Connect with us

National

രാജസ്ഥാനില്‍ ബി ജെ പിക്ക് ഭീഷണി ബി ജെ പി തന്നെ

Published

|

Last Updated

ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് ഏറ്റവും കടുപ്പമേറിയത് ഏതെന്ന് ചോദിച്ചാല്‍ രാജസ്ഥാന്‍ എന്നാകും ഉത്തരം. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളും ഭരണവിരുദ്ധ വികാരവും ഒരുമിച്ച് വരുമ്പോള്‍ ബി ജെ പി ശരിക്കും വിയര്‍ക്കുകയാണ്. മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യക്കെതിരെ ഒരു സംഘം നേതാക്കള്‍ താഴേക്കിടയില്‍ വരെ പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍, ബി ജെ പി നേതാക്കള്‍ പുറത്ത് കാണിക്കുന്നത് ഉയര്‍ന്ന ആത്മവിശ്വാസമാണ്. അയ്യഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണ കക്ഷി മാറുന്ന പതിവ് ഇത്തവണയുണ്ടാകില്ലെന്നാണ് അവര്‍ തറപ്പിച്ച് പറയുന്നത്. ഈ ആത്മവിശ്വാസത്തിന് ബലമേകുന്ന ഒരു പ്രവണതയും സംസ്ഥാനത്ത് ദൃശ്യമാകുന്നില്ലെന്ന് മാത്രം. വസുന്ധരാ സര്‍ക്കാറിന്റെ അഴിമതി തുറന്ന് കാണിക്കുന്നതില്‍ കോണ്‍ഗ്രസ് ഏറെ വിജയിച്ചിട്ടുണ്ട്. ബി എസ് പിയുമായി സഖ്യത്തിനുള്ള സാധ്യത പൊളിഞ്ഞെങ്കിലും തികച്ചും തന്ത്രപരമായ കരുനീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

അടുത്ത മാസം ഏഴിനാണ് ഇവിടെ തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥി നിര്‍ണയം പാളാതിരിക്കാന്‍ ബി ജെ പിയും കോണ്‍ഗ്രസും ചെറു പാര്‍ട്ടികളും തിരക്കിട്ട കൂടിയാലോചനകളിലാണ്.
2013ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടേത് മിന്നും വിജയമായിരുന്നു. 200 സീറ്റില്‍ 163 ഉം പാര്‍ട്ടി പിടിച്ചു. 45 ശതമാനമായിരുന്നു വോട്ട് വിഹിതം. 1993 മുതല്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ബി ജെ പിയെയും കോണ്‍ഗ്രസിനെയും മാറി മാറി പരീക്ഷിക്കുകയാണ് സംസ്ഥാനത്തെ ജനങ്ങള്‍. ഈ പതിവ് 2018ല്‍ തെറ്റുമെന്നാണ് മുഖ്യമന്ത്രി വസുന്ധര എല്ലാ പൊതു യോഗങ്ങളിലും ആവര്‍ത്തിക്കുന്നത്. എന്നാല്‍, സംസ്ഥാനത്ത് ഒരു നിയമസഭാ മണ്ഡലത്തിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ വിജയം കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നതായിരുന്നു. തൊഴിലാളികള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയും കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നു.

ജാതി വോട്ടുകളുടെ കാര്യത്തിലും കോണ്‍ഗ്രസ് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ ബി ജെ പിയെ പിന്തുണച്ച രജപുത് വിഭാഗം ഇത്തവണ കോണ്‍ഗ്രസിലേക്ക് ചായും. ബി ജെ പിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗിന്റെ മകന്‍ മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഈ ഗതിമാറ്റത്തിന് ശക്തി പകരും. ഗുജ്ജാറുകളാകട്ടെ സംവരണ വിഷയത്തില്‍ ബി ജെ പി സര്‍ക്കാറുമായി ഇടഞ്ഞിരിക്കുകയാണ്.
വിമത ബി ജെ പി നേതാവ് ഘനശ്യാമ തിവാരി, ഭാരത് വാഹിനി പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രാഹ്മണ വോട്ടുകളുടെ നല്ല പങ്കും അദ്ദേഹം ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍. സ്വതന്ത്ര എം എല്‍ എ ഹനുമാന്‍ ബനിവാളുമായി ചേര്‍ന്ന് പുതിയ മുന്നണി രൂപവത്കരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ബനിവാളിന് ജാട്ട് വിഭാഗത്തില്‍ നല്ല സ്വാധീനമുണ്ട്. ഈ പുതിയ സഖ്യം കോണ്‍ഗ്രസിനും ബി ജെ പിക്കും എതിരാണെന്ന് പ്രഖ്യാപിക്കുമ്പോഴും ഫലത്തില്‍ അത് ബി ജെ പിക്കാണ് പരുക്കേല്‍പ്പിക്കുക.

അതേസമയം, ഗോത്ര വര്‍ഗ വിഭാഗമായ മീണാ സമൂഹം ബി ജെ പിയെ പിന്തുണക്കുമെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന മീണാ നേതാവ് കിരോരി ലാല്‍ മീണാ ബി ജെ പിയില്‍ തിരിച്ചെത്തുകയും രാജ്യസഭാ അംഗത്വം നേടുകയും ചെയ്തിട്ടുണ്ട്. ഇത് സമുദായാംഗങ്ങളെ സ്വാധീനിക്കുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. കോണ്‍ഗ്രസിനെ പരമ്പരാഗതമായി പിന്തുണക്കുന്ന മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തവണ ചില ആശയക്കുഴപ്പങ്ങളുണ്ടെന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. നിലവിലെ നിയമസഭയിലുള്ള രണ്ട് മുസ്‌ലിംകളും ബി ജെ പി പ്രതിനിധികളാണ്. ഇത് ഉയര്‍ത്തിക്കാട്ടിയാണ് ബി ജെ പി മുസ്‌ലിംകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ മുസ്‌ലിംകളെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിനു മേല്‍ സമ്മര്‍ദമുണ്ട്. മുസ്‌ലിംകളെ കൂടുതലായി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തന്നെയാണ് സാധ്യത. അമിത് ഷാ രാജസ്ഥാനില്‍ നടത്തിയ പൊതു പ്രസംഗങ്ങളില്‍ ഹിന്ദുത്വ ആശയ ഗതികള്‍ ശക്തമായി അവതരിപ്പിച്ചത് ബി ജെ പിക്കകത്ത് തന്നെ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.

Latest