പറഞ്ഞ വാക്ക് ഇത്രയും തവണ മാറ്റിപ്പറഞ്ഞ പ്രസിഡന്റ് ബിജെപിക്ക് ഉണ്ടായിട്ടില്ല; പിള്ളയുടെ മലക്കംമറിച്ചില്‍ കേസിനെ ഭയന്നിട്ടെന്ന് കോടിയേരി

Posted on: November 10, 2018 7:12 pm | Last updated: November 10, 2018 at 9:01 pm

തിരുവനന്തപുരം: ശബരിമല തന്ത്രി തന്നെ വിളിച്ച് നിയമോപദേശം തേടിയെന്ന മുന്‍ പ്രസ്താവനയില്‍ നിന്ന് മലക്കംമറിഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്ക് രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീധരന്‍ പിള്ള വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് കോടിയേരി പറഞ്ഞു. പിടിക്കപ്പെടുമെന്ന ഉറപ്പായപ്പോഴാണ് ഈ മലക്കം മറിച്ചില്‍. ഇങ്ങനെ വാക്കുമാറ്റുന്ന ഒരു പ്രസിഡന്റ് ബിജെപിക്കുണ്ടായിട്ടില്ലെന്നും കോടിയേരി പരിഹസിച്ചു.

ഇന്ന് കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള മുന്‍ പ്രസ്താവന തിരിത്തിയത്. നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് ശരിയെന്നായിരുന്നു പിള്ളയുടെ വാക്കുകള്‍. കണ്ഠരര് രാജീവരുടെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത്. തന്നെ ആരാണ് വിളിച്ചതെന്ന് ഓര്‍മയില്ല. ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഫോണില്‍ നിന്നാണ് ആരോ വിളിച്ചത്. അന്നും ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്. പക്ഷേ, എന്റെ വാക്കുകള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നു- ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.