അഫ്ഗാന്‍: താലിബാനുമായി പ്രത്യക്ഷ ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ

Posted on: November 9, 2018 6:17 pm | Last updated: November 9, 2018 at 9:39 pm

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ മോസ്‌കോയില്‍ നടക്കുന്ന ഉന്നതതല സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കുമെങ്കിലും താലിബാനുമായി പ്രത്യക്ഷ ചര്‍ച്ചകള്‍ നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം (എം ഇ എ) വ്യക്തമാക്കി. അനൗദ്യോഗിക തലത്തിലാകും സമ്മേളനത്തിലെ ഇന്ത്യയുടെ പങ്കാളിത്തമെന്നും താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എം ഇ എ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകള്‍ മാറ്റമില്ലാതെ തുടരും. മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് സഹായകമായ എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണക്കും. അഫ്ഗാന്‍ സര്‍ക്കാറും താലിബാനും തമ്മിലുള്ള പ്രത്യക്ഷ ചര്‍ച്ചകള്‍ക്ക് ഉടന്‍ വഴിയൊരുക്കുക ലക്ഷ്യം വെച്ചാണ് അന്താരാഷ്ട്ര സമ്മേളനത്തിന് റഷ്യ ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അഞ്ച് പ്രതിനിധികളെ അയച്ചിട്ടുണ്ടെങ്കിലും അഫ്ഗാന്‍ ഭരണകൂടവുമായി ഒരുതരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന നിലപാടിലാണ് താലിബാന്‍. ഇതാദ്യമായാണ് ഇത്തരമൊരു ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തില്‍ താലിബാന്‍ പ്രതിനിധികള്‍ സംബന്ധിക്കുന്നത്.