Connect with us

National

രോഹിതിന്റെ വെടിക്കെട്ട്; ദീപാവലി ദിനത്തിൽ ഇന്ത്യക്ക് ജയം, പരമ്പര

Published

|

Last Updated

ലക്‌നൗ: രോഹിത് ബാറ്റു കൊണ്ട് വെടിക്കെട്ട് തീർത്തു, ബൗളര്‍മാര്‍ എറിഞ്ഞിട്ടു; വിൻഡീസിനെ തകർത്ത് ഇന്ത്യയുടെ ദീപാവലി ആഘോഷം.  രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 71 റണ്‍സിന്റെ വമ്പന്‍ ജയം. പരമ്പരയും സ്വന്ത്തമാക്കിയ ഇന്ത്യക്ക് ഇരട്ടി മധുരം.

നാലാം സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ 124 റണ്‍സെടുക്കാനേ ബോളർമാർ സമ്മതിച്ചുള്ളൂ. ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ടെസ്റ്റിനും, ഏകദിനത്തിനും പിന്നാലെ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

ദീപാവലി ദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റു കൊണ്ട് ആഘോഷിച്ചപ്പോള്‍ വിന്‍ഡീസ് ബൗളര്‍മാരെല്ലാം നല്ലതല്ലു വാങ്ങി. ആദ്യ മത്സരം ഇന്ത്യ അഞ്ചു വിക്കറ്റിന് വിജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച നടക്കും.

196 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. വിന്‍ഡീസ് നിരയില്‍ അഞ്ചു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 23 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍.  ഒരു ഘട്ടത്തില്‍ പോലും അവർക്ക് വിജയപ്രതീക്ഷയുണ്ടായില്ല.

ഹെറ്റ്മയര്‍ (15), ദിനേഷ് രാംദിന്‍ (10), കീമോ പോള്‍ (20), ഷായ് ഹോപ് (6), നിക്കോളാസ് പുരാന്‍ (4), പൊള്ളാര്‍ഡ് (6), ഫാബിയന്‍ അലന്‍ (0), പിയറി (1) എന്നിവരാണ് പുറത്തായ മറ്റ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍. ഒഷാനെ തോമസ് (8*), കാര്‍ലോസ് ബ്രാത്‌വയ്റ്റ് (15*) എന്നിവര്‍ പുറത്താകാതെ നിന്നു.