ഛത്തീസ്ഗഢില്‍ മാവോ ആക്രമണം; ജവാനുള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Posted on: November 8, 2018 7:10 pm | Last updated: November 8, 2018 at 8:26 pm

റായ്പൂര്‍: ഛത്തീസ്ഗഢില്‍ നിയമസഭാ ഉപ തിരഞ്ഞെടുപ്പുകള്‍ ആസന്നമായിരിക്കെ സി ഐ എസ് എഫ് വാഹനത്തിനു നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ നാല് സാധാരണക്കാരും ജവാനും കൊല്ലപ്പെട്ടു. സി ഐ എസ് എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ ടി മുഖോപാധ്യായ, സിവിലിയന്മാരായ രമേശ് പഥക്, റോഷന്‍ സാഹു, സുശീല്‍ ബാനര്‍ജി എന്നിവരാണ് കൊല്ലപ്പെട്ടത്.

ബസ്തര്‍ മേഖലയിലെ ദന്തേവാദ ജില്ലയില്‍ ആകാശ് നഗര്‍ ചൗക്കിനു സമീപം ബച്ചേലിയിലെ കുന്നിന്‍ പ്രദേശത്താണ് ആക്രമണമുണ്ടായത്. ശക്തമായ ഐ ഇ ഡി സ്‌ഫോടനത്തില്‍ ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് ചിതറിത്തെറിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ക്കറ്റില്‍ നിന്ന് പലചരക്കുകള്‍ വാങ്ങി സ്വകാര്യ ബസില്‍ ക്യാമ്പിലേക്കു മടങ്ങുന്നതിനിടെയാണ് ജവാന്മാര്‍ക്കു നേരെ ആക്രമണമുണ്ടായത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷക്കായി വിന്യസിച്ചിരുന്ന സി ഐ എസ് എഫ് സംഘത്തിന് അനുവദിച്ചിരുന്ന ബസാണ് സ്്‌ഫോടനം നടത്തി തകര്‍ത്തത്.

ബി ജെ പിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ബസ്തറിലെ ഡിവിഷനല്‍ ആസ്ഥാനമായ ജഗ്ദല്‍പൂരില്‍ എത്താനിരിക്കെയാണ് മാവോയിസ്റ്റ് ആക്രമണമുണ്ടായത്. സമീപത്തെ വനത്തില്‍ തമ്പടിച്ചിട്ടുള്ള മാവോയിസ്റ്റുകള്‍ക്കായി സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. നവം: 12നാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള ബസ്തറിലും രാജ്‌നന്ദ്ഗാവിലും ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വിപുലവും ശക്തവുമായ സുരക്ഷയാണ് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.