തിരഞ്ഞെടുപ്പ് എന്ന പാലവും അയോഗ്യതയുടെ വിധിയും

ഹൈക്കോടതിയില്‍ നിരത്തപ്പെട്ട തെളിവുകളെ മറികടക്കുന്ന തരത്തില്‍ വിശദമായ ഒരു വാദം സുപ്രീം കോടതിയില്‍ നടത്തി അനുകൂല വിധി സമ്പാദിക്കുക എന്നതാണ് മുസ്‌ലിം ലീഗിന് മുന്നിലുള്ള വെല്ലുവിളി. ഇതിനേക്കാള്‍, വ്യക്തിപരമായി വലിയ തിരിച്ചടിയാണ് കെ എം ഷാജി എന്ന രാഷ്ട്രീയ നേതാവിന് വിധി സമ്മാനിച്ചിരിക്കുന്നത്. താന്‍ വര്‍ഗീയത പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലാണ് വിധിയില്‍ ഏറ്റവും അപമാനമായി തോന്നിയതെന്ന് അദ്ദേഹം തന്നെ പറയുകയുണ്ടായി. ഷാജി ലക്ഷ്യം വെക്കുന്ന മതേതര പ്രതിച്ഛായക്ക് വലിയ ഇടിച്ചില്‍ തട്ടിയെന്ന ബോധ്യമാണ് ഇത്തരമൊരു പ്രതികരണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. നികേഷിനെ പോലെ ഒരാളോട് മത്സരിക്കേണ്ടിവന്നതിന്റെ ഗതികേടാണ് തനിക്ക് വന്നുപെട്ടതെന്ന പ്രതികരണത്തിലും ഈ നിരാശ പ്രകടമാണ്.
Posted on: November 10, 2018 9:00 am | Last updated: November 9, 2018 at 10:21 pm

”കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലിംകള്‍ക്ക് സ്ഥാനമില്ല. അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ച് നേരം നിസ്‌കരിച്ച് നമ്മള്‍ക്ക് വേണ്ടി കാവല്‍ തേടുന്ന മുഹ്മിനായ കെ മുഹമ്മദ് ഷാജി എന്ന കെ എം ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനിങ്ങളും അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. കെ എം ഷാജിയെ ഏണി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക.”- തിരഞ്ഞെടുപ്പ് കാലത്ത് അഴീക്കോട് മണ്ഡലത്തിലെ ന്യൂനപക്ഷ വീടുകളില്‍ വിതരണം ചെയ്യപ്പെട്ടതായി പറയുന്ന ലഘുലേഖയിലെ ഉള്ളടക്കമാണിത്. ഈ ഒരു ലഘുലേഖയുടെ അടിസ്ഥാനത്തിലാണ് അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുസ്‌ലിം ലീഗിന്റെ യുവ എം എല്‍ എ, കെ എം ഷാജിയെ അയോഗ്യനാക്കുകയും ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുകയും ചെയ്യുന്ന വിധി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മതനിരപേക്ഷത മുഖമുദ്രയായ ഒരു രാജ്യത്ത്, ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് പച്ചക്ക് വര്‍ഗീയത പറയുന്ന ഇത്തരം ഒരു ലഘുലേഖ തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിച്ചുവെന്നത് ഏത് അളവ് കോലില്‍ നോക്കിയാലും ഗുരുതര തെറ്റാണ്. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണ് കോടതി വിധിയെന്നും കാണാം.

ഈ ലഘുലേഖക്ക് പിന്നില്‍ ആര് എന്ന സന്ദേഹം മുസ്‌ലിം ലീഗ് ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഷാജിയുടെ എതിര്‍ സ്ഥാനാര്‍ഥിയായ എം വി നികേഷ് കുമാര്‍ കൊടുത്ത ഹരജിയില്‍ ശക്തമായ വാദങ്ങളും എതിര്‍ വാദങ്ങളും കോടതിയില്‍ നടന്നിട്ടുണ്ട്. വിശ്വാസ്യത ഉറപ്പ് വരുത്തുന്ന തരത്തിലുള്ള പല തെളിവുകളും കോടതിക്ക് മുമ്പിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് നികേഷിനെതിരെ എട്ടോളം വിത്യസ്ത ലഘുലേഖകള്‍ മണ്ഡലത്തില്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എം പ്രകാശന്‍ മാസ്റ്റര്‍ നല്‍കിയ പരാതിയില്‍ കെ എം ഷാജിക്ക് ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവും വളപട്ടണം പഞ്ചായത്ത് പ്രസിഡന്റുമായ എന്‍ പി മനോരമയുടെ വീട്ടിലും ചില കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരുടെ വീട്ടിലും വളപട്ടണം പോലീസ് നടത്തിയ പരിശോധനയില്‍ ലഘുലേഖകള്‍ കണ്ടെത്തിയിരുന്നു. കെ എം ഷാജിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം അറഫാത്ത് ഉള്‍പ്പെടെ ചില ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു അന്ന്. ഇതുമായി ബന്ധപ്പെട്ട് യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെ 20 ഓളം കേസുകള്‍ നിലവിലുണ്ട്. ഇതിന്റെയെല്ലാം വിശദാംശങ്ങള്‍ കോടതിയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു വിധി ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ അപ്പീല്‍ സാധ്യതയില്‍ വലിയ പ്രതീക്ഷ ലീഗിനില്ല.

പോലീസ് പിടിച്ചെടുത്ത ലഘുലേഖകള്‍ വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച് ഹസീബ് കല്ലൂരിക്കാരന്‍ എന്നയാള്‍ പുറത്തുവിടുകയായിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ”സത്യ വിശ്വാസികളേ! ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെ അടുത്ത് ഒരു വാര്‍ത്തയും കൊണ്ട് വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ച് സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായ ഒരു ജനതക്ക് നിങ്ങള്‍ ഒരാപത്ത് വരുത്തി വെക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാന്‍’ എന്ന ഖുര്‍ആന്‍ ആശയം ദുരുപയോഗപ്പെടുത്തിയാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. കെ എം ഷാജി എന്നാണ് അദ്ദേഹം പൊതുവായി ഉപയോഗിക്കുന്ന പേര്. എന്നാല്‍ ലഘുലേഖയില്‍ കെ മുഹമ്മദ് ഷാജി എന്ന് പ്രത്യേകം എഴുതിയതും എടുത്തുകാണിക്കപ്പെട്ടതാണ്.

സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായിരുന്നു 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് നടന്നത്. ഒരു കാലത്ത് തങ്ങളുടെ കുത്തകയായിരുന്ന മണ്ഡലം 2011ല്‍ നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എം വി രാഘവന്റെ മകനുമായ നികേഷ് കുമാറിനെ സി പി എം കളത്തിലിറക്കിയത്. പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് യു ഡി എഫിന് നേരിയ മേല്‍കൈ വന്ന മണ്ഡലം നികേഷിന് ലഭിക്കുന്ന രാഷ്ട്രീയ ഇതര വോട്ടിലൂടെ പിടിച്ചെടുക്കാനാകുമെന്ന് സി പി എം കണക്ക് കൂട്ടി. സോഷ്യല്‍ മീഡിയ വഴിയുള്ള ഇരു സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയ പ്രചാരണ രീതികള്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ പ്രചാരണത്തിന്റെ രണ്ടാം ഘട്ടമെത്തിയപ്പോള്‍ സ്ഥിതിമാറി. രാഷ്ട്രീയത്തിന് പകരം പൂര്‍ണ വ്യക്തികേന്ദ്രീകൃത പ്രചാരണമായി. ഇരു സ്ഥാനാര്‍ഥികള്‍ക്കെതിരെയും വ്യക്തിപരമായ ആരോപണങ്ങള്‍ ഓരോ ദിവസം ഉയര്‍ത്തിക്കൊണ്ടുവന്നു. സ്ഥാനാര്‍ഥികളുടെ പ്രചാരണ രീതിയിലെ വേറിട്ട വഴികളും ഇതിലെ പാളിച്ചയും വലിയ തോതില്‍ മണ്ഡലത്തില്‍ ചര്‍ച്ചയായി. ഈ കാലയളവിലാണ് നികേഷിനെതിരായ എട്ടോളം ലഘുലേഖകള്‍ മണ്ഡലത്തിലിറങ്ങിയത്. ഇതില്‍ രണ്ടെണ്ണം കടുത്ത വിദ്വേഷ പ്രചാരണം നിറഞ്ഞതായിരുന്നു. ഒടുവില്‍ 2011ല്‍ പ്രകാശന്‍ മാസ്റ്ററെ 493 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് മണ്ഡലം പിടിച്ചടക്കിയ കെ എം ഷാജി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത്തവണ ഭൂരിപക്ഷം 2462 ആയി ഉയര്‍ത്താനും ഷാജിക്ക് കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ പൊങ്ങിവന്നു. തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ക്രോസ് വോട്ടിംഗ് നടന്നതായി ആരോപണം ഉയര്‍ന്നു. കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലം കഴിഞ്ഞാല്‍ കണ്ണൂര്‍ ജില്ലയില്‍ ബി ജെ പിയുടെ പ്രധാന പോക്കറ്റായാണ് അഴീക്കോട് എണ്ണപ്പെടുന്നത്. എന്നാല്‍, അഴീക്കോട് ബി ജെ പിക്കാര്‍ ഷാജിക്ക് വോട്ട് മറിച്ചതായി എല്‍ ഡി എഫ് ആരോപിച്ചു. എസ് ഡി പി ഐയുടെ വോട്ട് നികേഷിന് മറിച്ചതായി തിരിച്ചും ആരോപണമുണ്ടായി. ഇത്തരത്തില്‍ നിരവധി ആരോപണങ്ങള്‍ക്ക് ഒടുവിലാണ് നികേഷ് തിരഞ്ഞെടുപ്പിലെ വിദ്വേഷ പ്രചാരണം ചൂണ്ടിക്കാട്ടി കോടതി യെ സമീപിച്ചത്.

യു ഡി എഫ് നേതാക്കള്‍ക്ക് മത്സരിക്കാന്‍ താത്പര്യമില്ലാത്ത കണ്ണൂര്‍ ജില്ലയുടെ ചുവന്ന തരുത്തുകളില്‍ ഒന്നായിരുന്നു 2011 വരെ അഴീക്കോട്. സി പി എം നേതാക്കളായ ചടയന്‍ ഗോവിന്ദന്‍, പി ദേവൂട്ടി, ടി കെ ബാലന്‍, ഇ പി ജയരാജന്‍, എം പ്രകാശന്‍ മാസ്റ്റര്‍ എന്നിവരെല്ലാം പതിനായിരക്കണക്കിന് വോട്ടുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം. 1977ല്‍ മണ്ഡലം രൂപവത്കരിച്ചത് മുതല്‍ മൂന്ന് തവണ മാത്രമാണ് എല്‍ ഡി എഫിന് കാലിടറിയത്. 1987ല്‍ എം വി രാഘവനോടായിരുന്നു ആദ്യ തോല്‍വി. സി പി എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എം വി രാഘവന് മത്സരിക്കാന്‍ മുസ്‌ലിം ലീഗ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വിട്ടുനല്‍കുകയായിരുന്നു. 1389 വോട്ടിന് ഇ പി ജയരാജനെയായിരുന്നു എം വി ആര്‍ പരാജയപ്പെടുത്തിയത്. പിന്നീട് നിരവധി തവണ രാഘവന്റെ സി എം പി അഴീക്കോട്ട് മത്സരിച്ചെങ്കിലും തോല്‍വി മാത്രമായിരുന്നു ഫലം. എന്നാല്‍, 2011ല്‍ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ യു ഡി എഫിന് നേരിയ മേല്‍കൈ ലഭിച്ചു. കല്ല്യാശേരി, ചെറുകുന്ന് തുടങ്ങിയ സി പി എം പഞ്ചായത്തുകള്‍ കല്ല്യാശേരി മണ്ഡലത്തിലേക്ക് മാറിയപ്പോള്‍ യു ഡി എഫിന് സ്വാധീനമുള്ള പള്ളിക്കുന്ന്, പുഴാതി പഞ്ചായത്തുകള്‍ അഴീക്കോടിന്റെ ഭാഗമാക്കി കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി രണ്ട് ആഴ്ചത്തെ താത്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഈ സ്റ്റേയില്‍ വലിയ കാര്യമില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സാവകാശം എന്ന നിലയില്‍ സ്വാഭാവികം മാത്രമായാണ് ഈ സ്റ്റേ കാണേണ്ടത്. നേരത്തെ മുസ്‌ലിംലീഗ് നേതാക്കളായിരിക്കെ സി എച്ച് മുഹമ്മദ് കോയയെയും ഇബ്‌റാഹീം സുലൈമാന്‍ സേഠിനെയും സമാന കേസുകളില്‍ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇത് റദ്ദ് ചെയ്യുകയായിരുന്നു. ഷാജിയുടെ കേസിലും സമാപന അനുഭവം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കള്‍ പരസ്യമായി പറയുന്നത്. എന്നാല്‍ രഹസ്യമായി ഇവര്‍ ആശങ്ക പങ്കുവെക്കുന്നുമുണ്ട്. മാത്രമല്ല, തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെക്കാള്‍ ആറ് വര്‍ഷത്തെ മത്സര വിലക്കാണ് ഷാജിയെ അസ്വസ്ഥമാക്കുന്നത്.

മാസങ്ങള്‍ നീണ്ട ശക്തമായ വാദങ്ങള്‍ക്കൊടുവില്‍ നിരവധി തെളിവുകള്‍ മുന്‍നിര്‍ത്തി ഹൈക്കോടതി വിധി പറഞ്ഞ കേസാണിതെന്ന് ലീഗ് നേതാക്കള്‍ സ്വകാര്യമായി പറയുന്നു. ഹൈക്കോടതിയില്‍ നിരത്തപ്പെട്ട തെളിവുകളെ മറികടക്കുന്ന തരത്തില്‍ വിശദമായ ഒരു വാദം സുപ്രീം കോടതിയില്‍ നടത്തി അനുകൂല വിധി സമ്പാദിക്കുക എന്നത് മുസ്‌ലിം ലീഗ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാകുമെന്നാണ് നിയമ വിദഗ്ദര്‍ പറയുന്നത്.

ഇതിനേക്കാള്‍ വ്യക്തിപരമായി വലിയ തിരിച്ചടിയാണ് കെ എം ഷാജി എന്ന രാഷ്ട്രീയ നേതാവിന് വിധി സമ്മാനിച്ചിരിക്കുന്നത്. താന്‍ വര്‍ഗീയത പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലാണ് വിധിയില്‍ ഏറ്റവും അപമാനമായി തോന്നിയതെന്ന് അദ്ദേഹം തന്നെ മാധ്യമ പ്രവര്‍ത്തകരോട് പറയുകയുണ്ടായി. അദ്ദേഹം ലക്ഷ്യം വെക്കുന്ന മതേതര പ്രതിച്ഛായക്ക് വലിയ ഇടിച്ചില്‍ തട്ടിയെന്ന ബോധ്യമാണ് ഇത്തരമൊരു പ്രതികരണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. നികേഷിനെ പോലെ ഒരാളോട് മത്സരിക്കേണ്ടിവന്നതിന്റെ ഗതികേടാണ് തനിക്ക് വന്നുപെട്ടതെന്ന പ്രതികരണത്തിലും ഈ നിരാശ പ്രകടമാണ്.