പാര്‍ട്ടി അധ്യക്ഷനെ മാറ്റണമെന്ന് മുന്‍ മുഖ്യമന്ത്രി പര്‍സേക്കര്‍; ഗോവ ബി ജെ പിയില്‍ കലാപക്കൊടി

Posted on: November 9, 2018 1:09 pm | Last updated: November 9, 2018 at 3:08 pm

മഡ്ഗാവ്: ഗോവ ബി ജെ പിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ചൂടുപിടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍. കാര്യപ്രാപ്തിയില്ലാത്ത പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിനയ് ടെണ്ടുല്‍ക്കറെ മാറ്റണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. ‘സ്വന്തം നിലക്ക് തീരുമാനങ്ങളെടുക്കാന്‍ കഴിയാത്ത വെറും പാവയായ അധ്യക്ഷന്‍ സ്വയം സ്ഥാനമൊഴിയുകയോ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ നീക്കുകയോ വേണം. വ്യക്തിവിരോധം കൊണ്ടല്ല, പാര്‍ട്ടി താത്പര്യം മുന്‍നിര്‍ത്തിയാണ് താനിതു പറയുന്നത്. ടെണ്ടുല്‍ക്കറിന്റെ കീഴില്‍ നിലവിലുള്ള പാര്‍ട്ടി സംവിധാനം മുഴുവന്‍ ഉടച്ചുവാര്‍ക്കണം.’ മുന്‍ ഉപ മുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃ യോഗത്തിനു ശേഷം പര്‍സേക്കര്‍ ആവശ്യപ്പെട്ടു. അനാരോഗ്യം ചൂണ്ടിക്കാട്ടി തന്നെ ഒഴിവാക്കിയതില്‍ നേതൃത്വത്തോട് കടുത്ത നീരസത്തിലാണ് പര്‍സേക്കര്‍.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെപ്പിച്ച് ബി ജെ പി പാളയത്തിലെത്തിച്ച രണ്ട് എം എല്‍ എമാരില്‍ ഒരാളായ ദയാനന്ദ് സോപ്റ്റയെ മാണ്ഡരിം മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള നീക്കവും അദ്ദേഹത്തെയും അനുകൂലികളെയും ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡരിം സീറ്റില്‍ ദയാനന്ദ് സോപ്റ്റയോട് പര്‍സേക്കറിന് അടിയറവു പറയേണ്ടി വന്നിരുന്നു. അടുത്തിടെ ഗോവ പ്രസി. ഗിരീഷ് ചോഡങ്കറുമായി പര്‍സേക്കര്‍ ചര്‍ച്ച നടത്തിയതും പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയുടെ തുടര്‍ച്ചയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പര്‍സേക്കറെ സ്ഥാനാര്‍ഥിയാക്കുകയോ സോപ്റ്റയെ പരാജയപ്പെടുത്താന്‍ അദ്ദേഹത്തിന്റെ സഹായം തേടുകയോ ആണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് സൂചനയുണ്ട്. ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ നിലപാട് പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് പര്‍സേക്കര്‍.