Connect with us

Kerala

പോലീസ് കേസെടുത്തതിന് പിന്നാലെ മലക്കംമറിഞ്ഞ് ശ്രീധരന്‍ പിള്ള; തന്നെ ആരാണ് വിളിച്ചതെന്ന് ഓര്‍മയില്ല

Published

|

Last Updated

കോഴിക്കോട്: ശബരിമല തന്ത്രി തന്നെ വിളിച്ച് നിയമോപദേശം തേടിയെന്ന മുന്‍ പ്രസ്താവന തിരുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. നടയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് ശരിയെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. കണ്ഠരര് രാജീവരുടെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ ഉദ്ദേശിച്ചത്. തന്നെ ആരാണ് വിളിച്ചതെന്ന് ഓര്‍മയില്ല. ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഫോണില്‍ നിന്നാണ് ആരോ വിളിച്ചത്. അന്നും ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്. പക്ഷേ, എന്റെ വാക്കുകള്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുകയായിരുന്നു- ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
ശബരിമലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐജി ശ്രീജിത്ത് രണ്ട് സ്ത്രീകളുമായി സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചുവെന്നും നട അടയ്ക്കാന്‍ താന്‍ നിര്‍ദേശിച്ചെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ മുന്‍ പരാമര്‍ശം. എന്നാല്‍ പിന്നാലെ പിള്ളയെ തള്ളി തന്ത്രി രംഗത്തെത്തിയിരുന്നു. താന്‍ ആരോടും ഫോണില്‍ വിളിച്ചു നിയമോപദേശം തേടിയിട്ടില്ലെന്നായിരുന്നു തന്ത്രിയുടെ മറുപടി. പിള്ളയുടെ വിവാദ പ്രസംഗത്തില്‍ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ മലക്കം മറിച്ചില്‍.