വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ നീക്കം ചെയ്തത് അപമാനം: എസ് വൈ എസ്

Posted on: November 7, 2018 11:08 am | Last updated: November 7, 2018 at 11:08 am
SHARE

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ സൗന്ദര്യവത്കരണ ഭാഗമായി സ്റ്റേഷന്‍ പരിസരത്ത് വരച്ച വാഗണ്‍ ട്രാജഡി ദുരന്തത്തിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്ത നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ തുടിക്കുന്ന റെയില്‍വേ സ്റ്റേഷനില്‍ ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവില്‍ യാഥാര്‍ഥ്യമായ ഈ ചിത്രങ്ങള്‍ ഒരു പറ്റം തത്പര കക്ഷികള്‍ക്ക് വേണ്ടി ഇല്ലാതാക്കിയത് ഒരു നിലക്കും അംഗീകരിക്കാനാകില്ല.

ഇതിനെതിരെ സാംസ്‌കാരിക കേരളം ഒന്നായി രംഗത്തിറങ്ങണം. നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും ചരിത്രത്തെയും തമസ്‌കരിക്കാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങള്‍ നമ്മുടെ നാട്ടിലും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്നും റെയില്‍വേ മന്ത്രാലയം പിന്തിരിയണമെന്നും വാഗണ്‍ ട്രാജഡി ചുമര്‍ ചിത്രങ്ങള്‍ പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബൂബക്കര്‍, ടി അലവി പുതുപറമ്പ്, സയ്യിദ് സീതിക്കോയ തങ്ങള്‍, എന്‍ എം സ്വാദിഖ് സഖാഫി, ഇ കെ മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി പി എം ബശീര്‍, കെ പി ജമാല്‍, കരുവള്ളി അബ്ദുര്‍ റഹീം, എ പി ബശീര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here