നിരവ് മോദിയുടെ ദുബൈയിലെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Posted on: November 6, 2018 8:25 pm | Last updated: November 7, 2018 at 9:56 am

ന്യൂഡല്‍ഹി: സഹസ്ര കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന വജ്രവ്യാപാരി നിരവ് മോദിയുടെ ദുബൈയിലെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 56 കോടി രൂപ വിലമതിക്കുന്ന 11 സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. നിരവ് മോദിയുടെയും അദ്ദേഹത്തിന്റെ കമ്പനിയുടെയും പേരിലുള്ളതാണ് സ്വത്തുവകകള്‍ എന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. മുംബെെ കോടതിയുടെ ഉത്തരവ് ലഭിക്കുന്നതോടെ ഇതിൻെറ നടപിക്രമങ്ങൾ പൂർത്തിയാക്കും.

കഴിഞ്ഞ മാസം നിരവ് മോദിയുടെ ന്യൂയോര്‍ക്കിലുള്ള 637 കോടി രൂപയുടെ സ്വത്തു വകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കിലെ രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ത്യയിലുള്ള അദ്ദേഹത്തീന്റെ 700 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിട്ടുണ്ട്.

നിരവ് മോദിയും അമ്മാവന്‍ മേഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.