റിസര്‍വ് പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ചിദംബരം

Posted on: November 8, 2018 8:02 pm | Last updated: November 8, 2018 at 9:27 pm

കൊല്‍ക്കത്ത: റിസര്‍വ് ബേങ്ക് പിടിച്ചെടുത്ത് വരുതിയിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്തെ മറ്റൊരു മഹാ വിപത്തിലേക്കു തള്ളിവിടുമെന്നും മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം. ഇപ്പോള്‍ തന്നെ കടബാധ്യതയില്‍ മുങ്ങിക്കിടക്കുന്ന സര്‍ക്കാര്‍ ആര്‍ ബി ഐയോട് ആവശ്യപ്പെട്ട വന്‍ തുക ലഭിക്കാത്തതിലുള്ള നിരാശയിലാണ്.

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജി എസ് ടി, പ്രത്യക്ഷ നികുതി ഇനങ്ങളില്‍ ലഭിക്കുന്ന വരുമാനം കൊണ്ട് പ്രശ്‌നം പരിഹരിക്കാനാകുന്നില്ല. ഈ നിലക്കു പോയാല്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി നികത്താനാകുമെന്ന് തോന്നുന്നില്ല- ചിദംബരം പറഞ്ഞു.

തിരഞ്ഞെടുപ്പുകളുടെ സമയത്ത് ചെലവ് വര്‍ധിക്കുമെന്നത് മുന്നില്‍ കണ്ട് പണം കണ്ടെത്തുന്നതിന് സര്‍ക്കാര്‍ പല വഴികളും നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെയാണ് ആര്‍ ബി ഐയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ ആവശ്യപ്പെട്ടത്. ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ആവശ്യം നിരാകരിച്ച സാഹചര്യത്തില്‍ ആര്‍ ബി ഐ ആക്ടിലെ സെക്ഷന്‍ ഏഴിനെ ആശ്രയിച്ച് സമ്മര്‍ദം ചെലുത്താനാണ് സര്‍ക്കാര്‍ നീക്കം. ഊര്‍ജിത് പട്ടേലിനു മുന്നില്‍ ഇനി രണ്ടു വഴികള്‍ മാത്രമേയുള്ളൂ. പണം നല്‍കുക അല്ലെങ്കില്‍ രാജിവെക്കുക. ഏതു വഴി സ്വീകരിച്ചാലും അത് ആര്‍ ബി ഐയുടെ വിശ്വാസ്യതക്കും യശസ്സിനും വീണ്ടെടുക്കാന്‍ സാധ്യമല്ലാത്ത വിധം മങ്ങലേല്‍പ്പിക്കും- കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ നഗരത്തിലെത്തിയ ചിദംബരം പറഞ്ഞു.