിലെത്തിയത്. മരണപ്പെട്ടവരുടെയും കാണാതായവരുടെയും പേരിലും പുനര്‍വിവാഹിതരായവരും പെന്‍ഷന്‍ കൈപ്പറ്റുന്നതായി പരിശോധനകളില്‍ വെളിപ്പെട്ടിട്ടുണ്ട്.
സാമൂഹിക പെന്‍ഷന്‍കാരുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുവരുന്നത് സര്‍ക്കാറിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ ഒട്ടേറെ പേര്‍ അപേക്ഷ നല്‍കി പെന്‍ഷന് വേണ്ടി കാത്തുനില്‍ക്കുകയും ചെയ്യുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നൂറുകണക്കിന് അപേക്ഷകളാണ് ഡാറ്റാ എന്‍ട്രി ചെയ്യാന്‍ കഴിയാതെ കെട്ടിക്കിടക്കുന്നത്. പെന്‍ഷന്‍ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പത് മാസമായി പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നുമില്ല. റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റാണ് ക്ഷേമപെന്‍ഷന്റെ അര്‍ഹത തെളിയിക്കാന്‍ അപേക്ഷകര്‍ സമര്‍പ്പിക്കുന്നത്. ബഹുഭൂരിപക്ഷം റേഷന്‍ കാര്‍ഡിലും രേഖപ്പെടുത്തിയ വരുമാനം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്തതാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദത്തില്‍ സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ നിര്‍ബന്ധിതരാകുന്നു. റേഷന്‍ കാര്‍ഡോ വില്ലേജ് ഓഫീസര്‍മാരുടെ സര്‍ട്ടിഫിക്കറ്റോ യഥാര്‍ഥ സാമ്പത്തിക സ്ഥിതി അളക്കാന്‍ പര്യാപ്തമല്ല.
6420 കോടിയാണ് സാമൂഹിക സുരക്ഷാ പെന്‍ഷനായി പ്രതിവര്‍ഷം സര്‍ക്കാര്‍ ചെലവിടുന്നത്. അനര്‍ഹരെ ഒഴിവാക്കിയാല്‍ ഈ ബാധ്യത വലിയൊരളവോളം കുറക്കാനാകും. അനര്‍ഹരെ കണ്ടെത്താന്‍ ബ്ലോക്ക് തലത്തില്‍ മഹിളാ പ്രധാന്‍, എസ് എ എസ് ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ട്. ടാബുകളുമായി വീടുകള്‍ കയറിയിറങ്ങുന്ന ഏജന്റുമാര്‍ ആധാര്‍ അടിസ്ഥാനമാക്കി പെന്‍ഷന്‍ വാങ്ങുന്നവരുടെ കൃഷ്ണമണി, വിരലടയാളം എന്നിവ ശേഖരിച്ചായിരിക്കും പെന്‍ഷന്‍ ഡാറ്റാബേസിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത്. ആധാര്‍ ലിങ്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം കേരളം തത്വത്തില്‍ അംഗീകരിച്ചിട്ടില്ലെങ്കിലും പെന്‍ഷന്‍കാരുടെ കാര്യത്തില്‍ ഇത് നിര്‍ബന്ധമാക്കാതെ വഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. 1200 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, 1000 സി സിക്ക് മുകളില്‍ എന്‍ജിന്‍ശേഷിയുള്ള ടാക്‌സി ഇതരവാഹനക്കാര്‍, വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷത്തില്‍ കൂടുതലും രണ്ടേക്കറില്‍ കുറയാത്ത ഭൂമിയുമുള്ള കുടുംബത്തില്‍ നിന്നുള്ളവര്‍ എന്നിവരെ ലിസ്റ്റില്‍ നിന്നൊഴിവാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പെന്‍ഷന്‍ നിഷേധിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങളില്‍ പുനഃപരിശോധന ആവശ്യമാണ്. ഒരു ലക്ഷത്തില്‍ കൂടുതല്‍ വരുമാനവും രണ്ടേക്കറില്‍ കുറയാത്ത ഭൂമിയുള്ള കുടുംബത്തില്‍ നിന്നുള്ള വയോജനങ്ങളില്‍ പലരും ജീവിത പ്രാരാബ്ധങ്ങള്‍ അനുഭവിക്കുന്നവരാണ്. പ്രായംചെന്ന മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്‍ നിയമമുണ്ടെങ്കിലും അവരെ കഷ്ടപ്പെടുത്തുകയും വൃദ്ധസദനങ്ങളില്‍ കൊണ്ടുപോയി തള്ളുകയും ചെയ്യുന്ന മക്കളുടെ എണ്ണം കൂടി വരികയാണ് സംസ്ഥാനത്ത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വൃദ്ധ സദനങ്ങളിലെ അന്തേവാസികളുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ധനവുണ്ടായതായാണ് കണക്ക്. മാതാപിതാക്കള്‍ സ്വയം വരുമാനമില്ലാത്തവരെങ്കില്‍ അവരെ ഒരു ബാധ്യതയായി കണക്കാക്കുന്നവരാണ് പല സന്താനങ്ങളും. നിത്യോപയോഗ സാധനങ്ങളുടെ വിലയും ചികിത്സാ ചെലവും അടിക്കടി വര്‍ധിച്ചു വരവെ സിവില്‍ സര്‍വീസ് പെന്‍ഷന്‍ ഗുണഭോക്താക്കളല്ലാത്ത വയോജനങ്ങളുടെ ജീവിതം ദുസ്സഹമാണ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം വയോജനങ്ങളില്‍ ഈയിടെ നടത്തിയ സര്‍വേയില്‍ 66 ശതമാനം പേരും സാമൂഹിക ജീവിതം നിലനിര്‍ത്തുന്നതിലും ദൈനംദിനകാര്യ നിര്‍വഹണത്തിലും പ്രതിസന്ധി നേരിടുന്നതായാണ് കണ്ടെത്തിയത്. കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം വയോജനങ്ങളുടെ ഒറ്റപ്പെടലുകള്‍ക്ക് ആക്കംകൂട്ടുകയും ചെയ്യുന്നു. ഇങ്ങനെ ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടുകയും പ്രാരാബ്ധങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നവര്‍ക്ക് ചെറുതെങ്കിലും പെന്‍ഷന്‍തുക വലിയൊരു അനുഗ്രഹമായിരിക്കും. ഇത് കുടുംബത്തില്‍ അവര്‍ക്ക് പരിഗണന ലഭിക്കാനും സഹായകമാകും. പ്രായമായവര്‍ക്കുള്ള സാമൂഹിക സുരക്ഷ ഭരണകൂടത്തിന്റെ ബാധ്യതയാണ്. അതിനാല്‍ ഇത്തരം പെന്‍ഷനുകള്‍ നിഷേധിക്കുന്നതില്‍ വളരെ സൂക്ഷ്മത ആവശ്യമാണ്. സമഗ്രമായ പഠനത്തിലൂടെ സാമ്പത്തികമായും സാമൂഹികമായും തികച്ചും സുരക്ഷിതരാണെന്ന് കണ്ടെത്തിയവര്‍ക്കല്ലാതെ പെന്‍ഷന്‍ നിഷേധിക്കുന്ന സ്ഥിതി ഉണ്ടാകരുത്.