മഴക്കാലം; സുരക്ഷാ നപടികള്‍ കൈകൊണ്ടു

Posted on: November 9, 2018 4:06 pm | Last updated: November 9, 2018 at 4:06 pm

ദുബൈ: മഴക്കാലം കണക്കിലെടുത്തു എല്ലാ സുരക്ഷാ നടപടികളും കൈക്കൊണ്ടതായി ദുബൈ നഗരസഭ അടിസ്ഥാന സൗകര്യ വിഭാഗം മേധാവി താലിബ് ജുല്‍ഫാര്‍ അറിയിച്ചു. ഓടകളില്‍ മഴവെള്ളം ഒഴുകാന്‍ ശുചീകരണം നടത്തി. മഴ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് വിശദ പഠനം നടത്തിയ ശേഷമാണ് പ്രവര്‍ത്തികള്‍ നടത്തിയത്. ഓരോ വര്‍ഷം സെപ്റ്റംബറില്‍ പരിശോധനകള്‍ നടത്താറുണ്ട്. 72000 ഓടകളാണ് ദുബൈയില്‍ ഉള്ളത്.

സങ്കീര്‍ണമായ കുഴല്‍ ശൃംഖലകള്‍ വേറെയുമുണ്ട്. മാലിന്യക്കുഴികളില്‍ പ്രത്യേകമായ ശുചീകരണം നടത്തുകയും വേണം. ദുബൈയില്‍ ഇതിനായി 51 പമ്പിങ് സ്റ്റേഷനുകള്‍ സജ്ജമാണ്. ഖര മാലിന്യങ്ങള്‍ ഓടയില്‍ എത്താതിരിക്കാനാണ് പ്രാഥമിക പരിഗണന നല്‍കുന്നത്. ഓടകളില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വെള്ളം നീക്കം ചെയ്യാന്‍ ടാങ്കുകള്‍ ഉപയോഗിക്കുമെന്നും ജുല്‍ഫാര്‍ പറഞ്ഞു. ഇതിനായി 86 പമ്പിങ് യൂണിറ്റുകള്‍ തയാറാണെന്നും അറിയിച്ചു.