വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Posted on: November 8, 2018 4:14 pm | Last updated: November 8, 2018 at 6:59 pm

കോഴിക്കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 505 (1) (ബി) വകുപ്പു പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പാണിത്. വിദ്വേഷം പരത്തി കലാപത്തിന് ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രസംഗമാണ് ശ്രീധരന്‍പിള്ള നടത്തിയതെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

കോഴിക്കോട് നടന്ന യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം.
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന് പിന്നില്‍ ബി ജെ പിയുടെ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. സമരം ബി ജെ പിയുടെ അജന്‍ഡയാണെന്നും നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത് തന്നോട് സംസാരിച്ച ശേഷമാണെന്ന പിള്ളയുടെ വെളിപ്പെടുത്തലിനെതിരെ ഭരണ, പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിരുന്നു.
‘തുലാമാസ പൂജക്കായി നട തുറന്ന സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്തുവരെ എത്തിയിരുന്നു. അപ്പോഴാണ് മറ്റൊരു ഫോണില്‍ നിന്ന് തന്ത്രി എന്നെ വിളിച്ച് നട അടച്ചാല്‍ കോടതിയലക്ഷ്യമാകില്ലേയെന്ന് ചോദിച്ചത്. നട അടക്കുമെന്ന നിലപാടെടുത്താല്‍ പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് മറുപടി നല്‍കി.
നമ്മള്‍ മുന്നോട്ടുവെച്ച അജന്‍ഡയില്‍ എല്ലാവരും വീണു. കൃത്യമായ ആസൂത്രണത്തോടെയുള്ള ബി ജെ പി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. കേരളത്തില്‍ ബി ജെ പിക്ക് സജീവമാകാനുള്ള സുവര്‍ണാവസരമാണിത്. പോലീസിനെ മുട്ടുകുത്തിക്കാനായത് തന്ത്രിയുടെ നട അടക്കുമെന്ന നിലപാടിലാണ്- ശ്രീധരന്‍ പിള്ള വെളിപ്പെടുത്തുന്നു.

പ്രസംഗം വലിയ വിവാദത്തിന് തിരികൊളുത്തിയതോടെ വിശദീകരണവുമായി ശ്രീധരന്‍ പിള്ള തന്നെ രംഗത്തെത്തിയിരുന്നു. നിയമോപദേശം തേടുക മാത്രമാണ് ചെയ്തതെന്നും പ്രസംഗം വളച്ചൊടിക്കുന്നത് മാധ്യമ പ്രവര്‍ത്തകരിലെ സി പി എം ഫ്രാക്ഷനാണെന്നും അദ്ദേഹം ആരോപിച്ചു. സി പി എം നേതാക്കളടക്കം മന്ത്രിമാര്‍ വരെ തന്നോട് നിയമോപദേശം തേടാറുണ്ട്. ഇവിടെയും അത് മാത്രമാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്നാന്നായിരുന്നു തന്ത്രിയുടെ പ്രതികരണം.