മലബാര്‍ സിമന്റ്‌സ് അഴിമതി: വിഎം രാധാക്യഷ്ണന്റെ 23 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി

Posted on: November 10, 2018 12:23 pm | Last updated: November 10, 2018 at 1:31 pm

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍പ്പെട്ട വിവാദ വ്യവസായി വിഎം രാധാക്യഷ്ണന്റെ 23 കോടിരൂപയുടെ ആസ്തിവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. രാധാക്യഷ്ണന്റേയും കുടുംബാംഗങ്ങളുടേയും വീടും മറ്റ് 20 ആസ്തിവകകളുമാണ് കണ്ടുകെട്ടിയത്. 11 അപ്പാര്‍ട്ട്്‌മെന്റുകള്‍, രണ്ട് ഹോട്ടല്‍ സമുച്ഛയങ്ങള്‍ കോഴിക്കോടും വയനാടും പാലക്കാട്ടുമുള്ള ആസ്തിവകകളും ഇതില്‍പ്പെടും. 23 കോടിയുടെ ആസ്തികളാണ് കണ്ടുകെട്ടിയതെങ്കിലും മാര്‍ക്കറ്റില്‍ ഇവക്ക് ഏതാണ്ട് 100 കോടിയോളം വരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മലബാര്‍ സിമന്റ്‌സിലേക്ക് ചാക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പത്തം വര്‍ഷം മുമ്പ് നടന്ന കരാറിലെ അഴിമതിക്കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. 21.66 കോടിയുടെ വസ്തുവകകളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്. രണ്ട് കോടിയുടെ ആസ്തിവകകള്‍ കഴിഞ്ഞ വര്‍ഷം കണ്ടുകെട്ടിയിരുന്നു. 23 കോടിരൂപയുടെ അഴിമതി നടന്നതായി വിജിലന്‍സ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് . ഇത്രയും തുകക്കുള്ള വസ്തുവകകള്‍ കണ്ടുകെട്ടിയിരിക്കുന്നത്. എന്‍ഫോഴ്‌സമെന്റ് നടപടി ഡല്‍ഹിയിലെ അപെക്‌സ് അതോറിറ്റ്ി അംഗീകരിച്ചാല്‍ രാധാക്യഷ്ണന് വസ്തുവകകള്‍ സര്‍ക്കാറിലേക്ക് നല്‍കേണ്ടിവരും.