കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കി ; വിധിക്ക് സ്റ്റേ

Posted on: November 9, 2018 2:15 pm | Last updated: November 9, 2018 at 6:56 pm

കൊച്ചി: വര്‍ഗീയ പ്രചാരണത്തിന് ശ്രമിച്ചുവെന്ന കേസില്‍ കെഎം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണ് വിധി സ്‌റ്റേ ചെയ്തത്. പരാതിക്കാരനായ എംവി നികേഷ് കുമാറിന്‌കൊടുക്കാന്‍ ഉത്തരവിട്ട കേസിന് ചിലവായ 50000 രൂപ ഷാജി ഒരാഴ്ചക്കുള്ളില്‍ കെട്ടിവെക്കണം. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

അയോഗ്യനാക്കിയ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഷാജിക്കെതിരെ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പിഡി രാജന്റെ ബെഞ്ച് തന്നെയാണ് ഇപ്പോള്‍ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമസഭാംഗത്വം നഷ്ടപ്പെടുന്നത് തടയാനാണ് താല്‍ക്കാലിക സ്റ്റേ എന്ന ആവശ്യവുമായി ഷാജി ഹൈക്കോടതിയെ സമീപിച്ചത്. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി നികേഷ് കുമാര്‍ നല്‍കിയ ഹരജിയിലാണ് ഷാജിയെ ആറ് വര്‍ഷത്തേക്ക് ഹൈക്കോടതി അയോഗ്യനാക്കിയത്.