വശ്യമനോഹരം ഈ നൈനിറ്റാള്‍

പകല്‍ യാത്രയാകുന്ന സായംസന്ധ്യയില്‍ തണുത്ത കാറ്റ് സ്വകാര്യം പറയും പോലെ തോന്നി... നൈനി തടാകത്തിനു ചുറ്റുമുള്ള ഇലകള്‍ പൊഴിഞ്ഞുകിടക്കുന്ന നടപ്പാതയിലെ ബെഞ്ചില്‍ വിമലയുണ്ടോ എന്ന് കണ്ണുകള്‍ പരതുന്നുണ്ടായിരുന്നു... മഞ്ഞും തണുപ്പും പൈന്‍ മരങ്ങളും കാറ്റാടി മരങ്ങളും നിറഞ്ഞ സുന്ദര ഭൂമിയാണ് നൈനിറ്റാള്‍...
യാത്ര
Posted on: November 11, 2018 4:03 pm | Last updated: November 11, 2018 at 4:04 pm

‘ഗോള്‍ഡന്‍ സൂക്കിന്റെ പടി കടന്നാല്‍ കുന്നിന്‍ചെരുവിലൂടെ വളഞ്ഞുപുറത്തിറങ്ങുന്ന നടപ്പാതയാരംഭിക്കുന്നു. കുതിരസവാരിക്കാര്‍ക്കു വേണ്ടി കരിങ്കല്ലു പതിച്ചു നിര്‍മിച്ച വഴി മുറിച്ചുകണ്ടിട്ടുണ്ട്. നടപ്പാത പിന്നെയും ഉയരത്തിലേക്കു കയറുന്നു. കൊല്ലത്തില്‍ ഒരിക്കല്‍ പഹാഡികള്‍ രാമലീല നടത്താറുളള വെളി സ്ഥലത്തിനു മുകളില്‍ വഴി അര്‍ധവൃത്തം നിര്‍മിക്കുന്നേടത്തു നിന്നു നോക്കിയാല്‍ രസമാണ്. മലനിരകളുടെ മധ്യത്തില്‍ വീണുകിടക്കുന്ന തടാകം. രണ്ടറ്റത്തായി നഗരത്തിന്റെ ചുകന്ന മേല്‍ക്കൂരകള്‍.. തടാകത്തെ രണ്ടിഴയായി ചുറ്റിപ്പോകുന്ന നിരത്ത്, മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ തടാകത്തിന്റെ മറുകരയിലെ കൂറ്റന്‍ പരസ്യപ്പലകകള്‍ കാണാം… തടാകത്തിനും നഗരത്തിനും മുകളില്‍ ഏപ്രില്‍ മാസത്തിലെ ഇളംമഞ്ഞ്… പണ്ടെപ്പോഴോ പകലുറക്കത്തില്‍ കണ്ട ഒരു സ്വപ്‌നം പോലെ പാറിനടക്കുന്നു… വിമല കാത്തിരിക്കുകയാണ് സുധീര്‍ കുമാര്‍ മിശ്രയുടെ വരവിനായി… തടാകത്തിലെ ബോട്ടില്‍ ബുദ്ദുവും…’
എം ടിയുടെ ക്ലാസിക് നോവല്‍ മഞ്ഞ് വായിച്ചിട്ടുള്ളവര്‍ക്ക് നൈനിറ്റാള്‍ സുപരിചിതമാണ്. പകല്‍ യാത്രയാകുന്ന സായംസന്ധ്യയില്‍ തണുത്ത കാറ്റ് സ്വകാര്യം പറയും പോലെ തോന്നി… നൈനി തടാകത്തിന് ചുറ്റുമുള്ള ഇലകള്‍ പൊഴിഞ്ഞുകിടക്കുന്ന നടപ്പാതയിലെ ബെഞ്ചില്‍ വിമലയുണ്ടോ എന്ന് കണ്ണുകള്‍ പരതുന്നുണ്ടായിരുന്നു… മഞ്ഞും തണുപ്പും പൈന്‍ മരങ്ങളും കാറ്റാടി മരങ്ങളും നിറഞ്ഞ സുന്ദര ഭൂമിയാണ് നൈനിറ്റാള്‍… ഉത്തരാഖണ്ഡിലെ ഈ സുഖവാസ കേന്ദ്രം ഉത്തരേന്ത്യയിലെ മറ്റേത് കേന്ദ്രത്തേക്കാളും വൃത്തിയും വെടിപ്പുമുള്ളതാണ്.

 • മഞ്ഞും തണുപ്പും കാറ്റാടി മരങ്ങളും
  ഡല്‍ഹിയില്‍ നിന്ന് ബസില്‍ ആറോ എട്ടോ മണിക്കൂറുകള്‍ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരത്താണ് ഹിമാലയത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന നൈനിറ്റാള്‍. രാത്രിയില്‍ അനവധി ബസുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. മിക്ക ബസുകളും നല്ല നിലവാരത്തിലുള്ളതാണ്. ഈസ് മൈ ട്രിപ്പ് പോലെയുള്ള ആപ്പുകള്‍ വഴി ബസുകള്‍ ബുക്ക് ചെയ്യാം. ഡല്‍ഹിയില്‍ ചെങ്കോട്ട ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളായിരിക്കും ബോര്‍ഡിംഗ് പോയിന്റുകള്‍. നൈനിറ്റാളിലേക്കുള്ള റോഡ് കുത്തനെ കയറ്റവും വളവും നിറഞ്ഞതായതിനാല്‍ സ്ലീപ്പര്‍ സൗകര്യമുള്ള ബസുകളില്ല. മെയ് മുതല്‍ ജൂലൈ വരെയാണ് നൈനിറ്റാളിന്റെ സീസണ്‍.
  താഴ്‌വരയിലെ കതംഗോഡം ടൗണില്‍ നിന്ന് 40 കിലോമീറ്റര്‍ ചുരം കയറിയാല്‍ പിന്നെ നൈനാദേവി കുടികൊള്ളുന്ന നൈനിറ്റാള്‍. ഈ 40 കിലോമീറ്റര്‍ യാത്രക്കിടയില്‍ മലയാളികള്‍ എന്തായാലും കൊടൈക്കനാലോ ഊട്ടിയോ ഓര്‍ക്കാതിരിക്കില്ല. പേടിപ്പെടുത്തുന്ന ഹെയര്‍പിന്‍ വളവുകള്‍… പാതയ്ക്കിരുവശവും കാടിന്റെ കുളിര്‍മ. അകലങ്ങളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍. നീലഗിരി മലനിരകള്‍ പോലെ ഇവിടങ്ങളില്‍ നിബിഡവനം കാണാനാകില്ല. ഭക്ഷണം കിട്ടുമെന്ന് ആശിച്ച് വാനരന്‍മാര്‍ വഴിനീളെ കലുങ്കുകളുടെ മുകളിലും വഴിയോരങ്ങളിലും കണ്ണുമിഴിച്ചു കാത്തിരിപ്പുണ്ടാകും. സുഖകരമായ തണുത്ത കാറ്റടിച്ച് ഉറക്കച്ചടവോടെ ബസിന്റെ ജാലകത്തിലൂടെ മലനിരകളുടെ നിഗൂഢതകളിലേക്ക് കണ്ണുപായിച്ചിരിക്കുകയായിരിക്കാം സഞ്ചാരികള്‍. നൈനിറ്റാള്‍ ബസ് സ്റ്റാന്‍ഡിലാണ് ആദ്യമെത്തുന്നത്. ഒയോയിലൂടെ ഹോട്ടല്‍ ബുക്ക് ചെയ്യാം. എന്നാല്‍ നിലവാരം അല്പം പ്രശ്‌നമാണ്. ഇത്തരം ഹോട്ടലുകള്‍ കണ്ടുപിടിക്കാന്‍ അതിലേറെ ബുദ്ധിമുട്ടും. എത്ര മാപ്പുപയോഗിച്ചാലും വഴി തെറ്റാന്‍ സാധ്യത കൂടുതല്‍. കാരണം മിക്കവയും കുന്നിന്‍മുകളിലായിരിക്കും. മറ്റു താമസയിടങ്ങളുടെ മുറ്റത്തു കൂടിയോ ഇടവഴികളിലൂടെയോ വേണം ഇവിടങ്ങളില്‍ എത്തേണ്ടത്. എല്ലാ സുഖവാസ കേന്ദ്രങ്ങളിലേതും പോലെ ഇവിടെയും ടാക്‌സിക്കാര്‍ റാഞ്ചിക്കൊണ്ടു പോകാന്‍ കാത്തുനില്‍പ്പുണ്ടാകും.
  ഉത്തരാഖണ്ഡിലെ കുമാവ് ഡിവിഷനിലാണ് നൈനിറ്റാള്‍ ജില്ല ഉള്‍പ്പെടുന്നത്. ഉത്തരാഖണ്ഡ് നിയമസഭ ഒഴികെയുള്ള ഭരണ നീതിന്യായ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് നൈനിറ്റാളിലാണ്. ഹൈക്കോടതിയും ജില്ലാ ഭരണകൂടവും ഒക്കെ ഇവിടെത്തന്നെ. ഹൈക്കോടതിയുടെ മന്ദിരം വളരെ മനോഹരമാണ്. ഒരു ബ്രിട്ടീഷ് ശൈലി സ്വഭാവികം. അവര്‍ കണ്ടെടുത്ത മനോഹര ഭൂമിയാണല്ലൊ നൈനിറ്റാള്‍.

 

 • രാത്രി തെരുവ് കാല്‍നടക്കാര്‍ക്ക്
  മലനിരകളില്‍ അനവധി ചെറുതും വലതുമായ ക്ഷേത്രങ്ങളുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള മണിയൊച്ചകളും മന്ത്രോച്ചാരണങ്ങളും തടാകത്തില്‍ അലയൊലികള്‍ സൃഷ്ടിക്കുന്നതുപോലെ തോന്നും. മലനിരകളില്‍ നിന്നുള്ള വെള്ളച്ചാട്ടങ്ങള്‍ അവസാനിക്കുന്നത് തടാകത്തിലാണ്. ഹിമാലയ മലനിരകളുടെ ഭാഗമായതിനാല്‍ വെള്ളത്തിന് തണുപ്പും കൂടുതല്‍. 120 അടിയോളം ആഴമുള്ള തടാകത്തിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ പ്രത്യേക സ്ലൂയിസ് വാല്‍വുകളുണ്ട്. അതിനാല്‍ വെള്ളം പരിധിവിട്ട് ഉയരില്ല. പെഡല്‍ബോട്ടുകളും അല്ലാത്തവയിലുമായി സവാരി ആസ്വദിക്കാന്‍ സൗകര്യം. തടാകത്തിനു ചുറ്റും പൈന്‍ മരങ്ങള്‍ നിറഞ്ഞ മലനിരകള്‍. ഉയരങ്ങളില്‍പ്പോലും വാസഗൃഹങ്ങള്‍. മലനിരകള്‍ക്കു മുകളില്‍ ഹിമാലയത്തെ ദര്‍ശിക്കാന്‍ അവസരമൊരുക്കി ദൂരദര്‍ശിനിക്കാരുടെ നിര… 50 രൂപ കൊടുത്താല്‍ ഹിമാലയം അവിടെ നിന്നു കറങ്ങാം… അകലെ വെളുത്തു നീണ്ടുകിടക്കുന്ന ഹിമാലയം… രണ്ടാമത്തെ വലിയ കൊടുമുടിയായ നന്ദാദേവിയെ ദുരദര്‍ശിനിയിലൂടെ അടുത്തു കാണാം. ദൂരദര്‍ശിനിക്കാരുടെ സമീപം രാജാവും രാജ്ഞിയുമൊക്കെയായി വേഷമിടാന്‍ അവസരം. കുത്തനെയുള്ള കയറ്റിറക്കങ്ങളുമായി പേടിപ്പെടുത്തുന്ന റോപ്പ് വേ. കുതിരസവാരിക്കാര്‍ സഞ്ചാരികള്‍ക്കായി തയ്യാറായി നില്‍ക്കുന്നു. ആത്മഹത്യാ മുനമ്പ് അവിടെയുമുണ്ട്. സമീപത്തായി കുന്നിന്‍മുകളില്‍ കുതിരാലയങ്ങള്‍.
  കൊടൈക്കനാലിനും ഊട്ടിക്കും സമാനമായ അന്തരീക്ഷമാണെങ്കിലും നൈനിറ്റാള്‍ കുറെക്കൂടി ശാന്തം. തടാക കരക്ക് ചുറ്റും അനവധി താമസയിടങ്ങള്‍. നടപ്പാതയുടെ വശങ്ങളില്‍ ഭക്ഷണശാലകള്‍ ധാരാളം. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ലഭ്യമാണ്. വൈകിട്ട് മുതല്‍ രാത്രി വൈകുവോളം ഈ ഭക്ഷണശാലകള്‍ സജീവം. പരമ്പരാഗതവും ആധുനികവുമായ വ്യാപാരശാലകള്‍ വര്‍ണപ്രഭയില്‍ തിളങ്ങുന്നു.
  വിദേശികളും സ്വദേശികളുമായ അതിഥികള്‍ നൈനിറ്റാളിനെ തൊട്ടറിയാനെത്തുന്നു. പച്ച നിറം കലര്‍ന്ന തണുത്ത തടാകത്തില്‍ ബോട്ടിംഗ് ആസ്വാദ്യകരമാണ്. വൈകിട്ട് ആറ് മുതല്‍ എട്ട് വരെ തടാകത്തിന് ചുറ്റുമുള്ള നിരത്തില്‍ വാഹന ഗതാഗതം നിരോധിച്ചതാണ്. അതു കര്‍ശനമാണ്. ഈ സമയത്ത് വഴിവാണിഭം പോലും പോലീസ് അനുവദിക്കില്ല. ഈ സമയം മുഴുവന്‍ തെരുവിന്റെ അധിപര്‍ കാല്‍നടക്കാരാണ്. സന്ധ്യ പിന്നിടുന്നതോടെ നൈനിറ്റാളിന് പറഞ്ഞറിയിക്കാനാവാത്ത ഭംഗി. കാറ്റിനു തണുപ്പ് കൂടി വരുന്നു. അങ്ങനെയങ്ങനെ നൈനിറ്റാളിന്റെ വിശേഷങ്ങള്‍ അനവധി.
  .